CinemaGeneralLatest NewsMollywoodNEWS

‘രുചിയുള്ളൊരു ക്രിസ്മസ് കഥ’ ; രാധിക ശരത്കുമാറും ലിസിയും നൽകിയ സര്‍പ്രൈസിനെ കുറിച്ച് നടൻ റഹ്മാൻ പറയുന്നു

ക്രിസ്മസ് ദിനത്തിൽ കുടുംബവുമൊന്നിച്ചു പുറത്തുപോയി ഭക്ഷണം കഴിക്കുക എന്നത് ഞങ്ങളുടെ പതിവുകളിലൊന്നാണ്

രുചിയുള്ളൊരു ക്രിസ്മസ് കഥയുമായി നടൻ റഹ്മാൻ. ക്രിസ്മസ് ദിനത്തിൽ ശരത്കുമാറും രാധിക ശരത്കുമാറും തന്ന സർപ്രൈസ് വിരുന്നിനെക്കുറിച്ചായിരുന്നു താരത്തിന്റെ വിവരണം. ശരത്കുമാറിന്റെ വീട്ടിലായിരുന്നു ഇത്തവണ റഹ്മാന്റെയും കുടുംബത്തിന്റെയും ക്രിസ്മസ്.

കുറിപ്പിന്റയെ പൂർണരൂപം………………..

രുചിയുള്ളൊരു ക്രിസ്മസ് കഥ

ക്രിസ്മസ് ദിനത്തിൽ കുടുംബവുമൊന്നിച്ചു പുറത്തുപോയി ഭക്ഷണം കഴിക്കുക എന്നത് ഞങ്ങളുടെ പതിവുകളിലൊന്നാണ്. ഇത്തവണയും അതുണ്ടുവുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയായിരുന്നു എല്ലാവരും. പ്രത്യേകിച്ചും മൂത്ത മകൾ റുഷ്ദ. ജോലിയുടെ സമ്മർദങ്ങൾക്കിടയിൽ കുടുംബത്തോടൊപ്പം കിട്ടുന്ന ഓരോ നിമിഷവും എത്ര രുചിയുള്ളതാണെന്ന് ജോലിക്കാരിയായ അവൾക്കുമറിയാം.

ഷൂട്ടിങ് തിരക്കുകളിൽപെട്ടതിനാൽ മുൻകൂട്ടി തയാറെടുപ്പുകൾ ഒന്നും നടത്താൻ ഇത്തവണ എനിക്കു സാധിച്ചില്ല. പക്ഷേ, പ്രതീക്ഷയോടെ കാത്തിരുന്ന ക്രിസ്മസ് ലഞ്ച് മുടങ്ങിയേക്കുമെന്നറിഞ്ഞതോടെ റുഷ്ദ സങ്കടപ്പെടുന്നുവെന്നറിഞ്ഞപ്പോൾ ഷൂട്ടിങ് ഒഴിവാക്കി ഞാൻ വീട്ടിലെത്തി.

പ്രിയപ്പെട്ട റസ്റ്ററന്റുകളിലൊന്നും സീറ്റ് ബുക്ക് ചെയ്തിട്ടില്ല. ഏങ്കിലും എവിടെയെങ്കിലും സീറ്റുണ്ടാവുമെന്ന പ്രതീക്ഷയിൽ ഞങ്ങൾ റെഡിയായി. എല്ലാവരും അവരുടെ പ്രിയപ്പെട്ട ഭക്ഷണം തിരഞ്ഞെടുത്തു. റുഷ്ദയ്ക്ക് ചിക്കൻ ഇല്ലാതെ പറ്റില്ല. ഇളയവൾ അലീഷ പക്ഷേ, ഇറച്ചി തൊടില്ല. മീനാണ് അവളുടെ പ്രിയം. എനിക്ക് ടർക്കിയുടെ ഇറച്ചി ആയാൽ കൊള്ളാമെന്നുണ്ട്.

ചിക്കൻ, മീൻ, ടർക്കി…മൂന്നും കിട്ടുന്ന ഹോട്ടലുകളേതൊക്കെയുണ്ട്? ഓരോത്തിടത്തായി വിളി തുടങ്ങി. അവസാന നിമിഷത്തിൽ വിളിച്ചാൽ അവർ എന്തു ചെയ്യാൻ. എല്ലാ ഹോട്ടലുകാരും കൈമലർത്തി. അവിടെയെല്ലാം ബുക്കിങ് കഴിഞ്ഞിരിക്കുന്നു. ഉച്ചഭക്ഷണത്തിന് ഒരിടത്തും സീറ്റില്ല. സീറ്റുള്ള സ്ഥലത്ത് വേണ്ട മെനുവില്ല.

