താരങ്ങളുടെ ജീവിതം അറിയാന്‍ ആരാധകര്‍ക്ക് ഏറെ കൌതുകമാണ്. ബോളിവുഡിലെ മാതൃകാ ദമ്പതികളാണ് കജോളും അജയ് ദേവ്ഗണും. ഇരുതാരങ്ങളുടെയും പ്രണയകഥ ഒട്ടേറെ തവണ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോഴിതാ വീണ്ടും സമൂഹമാധ്യമത്തില്‍ ചര്ച്ചയകുകയാണ്. ഹ്യൂമന്‍സ് ഓഫ് ബോംബെ പേജിലൂടെ കജോള്‍ തന്നെ വിവരിക്കുന്ന രീതിയിലാണ് പ്രണയവും വിവാഹവും അബോര്‍ഷന്‍ കാര്യമൊക്കെ കടന്നുവരുന്നത്. രണ്ടു കുഞ്ഞങ്ങളുടെ നഷ്ടം തങ്ങളെ തകര്‍ത്തുവെന്ന് താരം തുറന്നു പറയുന്നു.
കജോള്‍ പങ്കുവച്ച കുറിപ്പിലെ വാക്കുകള്‍ ഇങ്ങനെ…
”25 വര്‍ഷങ്ങള്‍ക്കു മുമ്ബ് ഹല്‍ചലിന്റെ സെറ്റില്‍ വച്ചാണ് ഞങ്ങള്‍ കണ്ടുമുട്ടുന്നത്. ഗാഗ്രാ ചോളിയൊക്കെ ധരിച്ച് വന്ന ഞാന്‍ എന്റെ ഹീറോ എവിടെ എന്നു ചോദിച്ചു. ആരോ എനിക്ക് ഒരു മൂലയില്‍ ശാന്തനായിരിക്കുന്ന അജയ്‌യെ കാണിച്ചു. ഞങ്ങള്‍ പതിയെ സംസാരിച്ചു തുടങ്ങി സുഹൃത്തുക്കളായി മാറി. എന്റെ അന്നത്തെ കാമുകനെക്കുറിച്ച് ഞാന്‍ അജയ്‌യോട് കുറേ പറഞ്ഞിരുന്നു, ആ ബന്ധം ബ്രേക്കപ്പാവുകയും ചെയ്തു.
ഞാനും അജയ്‌യും പരസ്പരം പ്രൊപ്പോസ് ചെയ്തിരുന്നില്ല. പതിയെ ഞങ്ങളാണ് ഒരുമിക്കേണ്ടതെന്ന് തിരിച്ചറിഞ്ഞു. ഞങ്ങള്‍ ഡിന്നറുകള്‍ക്കും ഡ്രൈവുകള്‍ക്കും പോയി. അദ്ദേഹം ജുഹുവിലും ഞാന്‍ സൗത്ത്ബോംബെയിലും ആയതിനാല്‍ പ്രണയകാലത്തിലേറെയും സമയം കാറിനുള്ളിലാകും.
നാലുവര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹിതരാകാന്‍ തീരുമാനിക്കുന്നത്. അദ്ദേഹത്തിന്റെ വീട്ടുകാര്‍ക്ക് സമ്മതമായിരുന്നെങ്കിലും ഇതിന്റെ പേരില്‍ എന്റെ അച്ഛന്‍ നാലുദിവസത്തോളം മിണ്ടാതിരുന്നു. അദ്ദേഹത്തിന് ഞാന്‍ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കണംഎന്നായിരുന്നു, പക്ഷേ എന്റെ നിലപാടില്‍ മാറ്റമുണ്ടായിരുന്നില്ല.
കുടുംബങ്ങളുടെ സാന്നിധ്യത്തില്‍ വീട്ടില്‍വച്ചാണ് ഞങ്ങളുടെ വിവാഹം നടന്നത്. മാധ്യമങ്ങള്‍ക്കു പോലും തെറ്റായ വേദിയാണ് ഞങ്ങള്‍ നല്‍കിയിരുന്നത്, കാരണം ആ ദിവസം ഞങ്ങളുടേതു മാത്രമാകണമായിരുന്നു. പഞ്ചാബി- മറാത്തി ആചാരപ്രകാരങ്ങളിലാണ് ഞങ്ങള്‍ വിവാഹിതരായത്, ചുരുക്കിപ്പറഞ്ഞാല്‍ ഞങ്ങള്‍ രണ്ട് തവണ വിവാഹിതരായി. അതിനിടെ ഒരു രസകരമായ സംഭവമുണ്ടായി, പണ്ഡിറ്റിനോട് അജയ് ചടങ്ങുകള്‍ വേഗം തീര്‍ക്കൂ എന്ന് പറയുകയും അതിന് പണംവരെ കൊടുക്കുകയുമുണ്ടായി.
കല്ല്യാണം കഴിക്കുമ്ബോഴുള്ള എന്റെ പ്രധാന ആവശ്യം ഒരു നീണ്ട ഹണിമൂണ്‍ യാത്ര വേണമെന്നതായിരുന്നു. സിഡ്‌നി, ഹവായ്, ലോസ്‌ഏഞ്ചല്‍സ്, റോം തുടങ്ങിയ രാജ്യങ്ങളിലൊക്കെ ഞങ്ങള്‍ കറങ്ങി, പക്ഷേ റോമില്‍ നിന്ന് ഈജിപ്തിലേക്കു പോകും മുമ്ബ് അജയ്ക്കു വയ്യാതായി. എനിക്കു സുഖമില്ല, നമുക്ക് അടുത്ത ഫ്‌ളൈറ്റിനു തന്നെ നാട്ടിലേക്കു പോകാം എന്ന് അജയ് പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു.
കാലം പോകുന്നതിനിടെ ഞങ്ങള്‍ കുട്ടികളെക്കുറിച്ചു ചിന്തിച്ചു തുടങ്ങി. കഭി ഖുഷി കഭി ഗം ചെയ്യുന്ന സമയത്ത് ഞാന്‍ ഗര്‍ഭിണിയായിരുന്നു, പക്ഷേ അത് അബോര്‍ഷനായി. സിനിമ നന്നായി പോയെങ്കിലും എനിക്ക് സന്തോഷമുള്ള സമയമായിരുന്നില്ല. രണ്ടാമത് ഗര്‍ഭിണിയായെങ്കിലും അതും അബോര്‍ഷനായി, അതോടെ ഞങ്ങള്‍ രണ്ടുപേരും തകര്‍ന്നു. പക്ഷേ പതിയെ എല്ലാം ശരിയായി. ഞങ്ങള്‍ക്ക് രണ്ട് കുട്ടികള്‍ പിറന്നു, നൈസയും യുഗും. അങ്ങനെ ഞങ്ങളുടെ കുടുംബം പൂര്‍ണമായി. ഞങ്ങള്‍ ഒരുപാട് റൊമാന്റിക് ദമ്ബതികളൊന്നുമല്ല, പക്ഷേ പരസ്പരം എപ്പോഴും കരുതല്‍ നല്‍കും. ”
കടപ്പാട്: ഹ്യൂമന്‍സ് ഓഫ് ബോംബെ ഫേസ്ബുക്ക്
Post Your Comments