നിര്‍മ്മാതാക്കളെ മനോരോഗികളെന്ന് വിളിച്ചുകൊണ്ടുള്ള പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ ഷെയ്ൻ നിഗം. തനിക്ക് തെറ്റുപറ്റിപ്പോയെന്നും മാപ്പ് നല്‍കണമെന്നും കാണിച്ച് ഷെയ്ന് നിഗം നിര്‍മ്മാതാക്കള്‍ക്ക് ഇ-മെയിൽ വഴിയാണ് മാപ്പ് പറഞ്ഞ് കത്ത് അയച്ചിരിക്കുന്നത്. താരസംഘടനയായ അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷന് എന്നിവര്‍ക്കാണ് ഷെയ്ന് നിഗം ഇ-മെയിൽ വഴി കത്ത് അയച്ചിരിക്കുന്നത്. തന്റെ പ്രസ്താവന മൂലംആര്ക്കെങ്കിലും വിഷമം ഉണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അത്തരത്തിലുള്ള പരാമര്‍ശം മനപൂര്‍വ്വമായല്ല നടത്തിയതെന്നും ഷെയിന്‍ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
എന്നാൽ കത്ത് ലഭിച്ചതിനെതുടര്‍ന്ന് ഉടൻ ചര്‍ച്ച ഉണ്ടാകുമോ എന്ന വിഷയത്തിൽ സംഘടനാഭാരവാഹികള്‍ പ്രതികരിച്ചിട്ടില്ല. ജനുവരിയിൽ കൊച്ചിയിൽ നടക്കുന്ന താരസംഘടന അമ്മയുടെ എക്സിക്യൂട്ടീവിന് ശേഷമായിരിക്കും ചര്‍ച്ച എന്നാണറിയുന്നത്.
വെയിൽ, ഖുര്‍ബാനി എന്നീ സിനിമകളുമായുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്നാണ് ഷെയ്നിനെ വിലക്കാനുള്ള തീരുമാനങ്ങള്‍ ഉണ്ടായത്. ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടക്കുന്നതിനിടെ ഷെയ്ൻ ഐഎഫ്എഫ്കെ നഗരിയിൽ മാധ്യമങ്ങളോട് പ്രതികരിക്കവേ നിര്‍മ്മാതാക്കളെ മനോരോഗികളെന്ന് പരാമര്ശിച്ചതോടെയാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ അവസാനിച്ചിരുന്നത്.
ഇതോടെയാണ് ഷെയ്ൻ പരസ്യമായി ഖേദം പ്രകടിപ്പിച്ച ശേഷം മാത്രമേ ഇനി ചര്ച്ചകളുണ്ടാകുകയുള്ളൂവെന്ന് നിര്‍മ്മാതാക്കളുടെ സംഘടന നിലപാട് അറിയിച്ചിരുന്നത്. ഇതേ തുടര്‍ന്ന് ഷെയ്ൻ ഫേസ്ബുക്കിലൂടെ ഇവരോട് മാപ്പ് ചോദിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ ഇ-മെയിൽ വഴി ഖേദപ്രകടനം നടത്തിയിരിക്കുന്നത്.
Post Your Comments