ഒരു അഡാറ് ലവ് എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ധമാക്ക റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിൻ്റേതായി പുറത്തിറങ്ങിയ ട്രെയിലറും ഗാനങ്ങളുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടെങ്കിലും ട്രോളുകളും വിവാദങ്ങളുമൊക്കെ കൂടെ വരാറുമുണ്ട്. ഇപ്പോഴിതാ ഇക്കാര്യങ്ങളെ കുറിച്ചെല്ലാം മനസ് തുറക്കുകയാണ് ഒമര്‍ ലുലു. ഒപ്പം സണ്ണി ലിയോണിനെ വെച്ച് മലയാള സിനിമ ഒരുക്കുന്നതായും താരം മുൻപ് പ്രഖ്യാപിച്ചിരുന്നു. ഈ ചിത്രങ്ങളുടെയെല്ലാം നിലവിലെ അവസ്ഥകളെ പറ്റിയും താരം പറയുന്നു. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ഒമര്‍ ലുലു ഇതിനെ കുറിച്ച് വ്യക്തമാക്കുന്നത്.
അഡാറ് ലവ് എന്ന ചിത്രം അരുണിനെ നായകനാക്കി സംവിധാനം ചെയ്തിരുന്നതാണ്. പിന്നീടുണ്ടായ അപ്രതീക്ഷിത സംഭവ വികാസത്തിനാൽ ചിത്രത്തിൽ പൊടുന്നനെ ചില മാറ്റങ്ങൾ വരുത്തേണ്ടി വന്നു. ഇതോടെ അരുണിനെ നായക സ്ഥാനത്ത് നിന്ന് മാറ്റുകയായിരുന്നു. അന്നേ അരുൺകുമാറിന് വാക്കു നൽകിയതാണ് തൻ്റെ അടുത്ത ചിത്രത്തിൽ നായകനാക്കാം എന്നുള്ളത്. അങ്ങനെയാണ് ധമാക്കയിൽ അരുൺ നായകനാകുന്നത് ഒമര്‍ ലുലു പറയുന്നു.
ട്രോളുകളെ സ്വാഗതം ചെയ്യാറുണ്ടെന്നും എന്തിനാണ് ട്രോളുകളെ ഭയക്കുന്നതെന്നും ഒമര്‍ ലുലു ചോദിക്കുന്നു. ചില ട്രോളുകൾ നല്ലതാണെന്നും ആസ്വദിക്കാറുണ്ടെന്നും സംവിധായകൻ പറയുന്നു. എന്നാൽ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള ട്രോളുകൾ വിഷമിപ്പിക്കാറുണ്ട്. അരുൺ ഏറെക്കാലമായി ആഗ്രഹിച്ച ശേഷം നായകനായി എത്തുന്ന ചിത്രമാണ് ഇത്. അങ്ങനെയുള്ള ഒരാളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന, കളിയാക്കുന്ന തരത്തിലുള്ള ട്രോളുകൾ കാണുമ്പോൾ ഉള്ളിൽ തട്ടാറുണ്ടെന്നും സംവിധായകൻ പറയുന്നു.
എപ്പോഴും പോസിറ്റീവായി ഇരിക്കാനാഗ്രഹിക്കുന്ന വ്യക്തിയാണ് താൻ. താനൽപം ഓവര്‍ കോൺഫിഡൻസാണെന്നും മണ്ടത്തരത്തിൻ്റെ ആളാണെന്നും ഒമര്‍ ലുലു പറയുന്നു. തൻ്റെ ഒരു വീഡിയോയ്ക്ക് 100കെ ഡിസ്ലൈക്കും 20കെ ലൈക്കുമാണ് ലഭിച്ചതെങ്കിൽ ആ 20കെ ലൈക്കിലേക്ക് മാത്രമേ താൻ ശ്രദ്ധ കേന്ദ്രീകരിക്കുകയുള്ളൂ. എന്തും മനസ്സറിഞ്ഞ് ഇറങ്ങിയാൽ നമുക്ക് നേടിയെടുക്കാമെന്നാണ് ജീവിതം പഠിപ്പിച്ചിട്ടുള്ളത്. താൻ വളരെ സിംപിളാണ്, യുവാക്കളുടെ കഥയാണ് പറയാനിഷ്ടം. അതിനാലാണ് ഇങ്ങനെയൊക്കെയാകാൻ സാധിക്കുന്നത്.
