താന്‍ ഉപയോഗിച്ചുകൊണ്ടിരുന്ന പഴയ എയര്‍ കണ്ടിഷണര്‍ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വെച്ച നടന് കിട്ടിയത് എട്ടിന്റെ പണി. ബോളിവുഡ് നടനും ടെലിവിഷന്‍ താരവുമായ മോഹക് ഖുറാനയാണ് പഴയ എയര്‍ കണ്ടീഷണര്‍ ഓണ്‍ലൈന്‍ പോര്‍ട്ടലായ ഒഎല്‍എക്‌സില്‍ വില്പനയ്ക്ക് വച്ചത്. എസിയുടെ ചിത്രം സഹിതം ഡിസംബര്‍ 21 നാണ് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തത്. താരം എസിക്ക് വിലയായി ആവശ്യപ്പെട്ടിരുന്നത് 11,500 രൂപയാണ്.
പിറ്റേദിവസം മോഹക് ഖുറാനയെ വിളിച്ച കസ്റ്റമര്‍ താന്‍ ഒരു ക്യുആര്‍ കോഡ് അയക്കുമെന്നും അത് സ്‌കാന്‍ ചെയ്താന്‍ നടന്റെ അക്കൗണ്ടിലേക്ക് പണം എത്തുമെന്നും അറിയിച്ചു. അല്‍പ്പസമയത്തിനകം നടന് ക്യൂആര്‍ കോഡ് ലഭിച്ചു. ഖുറാന അത് സ്‌കാന്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ ഉടന്‍ തന്നെ ഖുറാനയുടെ അക്കൗണ്ടില്‍ നിന്നും 11,500 രൂപ കുറവുവന്നതായുള്ള സന്ദേശമാണ് ലഭിച്ചത്. സെക്കന്‍ഡുകള്‍ക്കകം 23,000 രൂപ കൂടി പിന്‍വലിക്കപ്പെട്ടതായി സന്ദേശം ലഭിച്ചു. 34,500 രൂപയാണ് ഖുറാനയ്ക്ക് നഷ്ടമായത്.
ഇതോടെ കസ്റ്റമറുടെ ഫോണിലേക്ക് തിരിച്ചുവിളിച്ചെങ്കിലും ആരും ഫോണ്‍ എടുത്തില്ലെന്ന് മോഹക് ഖുറാന പറഞ്ഞു. ഖുറാന മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തനിക്ക് നേരെ സൈബര്‍ തട്ടിപ്പാണ് നടന്നതെന്ന് താരം പൊലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കി.
Post Your Comments