CinemaGeneralLatest NewsMollywoodNEWS

ബിഗ്ബോസിൽ സാൻഡ്രയോട് ‘പ്രണയം പറഞ്ഞ്’ മസിലളിയൻ ; പേർളിഷ് റീലോഡഡ് എന്ന് ആരാധകർ

ഒടുവിൽ എലീനയും ഫുക്രുവും ചേർന്ന് പ്രണയജോഡികൾക്കായി കാൻഡിൽ ലൈറ്റ് ഡിന്നർ ഒരുക്കുന്നത് വരെയെത്തി കാര്യങ്ങൾ

ബിഗ്ബോസ് സീസൺ 2 പ്രഖ്യാപിച്ചപ്പോൾ മുതൽ തുടങ്ങിയതാണ് ആദ്യ സീസണിലേതുപോലെ ഒരു പ്രണയജോഡി ഇക്കുറി ഉണ്ടാകുമോ എന്ന സംശയം. പേർളിഷിന് പകരമായി ആരായിരിക്കും ഇത്തവണ ബിഗ് ബോസ് വീട്ടിൽ പ്രണയം നിറയ്ക്കുന്നത് എന്നോർത്താണ് ആരാധകർ തലപുകഞ്ഞത്. മത്സരാർത്ഥികളെ പരിചയപ്പെടുത്തിയ ദിവസം തന്നെ ലവ് സ്റ്റോറിയിലെ നായകനെ പ്രേക്ഷകർ തന്നെ തിരഞ്ഞെടുത്തു. ബിഗ് ബോസ് വീട്ടിൽ ഇതിനോടകം മസിലളിയൻ എന്ന് പ്രേക്ഷകർ ഇഷ്ടത്തോടെ വിളിക്കുന്ന സുജോ തന്നെയാണ് പ്രണയനായകൻ.

പിന്നെ നായികയ്ക്കായുള്ള അന്വേഷണമാണ്. ആദ്യ ദിവസങ്ങളിൽ തന്നെ അലക്സാൻഡ്രയെ സുജോയുടെ പ്രണയപങ്കാളിയായി ആരാധകർ തിരഞ്ഞെടുത്തിരുന്നു. ഇരുവരെയും ചേർത്ത് ബിഗ് ബോസ് വീട്ടിലും ചെറിയ ഗോസിപ്പുകൾ പരന്നു. ഇതിനെല്ലാം ബലമേകികൊണ്ടാണ് സുജോ സാൻഡ്രയെ പ്രപ്പോസ് ചെയ്യുന്ന പ്രമോ ഇന്നലെ പുറത്തുവന്നത്. ഇതുപക്ഷെ ബിഗ് ബോസ് നൽകിയ ടാസ്ക് ആണെന്നായിരുന്നു പ്രേക്ഷകരുടെ നിഗമനം. പൂർണ്ണമായും ശരിയായില്ലെങ്കിലും പ്രേക്ഷകരുടെ കണക്കൂകൂട്ടലുകൾ തെറ്റിയില്ല. ടാസ്ക് തന്നെയായിരുന്നു സംഭവം. പക്ഷെ പണികൊടുത്തത് സഹമത്സരാർത്ഥികളായിരുന്നു എന്നുമാത്രം.

എന്തായാലും കളിയുടെ ഭാഗമായിട്ടാണെങ്കിലും സുജോ സാൻഡ്രയോട് പ്രണയം തുറന്നുപറഞ്ഞു. സാൻഡ്ര തന്റെ പ്രണയം സ്വീകരിച്ചാൽ ആരും നൽകാത്ത ഒരു സമ്മാനം നൽകുമെന്നായിരുന്നു സുജോയുടെ വാഗ്ദാനം. എയർഹോസ്റ്റസായ സാൻഡ്രയ്ക്കുവേണ്ടി ഒരു വിമാനം തന്നെ നൽകുമെന്ന് മുട്ടിൽ നിന്നുകൊണ്ട് സുജോ പറഞ്ഞു. ഒടുവിൽ ഒരു മുന്നറിയിപ്പും, ‘തന്റെ പ്രണയം നിരസിച്ച് തങ്ങളുടെ ലൈഫ് ക്രാഷ് ലാൻഡ് ചെയ്യിക്കരുത്’ എന്നായിരുന്നു അത്.

എന്നാൽ കളിയായി തുടങ്ങിയ പ്രണയം പറച്ചിൽ എവിടെയൊക്കെയോ സീരിയസായി തുടങ്ങിയയെന്നു പറഞ്ഞാലും തെറ്റില്ല. കാരണം ബിഗ് ബോസ് വീടിനകത്തും പുറത്തുമുള്ളവർക്ക് ഒരുപോലെ തോന്നിയ ഒന്നാണ് സാൻഡ്രയ്ക്ക് സുജോയോടുള്ള ക്രഷ്. ഒടുവിൽ എലീനയും ഫുക്രുവും ചേർന്ന് പ്രണയജോഡികൾക്കായി കാൻഡിൽ ലൈറ്റ് ഡിന്നർ ഒരുക്കുന്നത് വരെയെത്തി കാര്യങ്ങൾ. കൂടുതൽ പ്രണയ അപ്ഡേറ്റുകൾക്കായി വരുന്ന എപ്പിസോഡുകൾക്കായി കാത്തിരിക്കുകയാണ് ‘സുജാൻഡ്ര ഫാൻസ്’.

shortlink

Related Articles

Post Your Comments


Back to top button