ഒരുപാട് കഷ്ടപ്പാടുകളും യാതനകളും അവഗണനകളുമൊക്കെ അനുഭവിച്ചവരാണ് ഇന്നത്തെ മിക്ക സൂപ്പര്‍ താരങ്ങളും. ഇന്ത്യന്‍ സിനിമയുടെ തന്നെ സൂപ്പര്‍ സ്റ്റാറായ രജനീകാന്തിന്റെ തുടക്കവും കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു. ഒരിക്കല്‍ തന്നെ എവിഎം സ്റ്റുഡിയോയില്‍ നിന്നും ഇറക്കിവിട്ട സംഭവത്തെ കുറിച്ച് മനസ് തുറക്കുകയാണ് രജനി ഇപ്പോൾ. തന്റയെ പുതിയ ചിത്രമായ ദര്‍ബാറിന്റെ ഓഡിയോ ലോഞ്ചിലായിരുന്നു രജനി ഇതിനെ കുറിച്ച് പറഞ്ഞത്.
പതിനാറ് വയതിനിലെ രണ്ടാം വാരത്തിലേക്ക് കടന്ന സമയാണ്. അതിന് മുമ്പും സിനികള്‍ ചെയ്തിട്ടുണ്ടെങ്കിലും ആ സിനിമയായിരുന്നു എന്നെ ജനങ്ങളിലേക്ക് എത്തിച്ചത്. ആ സമയം ഒരു നിര്‍മ്മാതാവ് എന്റെ അടുത്ത് വന്നു. ഒരു സിനിമയുണ്ട്, ഹീറോ ആരാണെന്ന് പറയുന്നില്ല, നല്ല വേഷമാണ് , നിങ്ങള്‍ അഭിനയിക്കണമെന്ന് പറഞ്ഞു. എനിക്ക് ഡേറ്റുമുണ്ടായിരുന്നു. പിന്നെ തുകയെ കുറിച്ചൊക്കെ സംസാരിച്ചു. പതിനായിരത്തില്‍ തുടങ്ങി ആറായിരത്തില്‍ നിന്നു.
ഞാന്‍ ആയിരം രൂപ അഡ്വാന്‍സ് ചോദിച്ചു. അതാണ് രീതി. പക്ഷെ കെെയ്യില്‍ കാശൊന്നുമില്ലെന്നാണ് നിര്‍മ്മാതാവ് പറഞ്ഞത്. നാളെ വണ്ടി അയക്കാമെന്നും പ്രൊഡക്ഷന്‍ മാനോജരുമുണ്ടാകും അദ്ദേഹത്തിന്റെ കെെവശം പണം കൊടുത്തു വിടാമെന്നും പറഞ്ഞു. പിറ്റേന്ന് ഡ്രെെവറും പ്രൊഡക്ഷന്‍ മാനേജരും വന്നു. അവരോട് പണം ചോദിച്ചപ്പോള്‍ നിര്‍മ്മാതാവ് ഒന്നും പറഞ്ഞില്ലെന്നായിരുന്നു മറുപടി. ഉടനെ ഹോട്ടലിന് അടുത്തുള്ള കടയില്‍ പോയി നിര്മ്മതാാവിനെ വിളിച്ചു. കാശ് കൊടുത്തു വിടാന്‍ മറന്നതാണെന്നും വന്ന് മേയ്ക്ക് അപ്പ് ഇടാന്‍ തുടങ്ങും മുമ്പ് കാശ് തരുമെന്നും അദ്ദേഹം പറഞ്ഞു.
ഷൂട്ടിങ് ലൊക്കേഷനില്‍ എത്തിയപ്പോല്‍ ഹീറോയൊക്കെ വന്നിട്ടുണ്ടായിരുന്നു. മേയ്ക്ക് അപ്പ് ആര്‍ട്ടിസ്റ്റ് വന്ന് മേയ്ക്ക് അപ്പ് വേഗം ഇടാമെന്ന് പറഞ്ഞു. പക്ഷെ എനിക്ക് തരാമെന്ന് പറഞ്ഞ ആയിരം കിട്ടിയില്ലെന്നും അത് കിട്ടിയിട്ട് മേയ്ക്ക് അപ്പ് ഇടാമെന്നും ഞാന്‍ വ്യക്തമാക്കി. പത്തരയായപ്പോള്‍ ഒരു വെള്ള അംബാസിഡര്‍ കാര്‍ വന്നു നിന്നു. അതില്‍ നിന്നും നിര്‍മ്മാതാവ് ഇറങ്ങി. ഇറങ്ങിയ പാടെ, എന്താടാ നീയെന്താ വലിയ ഹീറോയാണെന്നാണോ വിചാരം, നാലഞ്ച് പടമല്ലേ ആയുളളൂ, പണം നല്‍കിയില്ലെങ്കില്‍ മേയ്ക്ക് അപ്പ് ഇടില്ലേയെന്ന് ചോദിച്ചു. നീയൊക്കെ റോഡില്‍ അലയും. നിനക്ക് വേഷവുമില്ല ഒന്നുമില്ല. പോടാ എന്ന് പറഞ്ഞു.