ഇനി എന്തു വഴി? ഞാൻ റുഷ്ദയെ നോക്കി. അവളുടെ നിരാശ കലർന്ന സങ്കടമുഖം കണ്ടപ്പോൾ എനിക്കും സങ്കടമായി. സുഹൃത്തുക്കളെ വിളിച്ചു പുതിയ സ്ഥലങ്ങളെപ്പറ്റി തിരക്കാമെന്ന് വിചാരിച്ചു ഞാൻ വീണ്ടും ഫോണെടുത്തു.

പെട്ടെന്ന് എനിക്ക് രാധിക ശരത്കുമാറിനെ ഓർമ വന്നു. കുറച്ചുദിവസങ്ങൾക്കു മുൻപ്, എൺപതിലെ താരങ്ങളുടെ കുടുംബസംഗമത്തിൽ വച്ച് രാധിക ഏതോ ഒരു ഹോട്ടലിനെപ്പറ്റി പറഞ്ഞിരുന്നു. അത് ഏതെന്ന് അറിയാമെന്നു കരുതി ഞാൻ രാധികയെ വിളിച്ചു.

‘‘റഷീൻ, നീ എല്ലാവരുമായി ഇങ്ങോട്ടു വാടാ…ഇവിടെ ടർക്കിയുമുണ്ട്, ചിക്കനുമുണ്ട്, മീനുമുണ്ട്.’’ രാധിക ഫോൺവച്ചു. എനിക്കൊരു വല്ലായ്മ തോന്നി. എങ്കിലും കൂടുതൽ ആലോചിക്കാൻ നിൽക്കാതെ ഞങ്ങൾ രാധികയുടെ വീട്ടിലേക്കു വണ്ടിവിട്ടു.

ഒരു വലിയ ക്രിസ്മസ് സമ്മാനം അവിടെ ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. വീട്ടിലെത്തി അകത്തേക്കു ചെന്നപ്പോൾ സുഹൃത്തുക്കളുടെ ഒരു വലിയ പട തന്നെയുണ്ട് അവിടെ. ലിസി, രാജ്കുമാർ, ശ്രീപ്രിയ രാജ്കുമാർ… അവർക്കെല്ലാവർക്കുമൊപ്പം ആതിഥേയരായി ശരത്കുമാറും രാധികയും.

വിഭവസമൃദ്ധമായ ക്രിസ്മസ് വിരുന്ന്. അവിടെ ഇല്ലാത്തതൊന്നുമില്ല. ടർക്കിയുണ്ട്, ചിക്കനുണ്ട്, മീൻ, ഞണ്ട്, ചെമ്മീൻ…അങ്ങനെയെന്തു വേണമെങ്കിലുമുണ്ട്. മേശപ്പുറത്തെ വിഭവങ്ങൾ കണ്ടപ്പോൾ, പിന്നെ ഒരു മാന്നേഴ്സും നോക്കിയില്ല. പട്ടിയും പൂച്ചയുമൊക്കെ ഭക്ഷണത്തിലേക്ക് ചാടിവീഴുന്നതു പോലെ ഞങ്ങളും ആർത്തിയോടെ എടുത്തുചാടി.

ഉഫ്ഫ്ഫ്….ഇപ്പോൾ ഇതെഴുതുമ്പോഴും എന്റെ നാവിൽ വെള്ളമൂറുന്നു. ഇത്ര രുചികരമായ ക്രിസ്മസ് വിരുന്ന് മറ്റൊരിക്കലും അനുഭവിച്ചിട്ടില്ല. ക്രിസ്മസ് കേക്ക്…ഹൊ…. ഞാനെത്ര പറഞ്ഞാലും അതിന്റെ രുചിയുടെ സത്യസന്ധമായ വിവരണമാവില്ല. കഴിച്ചുനോക്കിയാലേ ആ രുചിയനുഭവം കൃത്യമായി കിട്ടൂ…

വയറുനിറച്ചു കഴിച്ചെന്നല്ല, ഹൃദയം നിറച്ചുകഴിച്ചുവെന്നാണ് പറയേണ്ടത്. 2019 ക്രിസ്മസ് മറക്കാനാവാത്ത അനുഭവമായി. ഭക്ഷണത്തിന്റെ രുചി കൊണ്ടും ആതിഥേയരായ ശരത്കുമാറിന്റെയും രാധികയുടെയും സൗഹൃദത്തിന്റെ രുചി കൊണ്ടും…

shortlink

Related Articles

Post Your Comments


Back to top button