ശബ്ദം കൊണ്ട് യേശുദാസ് എന്ന പ്രതിഭ കീഴടക്കിയത് ഇന്ത്യയൊട്ടാകെയുള്ള ഒരുകൂട്ടം ഗാനസ്വാദകരെയാണ്, മലയാളത്തിന്റെ ഗാനഗന്ധര്വന് എണ്‍പതിലേക്ക് നടന്നു കയറുമ്പോള്‍ ആ ശിക്ഷണത്തിന്റെ മനോഹര നിമിഷങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് ഗായിക സുജാത.
‘സമര്‍പ്പണം എന്ന വാക്കിന്റെ പര്യായമാണ് എനിക്ക് ദാസേട്ടന്. സംഗീതത്തോടുള്ള പൂര്‍ണ്ണ സമര്‍പ്പണം. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കണ്ട അതേ കണിശതയോടെയും സമര്‍പ്പണത്തോടെയും എണ്‍പതാം വയസ്സിലെത്തിയിട്ടും അദ്ദേഹം സംഗീതത്തെ ഉപാസിക്കുന്നു. ഞാന്‍ ഇത്ര കാലം സംഗീത രംഗത്ത് നിലനിന്നത്, തേടി വന്ന നേട്ടങ്ങള്‍ എന്നിവയ്ക്കെല്ലാം പിന്നില്‍ ദാസേട്ടനില്‍ നിന്ന് പഠിച്ച കര്‍ശനമായ ചിട്ടയും അച്ചടക്കവുമുണ്ട്. പൊടിയടിക്കുന്നത്, മഞ്ഞു കൊള്ളുന്നത്, പുളിപ്പും എരിവും കഴിക്കുന്നത്, തൈരും ഐസ്ക്രീമും രുചിക്കുന്നത് എല്ലാം ശബ്ദത്തെ ബാധിക്കുമെന്ന് അദ്ദേഹം നിരന്തരം ഓര്‍മ്മിപിച്ചു. അത് പാലിക്കുന്നുവെന്ന് ഉറപ്പാക്കി ഭക്ഷണം നമ്മുടെ തൊണ്ടയുടെ ഇന്ധനമാണെന്നും അത് ശരിയായിരിക്കണമെന്നും എപ്പോഴും പറയും.
മോളേ പാട്ട് എങ്ങനെ പോകുന്നുവെന്നാണ് ഫോണ്‍ വിളിച്ചാല്‍ ആദ്യ ചോദ്യം. ദാസേട്ടന് അന്നും ഇന്നും സംഗീതത്തിനാണ് പ്രഥമ പരിഗണന. വീട്ടില്‍ ചെന്നാല്‍ സംഗീതത്തെക്കുറിച്ചുള്ള പുസ്തക കൂമ്പാരത്തിനു മുന്നില്‍ ഇരിക്കുന്നത് കാണാം. പുതിയ അന്വേഷണങ്ങള്‍, പരീക്ഷണങ്ങള്‍, എനിക്ക് ഇതുവരെ ഇത്രയല്ലേ പറ്റിയുള്ളൂ, ഇനിയും എത്ര പഠിക്കാനിരിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം കണ്ടപ്പോഴും പറഞ്ഞു. അദ്ദേഹം ശ്വസിക്കുന്നത് പോലും സംഗീതമാണെന്ന് തോന്നും’. ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ഗായിക സുജാത യേശുദാസിന്റെ എണ്‍പതാം പിറന്നാളിനോട് അനുബന്ധിച്ച് അദ്ദേഹം നല്കുന്ന ശിക്ഷണത്തെക്കുറിച്ച് പറഞ്ഞത്.
Post Your Comments