സിനിമ പോലെ സാന്ദ്രാ തോമസിന് പ്രധാനമാണ് തന്റെ കുടുംബവും. നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസ് കഴിഞ്ഞ വര്‍ഷം ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കിയത് സോഷ്യല്‍ മീഡിയ ആഹ്ലാദപൂര്‍വ്വം കൊണ്ടാടിയിരുന്നു. ഇപ്പോഴിതാ അച്ഛനമ്മാര്‍ സ്ഥിരം മക്കളെ വളര്‍ത്തുന്ന വഴിയില്‍ നിന്ന് മാറി നടക്കുകയാണ് സാന്ദ്രയും ഭര്‍ത്താവും. ഓരോ കുരുന്നുകളുടെയും വീടുകളില്‍ കളിപ്പാട്ടം നിറയുമ്പോള്‍ തന്റെ ഇരട്ട പോന്നോമനകള്‍ക്ക് അധികം കളിപ്പാട്ടങ്ങള്‍ വാങ്ങി നല്‍കാറില്ല എന്നാണു സാന്ദ്ര പറയുന്നത്, അതിന്റെ കാരണവും സാന്ദ്ര ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
‘മക്കളെ വളര്‍ത്തുന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ചില ആഗ്രഹങ്ങളുണ്ട്. ഭാരിച്ച സിലബസ് പഠിപ്പിച്ച് അവരെ കഷ്ടപ്പെടുത്താന്‍ താല്പര്യമില്ല. ഇമോഷണല്‍ കോഷ്യന്റ് ഉള്ളവരായി വളരണം. അതിനു വേണ്ടിയുള്ള വിദ്യാഭ്യാസം വേണം നല്‍കാന്‍. പഠനത്തിലൂടെ ഭാഷ പ്രാവിണ്യം ലഭിക്കണമെന്നാണ് എനിക്ക് തോന്നുന്നത്. ബാക്കിയെല്ലാം കുഞ്ഞുങ്ങള്‍ പിന്നാലെ പഠിച്ചോളും. മക്കള്‍ക്ക് ഒരുപാട് ടോയ്സൊന്നും വാങ്ങി നല്‍കാറില്ല. പകരം മുറ്റത്തും പറമ്പിലുമൊക്കെ കൊണ്ട് പോയി മൃഗങ്ങളെയും പക്ഷികളെയുമൊക്കെ കാണിച്ച് കൊടുക്കും. 20 മാസമേ ആയിട്ടുള്ളൂവെങ്കിലും അവര്‍ക്കും അതൊക്കെ വലിയ ഇഷ്ടമാണ്. പ്ലാസ്റ്റിക് ടോയ്സ് കൊണ്ട് ഒരിക്കലും ഇത്രയും സന്തോഷം നല്‍കാന്‍ കഴിയില്ല. അടുത്ത പടിയായി മൃഗ ശാലകള്‍ കാണാന്‍ പോകാന്‍ തുടങ്ങിയിട്ടുണ്ട്. അതാണ് ഞങ്ങളുടെ പുതിയ ഹോബി. തിരുവനന്തപുരത്തും തൃശൂരും മൈസൂരിലുമെല്ലാം മൃഗശാല സന്ദര്‍ശനത്തിനു പോയി കഴിഞ്ഞു. ഭര്‍ത്താവിന്റെ നാട് നിലമ്പൂരാണ്. അവിടെ നിന്ന് മുതലമല കാട്ടില്‍ പോകാന്‍ എളുപ്പവുമാണ്. അവിടെയും മക്കളുമായി നിരവധി തവണ പോയി. ഇപ്പോള്‍ അവര്‍ക്ക് കുരങ്ങനെയും ആനയെയും മാനിനെയുമൊക്കെ തിരിച്ചറിയാം. കുഞ്ഞുങ്ങള്‍ പ്രകൃതിയും ചുറ്റുപാടും അറിഞ്ഞു വളരട്ടെ. സ്കൂളില്‍ പാഠങ്ങള്‍ സ്പൂണ്‍ ഫീഡ് നടത്തിയിട്ട് കാര്യമുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല’.
Post Your Comments