സിനിമയിലെ കഥാപാത്രങ്ങളെ പോലെ തന്നെയാണ് അനുശ്രീ എന്ന നടി വ്യക്തി ജീവിതത്തിലും .ആഘോഷങ്ങളും ബഹളങ്ങളൊക്കെയുമായി തന്റെ വ്യക്തി ജീവിതം മനോഹരമാക്കുന്ന അനുശ്രീ സഹോദരന്റെ കല്യാണ പാർട്ടി ആഘോഷമാക്കിയതും സഹോദരന് ബർത്ത് ഡേ സർപ്രൈസ് ഒരുക്കിയതുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.തന്റെ ഈ സ്വഭാവ രീതിയെക്കുറിച്ച് ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ തുറന്നു സംസാരിക്കുകയാണ് താരം.
‘ചെറിയ സംഭവങ്ങൾ പോലും ആഘോഷമാക്കാൻ ഇഷ്ടമാണ്. ഒരു ബർത്ത് ഡേ ആണെങ്കിലും ഒറ്റയ്ക്ക് സെലിബ്രേറ്റ് ചെയ്യാതെ ഇഷ്ടപ്പെടുന്നവരൊടൊപ്പം അടിച്ചു പൊളിക്കാൻ കഴിഞ്ഞാൽ സന്തോഷമാണ്. എന്റേത് മാത്രമായ ലോകത്ത് ഒതുങ്ങാൻ ഇഷ്ടമല്ല. ഞാനൊരു നാട്ടിൻ പുറത്തുകാരിയാണ്. ചുറ്റുള്ളവരോട് ഇടപഴകിയാണ് ജീവിച്ചിട്ടുള്ളത്. അതിൽ ഇനി മാറ്റം വരുത്താൻ പറ്റില്ല. ഒരു വീടിനുള്ളിൽ എന്റെ കാര്യം മാത്രം നോക്കി ജീവിക്കാൻ പറ്റുന്ന ഒരു ജീവിയല്ല ഞാൻ. എന്നെ സ്നേഹിക്കുന്ന ആളുകൾ എപ്പോഴും ചുറ്റിലും വേണം. അണ്ണന്റെ കല്യാണം അന്ന് എനിക്ക് കഴിയുന്നതിൽ വച്ച് ഏറ്റവും വലിയ ആഘോഷമാക്കി മാറ്റി. അത് പോലെ ചുറ്റുമുള്ള ആളുകളൊടൊപ്പം അടിച്ചു പൊളിച്ചു നിൽക്കാൻ ശ്രമിക്കാറുണ്ട്. ചിരിക്കാനും സന്തോഷിക്കാനും കഴിയുന്നത് ഏറ്റവും വലിയ കാര്യമാണ്. നമുക്ക് ഈ ലോകത്ത് എത്ര കാലമുണ്ടെന്നു പറയാനാവില്ല. കഴിയുന്നതും സ്നേഹത്തോടെയും സന്തോഷത്തോടെയും ചിരിച്ചു കൊണ്ടിരിക്കാന് കഴിയണം എന്ന് മാത്രമേയുള്ളൂ’.
Post Your Comments