മലയാള സിനിമയിലെ മുന്‍നിര അഭിനേത്രിയും ഒപ്പം മികച്ചൊരു നര്‍ത്തകി കൂടിയാണ് ഊര്‍മ്മിള ഉണ്ണി. ഇപ്പോഴിതാ കോവിലകങ്ങളിലെ സ്ത്രീകളുടെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തുകയാണ് നടി. കോവിലകങ്ങളിൽ മാസത്തിൽ രണ്ടു തവണ അഭ്യംഗസ്‌നാനം എന്ന തേച്ചുകുളി ഉണ്ടാകും. ശനിയാഴ്ചകളിൽ തേച്ചുകുളിച്ചാൽ സൗന്ദര്യം വർധിക്കും എന്നാണു പറയുന്നത്. അന്ന് നല്ലെണ്ണ ശരീരത്തും, മുഖത്ത് വെന്ത വെളിച്ചെണ്ണയും തേക്കും ഊര്‍മ്മിള ഉണ്ണി പറയുന്നു. മുടിയിൽ മുറുക്കിയ വെളിച്ചെണ്ണ. അരിപ്പൊടിയും തൈരും ചേർത്തു കുഴച്ച് തേച്ചാണ് ശരീരത്തിലെ എണ്ണ കളയുന്നത്.
ശരീരത്തിന് സുഗന്ധം വേണമെങ്കിൽ ഈ അരിപ്പൊടി –തൈര് കുഴമ്പിലേക്ക് രണ്ടുതുള്ളി ചന്ദനതൈലം ചേർക്കാം. കറിവേപ്പിലയും മൈലാഞ്ചിയിലയും ചേർത്തു മുറുക്കിയ വെളിച്ചെണ്ണ മുടിക്കു നല്ല കറുപ്പുനൽകും, നരയും തടയും. പശുവിൻ നെയ് ചുണ്ടുകളുടെ വരൾച്ചയെ തടയും. കോവിലകങ്ങളിൽ കൺമഷി തയാറാക്കിയിരുന്നു.
പനിക്കൂർക്കയും വെറ്റിലയും അരച്ചതു യോജിപ്പിച്ച് അതിൽ തോർത്തു മുക്കിവയ്ക്കും. മൂന്നു നാലു തവണ മുക്കി ഉണക്കിയ തോർത്തു കീറി തിരി തെറുത്ത് ഓട്ടു വിളക്കിൽ എണ്ണയ്ക്കു പകരം നെയ് ഒഴിച്ച് ആ തിരി കത്തിക്കും. തിരിനാളം ഒരു ഓട്ടു ചട്ടുകത്തിലേക്ക് ചരിച്ചു വയ്ക്കും. രാത്രി മുഴുവൻ കത്തിച്ചു വയ്ക്കണം. വെളുപ്പിന് ഒരഞ്ചു മണിയോടെ കരി ചട്ടുകത്തിൽ നിന്ന് ചുരണ്ടിയെടുക്കും.
അതിലേക്ക് ഒരു സ്പൂൺ നെയ്യും ഒരു തുള്ളി നാരങ്ങാനീരും ചേർത്ത് കൺമഷി തയാറാക്കാം. ഇത് പാത്രത്തിൽ സൂക്ഷിച്ചു വയ്ക്കാം. 5–6 വർഷത്തേയ്ക്ക് ഈ കൺമഷി മതി. വീട്ടിൽ തയാറാക്കുന്ന അഷ്ടഗന്ധം എന്ന പൊടി കനലിലേയ്ക്കിട്ട് അതു കൊണ്ട് മുടി പുകയ്ക്കുമായിരുന്നു.’’
Post Your Comments