എന്തായിത് എന്ന് പറഞ്ഞപ്പോള്‍ ഇനിയൊന്നും പറയാനില്ല പോടാ എന്നായി. എന്നാല്‍ ശരി കാര്‍ തരൂ അതില്‍ തന്നെ പൊയ്ക്കോളാം എന്ന് ഞാനും പറഞ്ഞു. അതിനൊന്നും സാധിക്കില്ല നടന്ന് പോയാ മതിയെന്നായി നിര്‍മ്മതാവ്. കെെയ്യില്‍ കാശൊന്നുമുണ്ടായിരുന്നില്ല. എന്താ സംഭവിച്ചതെന്ന് ആലോചിച്ചു കൊണ്ട് എവിഎം സ്റ്റുഡിയോയില്‍ നിന്നും ഇറങ്ങി നടന്നു. വരുന്ന വഴിയില്‍ പതിനാറ് വയതിനിലെ രണ്ടാം വാരം എന്ന പോസ്റ്റര്‍ മതിലുകളിലൊക്കെ ഒട്ടിച്ചിരുന്നു. ഇതെപ്പുടിയിരുക്ക് എന്ന എന്റെ ഡയലോഗടക്കം.
നടന്നു പോകുമ്പോള്‍ ബസില്‍ ഇരിക്കുന്നവരൊക്കെ ഇതെപ്പടിയിരുക്ക് എന്ന് പറയുന്നുണ്ടായിരുന്നു. ഞാന്‍ കരുതി പോസ്റ്റര്‍ കണ്ടാകുമെന്ന്. എന്റെ പിന്നാലെ ചിലര്‍ കൂടി. പക്ഷെ എന്റെ മനസില്‍ വേറെയായിരുന്നു ചിന്ത. മനസില്‍ ഞാന്‍ ചിന്തിച്ചത് ഒന്നുമാത്രമായിരുന്നു. ഒരുനാള്‍ ഇതേ കോടമ്പക്കം റോഡിലൂടെ ഫോറിന് കാറില്‍ കാലിന്മേല് കാല് വച്ച് വരുമെന്നും ഇതേ എവിഎം സ്റ്റുഡിയോയില്‍ വന്നിറങ്ങുമെന്നുമായിരുന്നു. അല്ലെങ്കില്‍ എന്റെ പേര് രജനീകാന്തല്ല.
രണ്ടര വര്‍ഷം കഴിഞ്ഞപ്പോള്‍ എവിഎം ചെട്ടിയാര്‍ ഉപയോഗിച്ച ഫിയറ്റ് കാര്‍ നാലര ലക്ഷം കൊടുത്ത് വാങ്ങി. ഫോറിന് കാറാണെങ്കില്‍ ഡ്രെെവറും ഫോറിന് ആയിരിക്കണമെന്നായി. അങ്ങനെ റോബിന്‍സണ്‍ എന്നൊരു ആംഗ്ലോ ഇന്ത്യാക്കാരന് ഡ്രെെവറായി വന്നു. പാന്റും ബെല്‍റ്റും തൊപ്പിയുമൊക്കെയായി ഫുള്‍ യൂണിഫോം അയാള്‍ക്ക് നല്കാന് ആവശ്യപ്പെട്ടു. പിറ്റേദിവസം രാവിലെ തന്നെ റോബിന്‍സണ്‍ വന്നു. കുനിഞ്ഞ് തൊപ്പിയൊക്കെ ഊരി കാറിന്റെ ഡോര്‍ തുറന്നു. ഞാന്‍ കയറിയിരുന്ന്, വിടെടാ വണ്ടി എവിഎമ്മിലേക്ക് എന്ന് പറഞ്ഞു.
അന്ന് ആ നിര്‍മ്മാതാവ് വണ്ടി നിര്‍ത്തിയ അതേ ഇടത്ത് കാര്‍ നിര്‍ത്തിച്ച് ഞാന്‍ പുറത്തിറങ്ങി. വണ്ടിയില്‍ ചാരി നിന്ന് 555 സിഗരറ്റ് വലിച്ചു. വണ്ടിയും തൊപ്പി വച്ച ഡ്രെെവറെയുമെല്ലാം കണ്ടപ്പോള്‍ അവിടെയുള്ളവര്‍ കരുതിയത് ഗവര്‍ണര്‍ വന്നെന്നായിരുന്നു. പിന്നെയാണ് ഞാനാണെന്ന് മനസിലായത്. ഇതെല്ലാം സാധിച്ചത് എന്റെ കഴിവുകൊണ്ടോ മിടുക്ക് കൊണ്ടോയല്ല, എല്ലാം നേരം ശരിയായത് കൊണ്ട് സംഭവിച്ചതാണ് രജനീകാന്ത് പറയുന്നു.
Post Your Comments