കേരളം ഇന്ന് ഏറ്റവും അധികം ചേര്‍ച്ച ചെയ്യന്ന ഒരു വിഷയമാണ് മരടിലെ ഫ്ലാറ്റ് പൊളിക്കല്‍. ചാനലുകളില്‍ തത്സമയം സംപ്രേക്ഷണം ചെയ്ത ഫ്ലാറ്റ് പൊളിക്കല്‍ സിനിമയാകുന്നു. മരട് വിഷയം പ്രമേയമാക്കി കണ്ണന് താമരക്കുളം മരട് 357 എന്ന സിനിമ സംവിധാനം ചെയ്യുമ്ബോള്‍ സംവിധായകന് ബ്ലെസി ഡോക്യുമെന്ററി ഒരുക്കുകയാണ്. ഇന്നലെ പൊളിച്ച എച്ച്.ടു.ഒ ഹോളി ഫെയ്ത്തിലെ താമസക്കാരനായിരുന്നു ബ്ലെസി. ഇതേ ഫ്ലാറ്റിലെ ആദ്യ താമസക്കാരനായിരുന്ന സംവിധായകന് മേജര്‍ രവി ഈ സംഭവത്തിലെ യഥാര്‍ത്ഥ കുറ്റവാളികളെ തുറന്നു കാട്ടുന്ന സിനിമയുമായി ഉടനെത്തും എന്ന് അറിയിച്ചു കഴിഞ്ഞു.
4 അപ്പാര്‍ട്മെന്റുകളിലെ 357 കുടുംബങ്ങളെ ഒഴിപ്പിച്ചുള്ള പൊളിക്കലിന്റെ കഥ പറയുന്ന ‘മരട് 357’ എന്ന സിനിമയ്ക്കായി പൊളിക്കലിന്റെ ഒരുക്കങ്ങള്‍ ഫ്ലാറ്റുകള്ക്കുള്ളില് നിന്നു ഷൂട്ട് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചെന്നു കണ്ണന് താമരക്കുളം പറഞ്ഞു. ഒടുവില്‍ ഫ്ലാറ്റിനു പുറത്തു നിന്നു ഷൂട്ട് ചെയ്യുകയായിരുന്നു . ദിനേശ് പള്ളത്ത് തിരക്കഥയൊരുക്കുന്ന സിനിമ മാര്‍ച്ചില്‍ റിലീസ് ചെയ്യാനാണ് പ്ലാന്‍.
എച്ച്2ഒയിലെ 11-ാം നിലയിലെ താമസക്കാരനായിരുന്ന ബ്ലെസി മരടിലെ വാടക വീട്ടിലാണിപ്പോള്‍. ഫ്ലാറ്റ് പൊളിക്കലിന്റെ നേരനുഭവം ഡോക്യുമെന്ററിയാക്കുന്ന ബ്ലെസി നേരത്തെ തന്നെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇന്നലെ പൊളിക്കലും ഷൂട്ട് ചെയ്തു.
‘ഈ സംഭവത്തിലെ യഥാര്‍ഥ കുറ്റവാളികളാരെന്നു വെളിച്ചത്തുകൊണ്ടു വരുന്നതാവും എന്റെ സിനിമ. ഈ അപ്പാര്‍ട്മെന്റിലെ ജീവിതം എന്തെന്നും സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് ഇവിടുള്ളവര്‍ അനുഭവിച്ച മാനസികാവാസ്ഥയെന്നും നേരിട്ട് അനുഭവിച്ചയാളാണു ഞാന്‍. ആ വൈകാരികതയെല്ലാമുള്ള സിനിമയാകും. ‘- മേജര്‍ രവി പറഞ്ഞു.
എച്ച്2ഒയില്‍ നടന് സൗബിന് ഷാഹിര്‍ 15-ാം നിലയിലെ താമസക്കാരനായിരുന്നു. 16-ാം നിലയില്‍ ക്യാമറാമാന് ജോമോന് ടി.ജോണിനും 17-ാം നിലയില്‍ സംവിധായകന് അമല്‍ നീരദിനും അപ്പാര്‍ട്മെന്റ് ഉണ്ടായിരുന്നു.
Post Your Comments