GeneralLatest NewsMollywood

നായരായത് കൊണ്ടാണോ മമ്മൂട്ടി സ്റ്റാറായത്? അയാളുടെ മകന്‍ വന്നത്?

ഉറഞ്ഞുതുളളുന്ന ഈ ജാതിക്കോമരങ്ങളെ ഒഴിവാക്കിയേ പറ്റൂ. സംശുദ്ധമായ രാഷ്ട്രീയ പ്രവര്‍ത്തനം മാത്രമാണ് ഇതിനെതിരെയുളള പ്രതിവിധി.

മലയാള സിനിമയിലെ ജാതിയാതെക്കുറിച്ച് തുറന്നു പറഞ്ഞു നടന്‍ നെടുമുടി വേണു. തിരുവനന്തപുരത്തെ നായര്‍ ലോബിയാണ് മലയാള സിനിമയെ നിയന്ത്രിച്ചിരുന്നതെന്ന് ആരോപണം ഒരുകാലത്ത് ശക്തമായിരുന്നു. എന്നാല്‍ അത്തരം വിമര്‍ശനങ്ങള്‍ക്ക് തെളിവുണ്ടോ എന്ന് നെടുമുടി വേണു ചോദിക്കുന്നു. ഒരു അഭിമുഖത്തില്‍ നെടുമുടി വേണുവിന്റെ വാക്കുകള്‍ ഇങ്ങനെ…

”ജാതിയുടെ സ്വാധീനം സമൂഹത്തില്‍ ഭീകരമായി തിരിച്ചുവരികയാണ്. നമ്മള്‍ ഏറ്റവും അധികം ഭയപ്പെടേണ്ട കാര്യമാണിത്. ഉളളിലെ ജാതിബോധം വളരുന്നത് പലരും അറിയുന്നില്ല. നമ്മുടെ അടിയില്‍കൂടി അതങ്ങനെ പടര്‍ന്ന് കയറുന്നുണ്ട്. എല്ലാംകൂടെ വേരോടെ പിഴുതുപോകുമ്പോഴെ നമ്മള്‍ അറിയൂ. അത്രയും രാക്ഷസീയമാണ് ജാതിയുടെ പുതിയ മുഖം. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണത്. വിദ്യാഭ്യാസത്തിലും സംസ്‌കാരത്തിലും ആരോഗ്യത്തിലുമെല്ലാം നാം നേടിയെന്ന് മേനി നടിക്കുന്ന ഖ്യാതിയെല്ലാം നഷ്ടപ്പെടുത്തുന്നതാണ് ഈ ജാതിബോധം. അത് നമ്മള്‍ തിരിച്ചറിയേണ്ടിരിക്കുന്നു. ഉറഞ്ഞുതുളളുന്ന ഈ ജാതിക്കോമരങ്ങളെ ഒഴിവാക്കിയേ പറ്റൂ. സംശുദ്ധമായ രാഷ്ട്രീയ പ്രവര്‍ത്തനം മാത്രമാണ് ഇതിനെതിരെയുളള പ്രതിവിധി. എന്ന് രാഷ്ട്രീയവും മതവും തമ്മില്‍ കൈകോര്‍ക്കുന്നുവോ, അന്ന് മനുഷ്യന്റെ ദുരന്തമാണ്. അത് ഏറ്റവും കൂടുതല്‍ കണ്ടുകൊണ്ടിരിയ്ക്കുന്ന കാലമാണിത്.

എന്നാല്‍ സിനിമയെ അത് ഒരിക്കലും കാര്യമായി പിടികൂടിയിട്ടില്ല എന്നാണ് തനിക്ക് തോന്നുന്നത്. തിരുവനന്തപുരത്തെ നായര്‍ ലോബിയാണ് മുമ്പ് മലയാള സിനിമയെ നിയന്ത്രിച്ചിരുന്നതെന്ന് ആരോപണമുണ്ടായിരുന്നതായും അങ്ങനെ ആരോപിക്കുന്നവരുടെ കയ്യില്‍ തെളിവുണ്ടോയെന്നും നെടുമുടി വേണു ചോദിക്കുന്നു. ഈ ചോദ്യം ചോദിച്ച അദ്ദേഹം ഇത് സാധൂകരിക്കാനായി കുറച്ച് ഉദാഹരണങ്ങളും നിരത്തുന്നു. നായരായത് കൊണ്ടാണോ മമ്മൂട്ടി സ്റ്റാറായത്? അയാളുടെ മകന്‍ വന്നത്? നിവിന്‍പോളിയും ഫഹദ് ഫാസിലും ടൊവിനോ തോമസുമൊക്കെയല്ലേ പുതിയ തലമുറയിലെ താരങ്ങള്‍. നായര്‍ ലോബി, ഈഴവ ലോബി എന്നൊക്കെ പറയുന്നത് തന്നെ നാണക്കേടല്ലേ. യേശുദാസല്ലേ മലയാളത്തിലെ ഏറ്റവും വലിയ പാട്ടുകാരന്‍. യൂസഫലി കേച്ചേരി എങ്ങനെയാണ് കൃഷ്ണഗീതങ്ങള്‍ സിനിമയില്‍ എഴുതിയത്. നിരീശ്വര വാദികളായ വയലാറും ഭാസ്‌കരന്‍ മാഷുമാണ് ഏറ്റവും കൂടുതല്‍ ഭക്തിഗാനങ്ങള്‍ ഒരുക്കിയത്. സംസ്‌കൃതത്തില്‍ ആദ്യമായിട്ട് പാട്ടെഴുതിയത് യൂസഫലിയാണ്. എത്ര മാപ്പിളപ്പാട്ടുകളാണ് ഭാസ്‌കരന്‍ മാഷ് എഴുതിയത്. കേരളീയ സമൂഹത്തില്‍ ജാതീയത ഏറ്റവും കുറവ് മലയാള സിനിമയിലായിരിക്കും. ജാതിക്കതീതമായ വിവാഹങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നതും സിനിമാരംഗത്താണ്.”

shortlink

Related Articles

Post Your Comments


Back to top button