സിനിമാലോകത്തെത്തിയിട്ട് രണ്ട് വർഷം കൊണ്ട് ഒരു പിടി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ നായിക. അതേ നമ്മുടെ സ്വന്തം ഐശ്വര്യ ലക്ഷ്മിയാണിത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലൂടെയെത്തി മായാനദിയിലൂടേയും വരത്തനിലൂടേയുമൊക്കെ ഞെട്ടിച്ച നായിക. 2017-ൽ സിനിമയിലെത്തിയ താരം ഇതിനകം മലയാളത്തിലും തമിഴിലുമായി 7 ചിത്രങ്ങളിൽ അഭിനയിച്ചുകഴിഞ്ഞു. അടുത്ത വർഷം രണ്ട് തമിഴ് ചിത്രങ്ങളാണ് ഐശ്വര്യയുടേതായി ഒരുങ്ങുന്നത്. എം.ബി.ബി.എസ് ബിരുദം നേടി ഡോക്ടറായ ശേഷമാണ് ഐശ്വര്യ സിനിമയിലേക്കെത്തിയത് എന്നതും ശ്രദ്ധേയമാണ്.
2014-ൽ മോഡലിംഗ് രംഗത്ത് സജീവമായിരുന്ന ശേഷം 2017-ൽ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ സിനിമാഭിനയം തുടങ്ങിയത്. ചിത്രത്തിൽ റേച്ചൽ എന്ന കഥാപാത്രമായെത്തിയ താരം ഏറെ ശ്രദ്ധിക്കപ്പെടുകയായിരുന്നു. നിവിൻ പോളിയായിരുന്നു സിനിമയിലെ നായകൻ. അതേ വർഷം തന്നെ മായാനദി എന്ന ചിത്രത്തിലൂടെ ഗംഭീരമായ പ്രകടനവും താരം നടത്തി. ടൊവിനോ നായകനായ ചിത്രത്തിൽ അപർണ എന്ന കഥാപാത്രമായി ഐശ്വര്യ ജീവിക്കുകയായിരുന്നു. ചിത്രത്തിലെ പ്രകടനം നിരൂപകപ്രശംസയും പ്രേക്ഷകാഭിപ്രായവും ഒരുപോലെ നേടുകയുണ്ടായി. ഫിലിംഫെയർ, സൈമ, ക്രിട്ടിക്സ് അവാർഡ് ഉൾപ്പെടെയുള്ള പുരസ്കാരങ്ങളും ഈ കഥാപാത്രത്തിലൂടെ ഐശ്വര്യയ്ക്ക് ലഭിച്ചു.
പീഡനത്തിനിരയായ ഒരു സ്ത്രീയുടെ ആത്മസംഘർഷങ്ങളും പകപോക്കലുമെല്ലാം തന്മയത്വത്തോടെ അവതരിപ്പിച്ച കഥാപാത്രം. വരത്തൻ എന്ന ചിത്രത്തിലെ പ്രിയ എന്ന കഥാപാത്രമായെത്തിയ ഐശ്വര്യയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. നായകനായ ഫഹദ് ഫാസിലിനൊപ്പം മത്സരിച്ചാണ് താരം അഭിനയിച്ചത്.
ഫീൽഗുഡായൊരുക്കിയ വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രത്തിലെ നായികാകഥാപാത്രമായി മികച്ച പ്രകടനവും താരം നടത്തി. ഈ വർഷം ഐശ്വര്യയുടെ ആദ്യ ചിത്രമായിരുന്നു ഇത്. നായകൻ ആസിഫ് അലിയോടൊപ്പം ഐശ്വര്യയുടെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഫുട്ബോൾ പശ്ചാത്തലമായൊരുങ്ങിയ ചിത്രം. ഫുട്ബോളിനെ പ്രണയിക്കുന്ന നായികയായുള്ള ഐശ്വര്യയുടെ അഭിനയം ശ്രദ്ധിക്കപ്പെട്ടു. അതുവരെ മോഡേൺ പെൺകുട്ടിയായി മാത്രം അഭിനയിച്ചിരുന്ന ഐശ്വര്യയുടെ മാറി നടത്തം കൂടിയായിരുന്നു തനി നാടൻ പെൺകുട്ടിയായുള്ള മെഹ്റുന്നിസ എന്ന കഥാപാത്രം. കാളിദാസ് ജയറാമായിരുന്നു ചിത്രത്തിലെ നായകൻ.
നടൻ പൃഥ്വിരാജിനൊപ്പം ആദ്യമായി അഭിനയിച്ച ബ്രദേഴ്സ് ഡേയിലെ നാല് നായികമാരിൽ ഒരാളായിരുന്നു സാന്‍റാ എന്ന കഥാപാത്രമായെത്തിയ ഐശ്വര്യ. ഒപ്പം തമിഴിലെ അരങ്ങേറ്റ ചിത്രം വിശാൽ അവതരിപ്പിച്ച സുഭാഷ് എന്ന കഥാപാത്രത്തിന്‍റെ പ്രണയിനിയായ മീര എന്ന കഥാപാത്രമായിട്ടായിരുന്നു ഐശ്വര്യയെത്തിയത്. ആക്ഷന് ശേഷം നിരവധി അവസരങ്ങളാണ് താരത്തിന് തമിഴിൽ ലഭിച്ചിരിക്കുന്നത്. ധനുഷിനൊപ്പവും വിക്രത്തിനൊപ്പവുമാണ് താരത്തിന്‍റെ അടുത്ത ചിത്രങ്ങൾ.
Post Your Comments