സിനിമ താരം ഷെയ്ൻ നിഗത്തിന് നിര്‍മ്മാതാക്കളുടെ സംഘടന ഏർപ്പെടുത്തിയ വിലക്ക് നീങ്ങുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂർത്തിയാക്കാൻ തയ്യാറാണെന്ന് നടൻ അറിയിച്ചതായും പെൻഡിങ്ങിലിരിക്കുന്ന വെയിൽ, ഖുര്‍ബാനി എന്നീ രണ്ട് ചിത്രങ്ങൾ പൂര്‍ത്തിയാക്കാൻ ധാരണയായതായും താരസംഘടനാ ഭാരവാഹികൾ വ്യക്തമാക്കി. അഭിനേതാക്കളുടെ സംഘടനയായ ‘എഎംഎംഎ’യുടെ ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് ഈ വിഷയത്തിൽ തീരുമാനമായിരിക്കുന്നത്.
വെയിൽ, ഖുർബാനി സിനിമകളുടെ ചിത്രീകരണം പൂർത്തിയാക്കാൻ നടൻ തയ്യാറാണെന്ന് വ്യക്തമാക്കിയത് അമ്മ ഭാരവാഹികൾ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അറിയിക്കും. പ്രശ്നങ്ങളെല്ലാം തീർന്നുവെന്നും തുടര്‍ച്ചര്‍ച്ചകൾ ഉണ്ടാകുമെന്നും അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിനു ശേഷം മോഹൻലാൽ മാധ്യമങ്ങളെ അറിയിച്ചിരുന്നു. എഎംഎംഎ സംഘടന പറയുന്ന രീതിയിൽ തന്നെ ഷെയ്ൻ മുന്നോട്ട് പോകാമെന്ന് അറിയിച്ചെന്ന് മോഹൻലാൽ വ്യക്തമാക്കി.
ചർച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ മോഹൻലാൽ തുടക്കത്തിൽ മാധ്യമങ്ങൾക്ക് മുഖം നൽകാതെ പോകാനൊരുങ്ങുകയായിരുന്നു. താരത്തോട് ചോദിച്ച ചോദ്യങ്ങൾക്ക് ആദ്യം മറുപടി പറഞ്ഞത് നടൻ ബാബുരാജായിരുന്നു. എന്നാൽ മാധ്യമങ്ങളുടെ നിരന്തരമുള്ള ചോദ്യങ്ങളോട് പ്രതികരിക്കാതെ വയ്യ എന്ന അവസ്ഥ എത്തിയപ്പോഴാണ് മോഹൻലാൽ ഇക്കാര്യത്തിലെ യോഗതീരുമാനം വെളിപ്പെടുത്തിയത്.
പ്രശ്നങ്ങളെല്ലാം തീര്‍ന്നെന്ന് ബാബുരാജും വ്യക്തമാക്കി. എല്ലാം സംഘടന ഏറ്റെടുത്തിട്ടുണ്ടെന്നും ഈ കാര്യങ്ങൾ മോഹൻലാലിൻ്റെ നേതൃത്വത്തിൽ നിര്‍മ്മാതാക്കളുടെ സംഘടനയുമായി സംസാരിക്കുമെന്നും ബാബുരാജ് പറഞ്ഞു.
Post Your Comments