പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണ തേടി ബിജെപി മിസ്ഡ് കോള്‍ ക്യാംപെയിന്‍ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ക്യാംപെയിന് എതിരെ രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. ഒരിക്കലും ഒരു മിസ്ഡ് കോള്‍ ക്യാംപെയിനെ വിശ്വസിക്കരുതെന്ന് സ്വര ട്വിറ്ററില്‍ കുറിച്ചു. ട്വീറ്റിനൊപ്പം പരാജയം എന്നൊരു ഹാഷ്ടാഗും സ്വര നല്‍കിയിട്ടുണ്ട്. ചില ട്വീറ്റുകളുടെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് സ്വര ഭാസ്‌കറിന്റെ ട്വീറ്റ്.
കഴിഞ്ഞ ദിവസമാണ് പൗരത്വ നിയമത്തിന് പൊതുജനങ്ങളുടെ പിന്തുണ തേടി ബിജെപി മിസ്ഡ് കോള്‍ ക്യാംപെയിന് തുടക്കം കുറിക്കുന്നത്. ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെ ബിജെപി നേതാക്കളെല്ലാം ഒരു ഫോണ്‍ നമ്പര്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിന് താങ്കളുടെ പിന്തുണ നല്‍കാന്‍ ഈ നമ്പരിലേക്ക് മിസ്ഡ് കോള്‍ ചെയ്യാനായിരുന്നു ആഹ്വാനം. ഹിന്ദിയിലും ഇംഗ്ലീഷിലുമായി നേതാക്കള്‍ ഈ വിവരം ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ പൗരത്വ നിയമത്തെക്കുറിച്ച് എവിടെയും പരാമര്‍ശിക്കാതെയാണ് ബിജെപി നേതാക്കള്‍ ഫോണ്‍ നമ്പര്‍ പ്രചരിപ്പിച്ചത്.
സ്ത്രീകളുടെ പേരിലുള്ള പല അക്കൗണ്ടുകള്‍ വഴിയും ‘മിസ്ഡ് കോള്‍ അടിച്ചാല്‍ തിരിച്ചുവിളിക്കാം’ എന്ന തരത്തില്‍ ഫോണ്‍ നമ്പര്‍ പങ്കുവെക്കപ്പെട്ടിരുന്നു. നെറ്റ്ഫ്ലിക്സ് കണക്ഷന്‍ ആറ് മാസത്തേക്ക് സൗജന്യമായി ലഭിക്കാന്‍’ പ്രസ്തുത നമ്പരിലേക്ക് മിസ്ഡ് കോള്‍ ചെയ്താല്‍ സാധിക്കും എന്നിങ്ങനെ ആ നമ്പര്‍ പങ്കുവെച്ച് പല ട്വീറ്റുകളും പ്രത്യക്ഷപ്പെട്ടു. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ പ്രതികരണങ്ങളാണ് നടക്കുന്നത്.
Post Your Comments