മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് വില്ലന്മാരില് ഒരാളാണ് കീരിക്കാടൻ ജോസ്. ആ വേഷം അനശ്വരമാക്കിയ നടന് മോഹന്‍രാജ് ഗുരുതര രോഗത്തെ തുടർന്ന് ചികിത്സയിലാണെന്നും വലിയ സാമ്പത്തിക പ്രയാസങ്ങളിലാണെന്നുമൊക്കെ അടുത്തിടെ സോഷ്യൽ മീഡിയയിൽ വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ അതൊക്കെയും വ്യാജമാണെന്നും അദ്ദേഹം വെരിക്കോസുമായി ബന്ധപ്പട്ട ചികിത്സയിലാണെന്നും സാമ്പത്തിക ബുദ്ധിമുട്ടുകൾ തീരെയില്ലെന്നും കുടുംബം ഒപ്പമുണ്ടെന്നും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ, അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ച നടനും നിർമാതാവുമായ ദിനേശ് പണിക്കരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ചര്‍ച്ചയാകുന്നു. ബന്ധുക്കൾ പറഞ്ഞത് സത്യമാണെന്ന് ദിനേശ് പറയുന്നു. അദ്ദേഹത്തിന് ആരിൽ നിന്നും സാമ്പത്തിക സഹായം ആവശ്യമില്ലെന്നും അദ്ദേഹം ഉടൻ രോഗം ഭേദമായി സിനിമയിൽ സജീവമാകട്ടെ എന്നു പ്രാർത്ഥിക്കുന്നതായും ദിനേശ് പണിക്കർ കുറിച്ചു. കീരിക്കാടൻ ജോസ് എന്ന മോഹൻ രാജിനൊപ്പമുള്ള ചിത്രം സഹിതമാണ് ദിനേശ് പണിക്കരുടെ പോസ്റ്റ്.
Post Your Comments