ചെറുപ്പത്തിൽ താൻ വലിയ അഭിനയമോഹി ആയിരുന്നു. ഒരുപാട് പേരുടെ അടുത്ത് അവസരങ്ങൾക്കായി നടന്നിട്ടുണ്ട്. പുതുമുഖങ്ങൾക്കൊക്കെ അവസരം കൊടുക്കാനിഷ്ടമാണ്. സംവിധായകരായ സത്യൻ അന്തിക്കാട്, കമൽ എന്നിവരുടെയൊക്കെ വീട്ടിൽ അവസരത്തിനായി പോയിട്ടുണ്ട്. കമൽ സാറിൻ്റെ വീട്ടിൽ നിന്നിറക്കി വിട്ടു. സെക്യൂരിറ്റി അവിടുന്ന് ഓടിച്ച് വിടുകയായിരുന്നു. കമൽ സാര്‍ അവിടെ പുറത്തിരുന്നപ്പോഴും അദ്ദേഹമിവിടെ ഇല്ല എന്ന് പറഞ്ഞു തന്നെ അവിടെ നിന്നിറക്കി വിട്ടു. പിന്നാരാ അവിടിരിക്കുന്നെ എന്നൊക്കെ താൻ ചോദിച്ചിട്ടുണ്ടെന്നും ഒമര്‍ ലുലു അഭിമുഖത്തിൽ തുറന്ന് പറഞ്ഞു.
ഒന്നും അറിയില്ലായിരുന്നു, എല്ലാം പഠിച്ചത് ഓൺലൈൻ മുഖേനയാണ്. ഗൂഗിളും യൂട്യൂബുമൊക്കെ നോക്കി കുറെ കാര്യങ്ങളൊക്കെ വശത്താക്കി സിനിമ പിടിക്കാനിറങ്ങി. അതോടെയാണ് എന്തും ചെയ്യാൻ മനസ്സറിഞ്ഞ് ഇറങ്ങിയാൽ അനായാസമായി സാധിക്കുമെന്ന് തിരിച്ചറിഞ്ഞത്.
സണ്ണി ലിയോണിനെ വെച്ചുള്ള മലയാള സിനിമ ഡ്രോപ്പ് ചെയ്തു. അതിനുള്ള കാരണം ഒരു അഡാറ് ലവ് ആയിരുന്നു. അഡാറ് ലവ് ഷൂട്ടിങ് സമയത്താണ് അങ്ങനെ ഒരു ചിത്രം പ്ലാൻ ചെയ്യുന്നത്. ജയറാമിനെ ആയിരുന്നു നായകനായി തീരുമാനിച്ചിരുന്നത്. എന്നാൽ അഡാറ് ലവ് വല്ലാതെ നീണ്ടുപോയി. നിര്‍മ്മാതാക്കളുമായുള്ള പ്രശ്നങ്ങളും അല്ലറ ചില്ലറ പ്രശ്നങ്ങളുമൊക്കെയായാണ് അത് നീണ്ടത്. ഇതോടെ താരങ്ങളുടെ ഡേറ്റ് ക്ലാഷായി. ഒടുവിൽ അത് വേണ്ടെന്ന് വെക്കുകയായിരുന്നു. അതുമല്ല അതിനിടെ മമ്മൂട്ടി ചിത്രം മധുരരാജയിലൂടെ സണ്ണി ലിയോൺ മലയാളത്തിലെത്തുകയും ചെയ്തുവല്ലോ. ആദ്യമായി സണ്ണി ലിയോണിനെ മലയാളത്തിൽ അഭിനയിപ്പിക്കണമന്നായിരുന്നു ആഗ്രഹം. അത് നടന്നില്ല. പക്ഷേ അവര്‍ മലയാളത്തിലെത്തുകയും ചെയ്തുവല്ലോ ഒമര്‍ ലുലു പറയുന്നു.
Post Your Comments