GeneralLatest NewsMollywoodNEWS

ഇന്ദ്രന്‍സ് തുന്നിയ കുപ്പായം പുതച്ച് മകള്‍ അന്ത്യവിശ്രമം കൊള്ളുന്നു: കോടീശ്വരനില്‍ കണ്ണ് നിറഞ്ഞു സുരേഷ് ഗോപി

ആ സിനിമയില്‍ ഞാന്‍ മഞ്ഞ ഷര്‍ട്ട് ഇട്ടു അഭിനയിക്കുന്ന ഒരു രംഗമുണ്ട്

‘നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ ‘എന്ന പ്രോഗ്രാം സമ്പത്തിന്റെ ഗെയിം മാത്രമല്ല, ചിലപ്പോഴൊക്കെ വൈകാരികതയുടെ തലങ്ങളിലേക്കും സുരേഷ് ഗോപി അവതാരകനായി എത്തുന്ന ‘കോടീശ്വരന്‍’ വഴിമാറാറുണ്ട്. അങ്ങനെയൊരു അനുഭവമാണ് ബാലന്‍ എന്ന മത്സരാര്‍ത്ഥിയോട് സുരേഷ് ഗോപി പങ്കുവെച്ചത്. കാര്‍ അപകടത്തില്‍ തനിക്ക് നഷ്ടപ്പെട്ട മകളുടെ അന്ത്യ നിമിഷത്തെക്കുറിച്ചുള്ള കണ്ണ് നിറയ്ക്കുന്ന അനുഭവമാണ് ഷോയ്ക്കിടെ സുരേഷ് ഗോപി പങ്കുവെച്ചത്.

‘1992-ല്‍ ഒരു സിനിമയുടെ ചിത്രീകരണം നടക്കുന്നു. ഞാനും മമ്മുക്കയുമൊക്കെ അഭിനയിച്ച സിനിമയാണ്. എനിക്ക് മഞ്ഞ എന്ന നിറത്തോടു വല്ലാത്ത ഇഷ്ടമാണ്. അത് കൊണ്ട് തന്നെ മമ്മുക്ക എന്നെ ‘മഞ്ഞന്‍’ എന്നാണ് വിളിച്ചിരുന്നത്. ആ സിനിമയില്‍ ഞാന്‍ മഞ്ഞ ഷര്‍ട്ട് ഇട്ടു അഭിനയിക്കുന്ന ഒരു രംഗമുണ്ട്. അതിന്റെ വസ്ത്രാലങ്കാരം ചെയ്തത് നടന്‍ ഇന്ദ്രന്‍സായിരുന്നു. സിനിമയുടെ ചിത്രീകരണം കഴിയുമ്പോള്‍ ആ മഞ്ഞ ഷര്‍ട്ട് എനിക്ക് തരണമെന്ന് ഞാന്‍ ഇന്ദ്രന്‍സിനോട് പറഞ്ഞിരുന്നു. സിനിമയുടെ ചിത്രീകരണം അവസാനിച്ചപ്പോള്‍ ഇന്ദ്രന്‍സ് ഭദ്രമായി മടക്കി ആ മഞ്ഞ ഷര്‍ട്ട് എനിക്ക് സമ്മാനിച്ചു. എന്‍റെ മകള്‍ കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ ഞാന്‍ അണിഞ്ഞിരുന്നത് ഇന്ദ്രന്‍സ് നല്‍കിയ ആ മഞ്ഞ ഷര്‍ട്ട് ആയിരുന്നു. ഹോസ്പിറ്റലില്‍ എന്‍റെ മകളുടെ അടുത്തു നില്‍ക്കുമ്പോഴൊക്കെ വിയര്‍പ്പ് നിറഞ്ഞ ആ ഷര്‍ട്ട് ആയിരുന്നു എന്റെ വേഷം. ഒടുവില്‍ അവളെ എനിക്ക് നഷ്ടപ്പെട്ടു. അടക്കം ചെയ്യുമ്പോള്‍ ഇന്ദ്രന്‍സ് തുന്നിയ ആ മഞ്ഞ ഷര്‍ട്ട് അവളെ പുതപ്പിച്ചാണ് കുഴിമാടത്തില്‍ കിടത്തിയത്. ഇന്ദ്രന്‍സ് തുന്നിയ എന്‍റെ ഇഷ്ട നിറമുള്ള ഷര്‍ട്ടിന്‍റെ ചൂടേറ്റാണ് എന്‍റെ മകള്‍ അന്ത്യ വിശ്രമം കൊള്ളുന്നത്’. ഏറെ ഇമോഷണലായി സുരേഷ് ഗോപി പറഞ്ഞു നിര്‍ത്തുന്നു.

shortlink

Related Articles

Post Your Comments


Back to top button