ബ്രിട്ടീഷ് രാജുകുടുംബത്തെ ഞെട്ടിച്ച സംഭവമായിരുന്നു രാജകീയ ചുമതലകളില്‍ നിന്നും പിന്മാറാനുള്ള ഹാരി രാജകുമാരന്റേയും ഭാര്യ മേഗന്റേയും തീരുമാനം. സംഭവം അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. ഇവരുടെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമൊക്കെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇതിനിടെ ഇന്ത്യന്‍ ട്വിറ്ററുകള്‍ വളരെ രസകരമായ റഫറന്‍സാണ് സംഭവത്തില്‍ നിന്നും കണ്ടെത്തിയത്.
ഹാരിയുടേയും മേഗന്റേയും തീരുമാനത്തെ കരണ്‍ ജോഹര്‍ ചിത്രമായ കഭി ഖുഷി കഭി ഖമ്മിലെ സന്ദര്ഭവുമായാണ് സോഷ്യല്‍ മീഡിയ താരതമ്യം ചെയ്യുന്നത്. ചിത്രത്തില്‍ കുടുംബം വിട്ടിറങ്ങാന്‍ തീരുമാനിക്കുന്ന രാഹുലിനോടും അഞ്ജലിയോടുമാണ് ഹാരിയേയും മേഗനേയും സോഷ്യല്‍ മീഡിയ താരതമ്യം ചെയ്യുന്നത്. ഷാരൂഖ് ഖാനായിരുന്നു രാഹുല്‍ ആയി എത്തിയത്. രാഹുലിന്റെ പങ്കാളി അഞ്ജലിയായി കാജോളും എത്തി.
തന്റെ പ്രിയപ്പെട്ടവള്‍ക്കൊപ്പം ജീവിക്കാനായി കുടുംബത്തേയും കുടുംബ സ്വത്തുമെല്ലാം ഉപേക്ഷിച്ച് വീടുവിട്ടിറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു ചിത്രത്തില്‍ രാഹുല്‍. ഈ സന്ദര്ഭവുമായാണ് സോഷ്യല്‍ മീഡിയ ഹാരി-മേഗന് എക്സിറ്റിനെ താരതമ്യം ചെയ്യുന്നത്. രണ്ട് സന്ദര്‍ഭങ്ങളും ചേര്‍ത്തു വച്ച് നിരവധി ട്രോളുകളും ട്വീറ്റുകളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.
രാജകീയ ചുമതലകളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനുള്ള ഹാരി രാജകുമാരന്റേയും ഭാര്യ മേഗന് മാര്‍ക്കിളിന്റേയും തീരുമാനം ബ്രിട്ടീഷ് രാജകുടുംബത്തെ ഞെട്ടിച്ചതായിരുന്നു. ജ്യേഷ്ഠന് വില്യം രാജകുമാരനുമായുള്ള അകല്‍ച്ചയാണ് തീരുമാനത്തിലേക്ക് നയിച്ചിരിക്കുന്നത്. സാമ്പത്തിക സ്വാതന്ത്ര്യം നേടണമെന്നും ഇനി ബ്രിട്ടനിലും യുഎസിലുമായി സ്വകാര്യ ജീവിതം നയിക്കണമെന്നാണ് ആഗ്രഹമെന്നും ഹാരി പറഞ്ഞു.
Post Your Comments