അസ്ഥിരോഗം മൂലം ആശുപത്രിയിലായ ചാർമിള ദാരിദ്ര്യംകൊണ്ട് കഷ്ടപ്പെടുകയാണെന്ന റിപ്പോർട്ടുകൾക്കെതിരെ പ്രതികരണവുമായി നടി. താൻ തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെ വീണു പരിക്കേൽക്കുകയും അസ്ഥിക്ക് പൊട്ടലുണ്ടായി എന്നതും ശരിയാണ് എന്നാൽ സാമ്പത്തികമായി കഷ്ടപ്പെടുകയാണെന്ന വാർത്ത തെറ്റാണെന്നും ചാർമിള പറഞ്ഞു.
“എനിക്ക് നേരത്തെ സാമ്പത്തിക പ്രശ്നം ഉണ്ടായിരുന്നുവെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. എല്ലാക്കാലത്തും എല്ലാവർക്കും സാമ്പത്തിക പ്രശ്നം ഉണ്ടാകുമോ? തമിഴിൽ എനിക്ക് ഇപ്പോൾ സിനിമകൾ ലഭിക്കുന്നുണ്ട്. തെലുങ്കിലും തമിഴിലുമായി ഞാൻ അഭിനയിച്ച എട്ടോളം സിനിമകൾ പുതുവർഷത്തിൽ പുറത്തിറങ്ങാനുണ്ട്. സാമ്പത്തികമായി ഇപ്പോൾ പ്രശ്നങ്ങളില്ല,” ചാർമിള പറഞ്ഞു.
വാർത്തകളിൽ പറയുന്നതുപോലെ എന്റെ ആരോഗ്യ സ്ഥിതി അത്രമോശമല്ല. അസ്ഥിക്ക് പൊട്ടലുള്ളതുകൊണ്ട് കുറച്ചുകാലം നടക്കാനും ഡാൻസ് ചെയ്യാനും ബുദ്ധിമുട്ട് ഉണ്ടാകും. അതല്ലാതെ വേറെ പ്രശ്നങ്ങളില്ല. ശരീരം മെലിഞ്ഞത് തൈറോയിഡിനുള്ള മരുന്ന് കഴിച്ചതുകൊണ്ടാണ്. വർഷങ്ങളായി ഈ മരുന്ന് കഴിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ശരീരം തടിച്ചതും പിന്നീട് മെലിഞ്ഞതും. സർജറിക്ക് മുമ്പായി ഈ വിഷയം കണ്ടെത്തിയതിനാൽ ഗുളിക കഴിക്കേണ്ടെന്ന് ഡോക്ടർ നിർദ്ദേശിച്ചിട്ടുണ്ടെന്നും ചാർമിള പറഞ്ഞു.
സർക്കാർ ആശുപത്രിയിലാണ് ഞാൻ ചികിത്സ തേടിയത്. അതുകൊണ്ടാണ് സാമ്പത്തികാവസ്ഥ മോശമാണെന്ന് പ്രചരിപ്പിക്കപ്പെട്ടത്. ഇത് മാതൃകയായി കാണേണ്ടതിനു പകരം സാമ്പത്തികം മോശമാണെന്നാണോ പറയേണ്ടത്. സർക്കാരിനെ പരിഹസിക്കുന്നതിനു തുല്ല്യമാണതെന്നും ചാർമിള പറഞ്ഞു. സർക്കാർ ആശുപത്രിയിൽ സഹായിക്കാൻ ആയമാർ ഉള്ളതിനാലാണ് അവിടെ ചികിത്സ തേടിയത്. സഹായിക്കാൻ ആരുമില്ലെന്നത് ശരിയാണ്. അമ്മയ്ക്ക് പ്രായമായി. മകന് പതിനൊന്ന് വയസേ പ്രായമുള്ളൂ എന്നും ചാർമിള പറഞ്ഞു.
Post Your Comments