സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായിരുന്ന അവതാരകയും മോഡലുമായ ജാഗീ ജോണിന്റെ മരണത്തിലെ ദുരൂഹത ചര്‍ച്ചയാകുന്നു. തിരുവനന്തപുരത്ത് കുറവൻകോണത്തെ വീട്ടിലേ അടുക്കളയിലാണ് ജാഗിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീഴ്ചയിൽ തലയ്ക്കു പിന്നിലേറ്റ ക്ഷതമാണ് ജാഗിയുടെ മരണകാരണമെന്ന് വിലയിരുത്തല്‍. ജാഗി സ്വയം വീണതാണോ മറ്റെന്തെങ്കിലും സംഭവിച്ചതാണോയെന്നു കണ്ടെത്തേണ്ടതുണ്ടെന്നു പൊലീസ്. ആന്തരിക രക്തസ്രാവം മൂലമാകാം മരണമെന്നാണു ഡോക്ടർമാരുടെ നിഗമനം.
കുടുംബ സുഹൃത്തുക്കളും അയൽവാസികളുമാണ് പോലീസിനെ വിവരമറിയിച്ചത്. അതിനെത്തുടർന്ന് ഡിസംബർ 23നു വൈകിട്ട് പൊലീസ് വീട്ടിലെത്തുമ്പോൾ പൂട്ടിയ ഗേറ്റിന്റെ അകത്തു നിൽക്കുകയായിരുന്നു ജാഗീയുടെ അമ്മ. മുന്നിലെയും പിൻവശത്തെയും വാതിൽ തുറന്നു കിടക്കുകയായിരുന്നു. വീടിനുള്ളിലെത്തിയ പൊലീസ് സംഘം കണ്ടത് അടുക്കളയിൽ നിലത്തു മരിച്ചു കിടക്കുന്ന ജാഗീയെയാണ്.
അടുക്കളയില്‍ പാചകത്തിനായി പച്ചക്കറികൾ അരിഞ്ഞു വച്ചിരുന്നു. വാഷിങ് മെഷീനിൽ തുണികളിട്ടിരുന്നു. അലക്കിയ കുറച്ചു തുണികൾ പുറകുവശത്ത് വിരിച്ചിട്ടുണ്ടായിരുന്നു. ജാഗിയുടെ ശരീരത്തിന് പുറമേ രക്തപ്പാടുകളോ മുറിവുകളോ ഇല്ലായിരുന്നു. ആന്തരിക രക്തസ്രാവം മൂലമാകാം മരണം സംഭവിച്ചതെന്നാണു നിഗമനം. ജാഗീയുടെ ഫോണ്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.
കവടിയാറിലെ വീട്ടിൽ അമ്മയോടൊപ്പമാണ് ജാഗി താമസിച്ചിരുന്നത്. അയൽവാസികളുമായി കാര്യമായ ബന്ധമുണ്ടായിരുന്നില്ല. മാതാവ് പരസ്പരവിരുദ്ധമായാണ് പൊലീസിനോട് സംസാരിച്ചത്. 10 വർഷം മുൻപു വാഹനാപകടത്തിൽ ഇവരുടെ മകനും ഭർത്താവും മരണപ്പെട്ടശേഷം ഇത്തരത്തിലാണ് പെരുമാറ്റമെന്ന് അയൽക്കാർ പറയുന്നു. 7 വർഷം മുൻപു വിവാഹബന്ധം വേർപിരിഞ്ഞ ജാഗി ബന്ധുക്കളുമായും അടുത്ത ബന്ധം പുലർത്തിയിരുന്നില്ല.
Post Your Comments