മലയാള സിനിമയിലെ ഹിറ്റ് സംവിധായകനാണ് ജീത്തു ജോസഫ്. ഇപ്പോഴിതാ സിനിമാ ജീവിതത്തിലെ അനുഭവങ്ങളെ കുറിച്ചും സ്വപ്നങ്ങളെ കുറിച്ചും പറയുകയാണ് ജീത്തു ജോസഫ് . മനോരമ ചാനലിലെ നേരേ ചൊവ്വേ എന്ന പരിപാടിയിലാണ് സംവിധായകൻ ഇതിനെ കുറിച്ച് പറയുന്നത്. സഹസംവിധായകന്റെ കുപ്പായം ഉപേക്ഷിച്ച് പോയ സംഭവത്തെ കുറച്ചുള്ള ചോദ്യങ്ങൾക്ക് ജീത്തു നൽകിയ മറുപടി ഏറെ ശ്രദ്ധേയമാണ്.
‘സിനിമയും രാഷ്ട്രീയവും ഞാൻ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അച്ഛൻ എംഎൽഎ ആയിരുന്നത് കൊണ്ട് രാഷ്ട്രീയത്തിലെ ചതിക്കുഴികളും ഒതുക്കലുമെല്ലാം ചെറുപ്പം മുതലെ കേട്ടിട്ടുണ്ട്. സിനിമയിലാണോ രാഷ്ട്രീയത്തിലാണോ ഇതു കൂടുതൽ എന്ന് ചോദിച്ചാൽ അത് രാഷ്ട്രീയത്തിലാണെന്ന് ഞാൻ തുറന്നുപറയും. എന്നാൽ സിനിമയിൽ ഞാനും അത്തരം സന്ദർഭത്തിലൂടെ കടന്നുപോയിട്ടുണ്ട്. ഞാൻ ജയരാജ് സാറിന്റെ സഹസംവിധായകനായി നിൽക്കുന്ന കാലം. സിനിമ എന്ന ഒറ്റ സ്വപ്നമാണ് മനസിൽ. എങ്ങനെയും അത് പൂർത്തീകരിക്കുക എന്നത് മാത്രമാണ് മുന്നിലുള്ളത്. അതുതിരിച്ചറിഞ്ഞാവണം ജയരാജ് സാറിന് എന്നോട് അൽപം സ്നേഹമുണ്ടായിരുന്നു. എന്നാൽ ഇത് മറ്റ് പലരെയും അസ്വസ്ഥരാക്കുന്നത് ഞാനറിഞ്ഞില്ല.
സിനിമയിൽ കോസ്റ്റ്യൂം അടങ്ങുന്ന വിഭാഗത്തിന്റെ ചുമതലയാണ് അന്ന് സാറ് എന്നെ ഏൽപ്പിച്ചിരുന്നത്. സെറ്റിൽ നിന്നും കോസ്റ്റ്യൂമുകൾ മോഷണം പോയി തുടങ്ങി. കാണാതെ വരുമ്പോൾ സാർ എന്നോട് ദേഷ്യപ്പെടും. ഇതെങ്ങനെ കാണാതാകുന്നു എന്ന് എനിക്ക് ആദ്യമൊന്നും മനസിലായില്ല. പക്ഷേ ഇത് സ്ഥിരമായി, ഒരുദിവസം കാണാതായ കോസ്റ്റ്യൂം അപ്പുറത്തെ റബർ തോട്ടത്തിൽ നിന്ന് എനിക്ക് കിട്ടി. ഇതോടെ എനിക്ക് മനസിലായി എന്നെ പുറത്താക്കാനും ഒതുക്കാനുമുള്ള ശ്രമമാണിതെന്ന്. അന്ന് കരഞ്ഞ് കൊണ്ടാണ് ഞാൻ സെറ്റുവിട്ട് ഇറങ്ങിപ്പോയത്. പക്ഷേ പീന്നീട് തോന്നി എല്ലാം നിമിത്തമാണ്. ഇതായിരുന്നു എനിക്ക് ദൈവം കരുതിയിരുന്നത്.’ ജീത്തു പറയുന്നു. വിഡിയോ കാണാം.
Post Your Comments