താരങ്ങളോട് കട്ട ആരാധന കാണിക്കുന്ന ഫാന്‍സുകാര്‍ എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. എന്നാല്‍ ഒരു താരത്തിന്റെ ജീവിതത്തില്‍ ഒരു ആരാധകന്റെ കടന്നു വരവ് സൃഷ്ടിക്കുന്ന വൈകാരികത മനോഹരമായി പങ്കുവയ്ക്കുകയാണ് ലാൽ ജൂനിയറിന്റെ ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമ. സച്ചിയുടെ തിരക്കഥയില്‍ സൂപ്പർസ്റ്റാർ ഹരീന്ദ്രനായി പൃഥ്വിരാജും ആരാധകൻ കുരുവിളയായി സുരാജ് വെഞ്ഞാറമൂടും കട്ടയ്ക്ക് കട്ട വിലസുന്നുണ്ട് .
മലയാളസിനിമയിലെ മിന്നും താരമാണ് ഹരീന്ദ്രൻ. അദ്ദേഹത്തിന്റെ കടുത്ത ആരാധകനാണ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കുരുവിള. ജീവിതത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ഇരുവരും തമ്മില്‍ വലിയ ശത്രുതയിലെയ്ക്ക് നീങ്ങുന്നതാണ് ചിത്രത്തിന്റെ പ്രമേയം. പേര് സൂചിപ്പിക്കുന്നപോലെ ഒരു ഡ്രൈവിംഗ് ലൈസൻസാണ് പ്രശ്നം.
ഒരു സൂപ്പര്‍ താരവുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ചാനലുകളുടെ അമിതമായ കൗതുകങ്ങൾ, ബ്രേക്കിംഗ് ന്യൂസ്, താരങ്ങളുടെ ധാർഷ്ട്യം, ആരാധകരുടെ പ്രതിഷേധങ്ങള്‍ താരസംഘടനയുടെ ഇടപെടലുകൾ , തുടങ്ങി നിത്യവും സിനിമാ മേഖലയില്‍ നിന്നും പുറത്തുവരുന്ന വിഷയങ്ങളെ തന്നയാണ് ഇതില്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ അത് കൈയ്യടക്കത്തോടെ കൈകാര്യം ചെയ്തിരിക്കുന്നതിലൂടെ ഡ്രൈവിംഗ് ലൈസൻസ് ശ്രദ്ധിക്കപ്പെടുന്നത്. ആരാധനാപാത്രത്തിൽ നിന്നും കിട്ടുന്ന അവഹേളനം കുരുവിളയിൽ സൃഷ്ടിക്കുന്ന ആന്തരികസംഘർഷങ്ങളാണ് ചിത്രം.
നെഗറ്റീവ് ഷെയ്ഡുകൾ ആവോളമുള്ള കഥാപാത്രമാണ് സൂപ്പർസ്റ്റാർ ഹരീന്ദ്രൻ. കുരുവിളയുമായുള്ള പ്രശ്നങ്ങള്‍ക്കിടയില്‍ ഗാർഹസ്ഥ്യ ജീവിതത്തിലെ വൈകാരികതീവ്രതകളുള്ള ഭർത്താവ് വേഷവും പൃഥ്വി മികച്ച രീതിയില്‍ കൈയടക്കത്തോടെ അവതരിപ്പിക്കുന്നുണ്ട്. ഇടവേള ബാബു, ഇന്നസെന്റ് എന്നിവരൊക്കെ അവരായി തന്നെ സിനിമയിൽ അവതരിക്കുന്നുണ്ട് . പൂര്‍ണ്ണ കഥാപാത്രമെന്ന നിലയിൽ മികവ് സുരാജിന്റെ കുരുവിളയ്ക്കാണ് എന്ന് നിസംശയം പറയാം. കുടുംബത്തെക്കുറിച്ച് പ്രസംഗിക്കുന്നുണ്ടെങ്കിലും ശക്തമായ ഒരു സ്ത്രീ കഥാപാത്രം എന്ന് പറയാന്‍ ആരുമില്ല. മിയ, ദീപ്തി സതി തുടങ്ങിയവര്‍ അവരുടെ വേഷങ്ങള്‍ മനോഹരമാക്കിയെന്നതില് സംശയമില്ല. സലിം കുമാര്‍ അവതരിപ്പിച്ച കുടിയന്.. അവസാനം ട്വിസ്റ്റില്‍ ഭാഗമാകുമ്പോള്‍ നിറഞ്ഞ മനസ്സോടെ ആരാധകര്‍ കൈയ്യടിക്കുന്നു
ലിസ്റ്റിൻ സ്റ്റീഫനൊപ്പം ചേർന്ന് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് പൃഥ്വിരാജാണ്.
Post Your Comments