ക്രിസ്മസ് ആഘോഷങ്ങളുടെ സ്മരണ പുതുക്കുകയാണ് മലയാളത്തിന്റെ പുതു തലമുറയിലെ ഹിറ്റ് സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി. തന്റെ ഭൂരിഭാഗം സിനിമകളിലും ക്രിസ്തീയമായ ബിംബങ്ങള്‍ കടന്നു വരാറുണ്ടെന്ന പരാമര്‍ശത്തെക്കുറിച്ചും വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ മറുപടി പറയുകയാണ് ലിജോ.
‘കാലടിക്ക് അപ്പുറമുള്ള കൊറ്റമം എന്ന ഗ്രാമത്തിലാണ് എന്റെ അമ്മയുടെ വീട്. ആകെ നാല് കടകള്‍ മാത്രമല്ല ഒരു കുഗ്രാമമാണത്. നിറയെ തെങ്ങും വയലുമുള്ള ഒരു ഗ്രാമം. ഇങ്ങനെയുള്ള സ്ഥലത്തിന് ഒരു വിശുദ്ധിയുണ്ട്. അവിടെ കിടക്കുന്ന ആള്ക്കാര് പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. അതുകൊണ്ട് അവിടെയുള്ള പള്ളിയും പള്ളിവികാരിയും പള്ളി പറമ്പും ആ പറമ്പില്‍ വെച്ച് മൊട്ടിടുന്ന പ്രേമവും അതിന്റെ പര്യവസാനമൊക്കെ ദൃശ്യങ്ങളായി തന്നെ മനസ്സിലേക്കു വരും. എന്റെ പല സിനിമകളിലും കൊറ്റമം ഗ്രാമവും അവിടെ ജീവിച്ച മനുഷ്യരുമുണ്ട്. പ്രത്യേകിച്ച് ‘ആമേന്‍’ പോലെ പ്രണയം പറഞ്ഞ സിനിമകളില്‍. കൊറ്റമം ഗ്രാമത്തിന്റെ സവിശേഷതകള്‍ പോലെയായിരുന്നു അവിടുത്തെ ക്രിസ്മസും. തനി നാടന്‍ ബോര്‍ഡിംഗ് സ്കൂളില്‍ പഠിക്കുന്ന എന്നെ സംബന്ധിച്ചിടത്തോളം ആ കാഴ്ചകള്‍ അസാധാരണമായിരുന്നു. എല്ലാ ദിവസവും പള്ളിയില്‍ പോകുകയും പ്രാര്‍ഥിക്കുകയും കുര്‍ബാനയില്‍ പങ്കെടുക്കുകയും ചെയ്യുന്ന ആളാണെങ്കിലും കൊറ്റമം ഗ്രാമത്തിലെ ഒറ്റപ്പെട്ട പള്ളിയും അതിന്റെ ചുറ്റുപാടുകളും അവിടെ അരങ്ങേറുന്ന ഉത്സവങ്ങളുമൊക്കെ വിശേഷപ്പെട്ടതുതന്നെയായിരുന്നു. ചാലക്കുടിയില്‍ ജനിച്ചു വളര്‍ന്ന എനിക്ക് പരിചിതമായ ജീവിതമാണ് അങ്കമാലി ഡയറീസില്‍ പറഞ്ഞത്. ചെമ്പന്‍ വിനോദാണ് ആ സിനിമ എഴുതിയത്. അതിലും വരുന്നുണ്ട് പള്ളിയും പെരുന്നാളുമൊക്കെ. എന്നോട് പലരും ചോദിച്ചിട്ടുണ്ട് ക്രിസ്തീയമായ ബിംബങ്ങളിലൂടെ കടന്നു പോകുന്നതാണല്ലോ ഭൂരിഭാഗം സിനിമകളും. അത് മനപൂര്‍വ്വം ചെയ്യുന്നതല്ല. കഥയ്ക്കും കഥാപാത്രത്തിനനുസരിച്ചും അങ്ങനെ വന്നുചേരുന്നതാണ്’.
Post Your Comments