CinemaGeneralLatest NewsMollywoodNEWS

‘പുരസ്കാരം ഏറ്റുവാങ്ങും പക്ഷെ അത് ആഘോഷിക്കാൻ താനില്ല’ ; വെളിപ്പെടുത്തലുമായി നടൻ ജോജു ജോർജ്ജ്

കുടുംബത്തെ പോലും കൂട്ടാതെ തനിച്ചാണ് ഇത്രയും വലിയ വേദിയിലേക്ക് താൻ എത്തിയിരിക്കുന്നത്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ എങ്ങും പ്രതിഷേധങ്ങൾ ശക്തമായി തുടരുകയാണ്. രാഷ്ട്രീയ- സാംസ്കാരിക മേഖലയിലുള്‍പ്പെടെ നിരവധി പേര്‍ നിയമത്തിനെതിരെ രംഗത്തെത്തിക്കൊണ്ടിരിക്കുന്നതിനിടെ ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന് നടക്കാനിരിക്കുകയാണ്. ഈ വിഷയത്തിലെ പ്രതിഷേധ സൂചകമായി പുരസ്കാര വിതരണ ചടങ്ങിൽ നിന്ന് സുഡാനി ഫ്രം നൈജീരിയ ടീം വിട്ടു നിൽക്കുമ്പോൾ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായ ജോജു ജോര്‍ജ്ജ് ചടങ്ങ് ബഹിഷ്കരിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ജോസഫ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജോജുവിന് പ്രത്യേക പരാമർശം ലഭിച്ചിരിക്കുന്നത്.

ദേശീയ പുരസ്കാരം വാങ്ങുമ്പോഴും പൗരത്വ ഭേദഗതിയെക്കുറിച്ചുള്ള നിലപാടിൽ മാറ്റമില്ലെന്ന് നടൻ ജോജു ജോർജ് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ. പുറത്തു നടക്കുന്ന കാര്യങ്ങൾ അത്ര സുഗമമല്ലെന്നു നല്ല ബോധ്യമുണ്ടെന്നും അതു കൊണ്ടു തന്നെ ആ പുരസ്കാരം സ്വീകരിക്കുക മാത്രമാണ് താൻ ചെയ്യുന്നതെന്ന് താരം വ്യക്തമാക്കി. മറിച്ച് അത് ആഘോഷിക്കാൻ താനില്ല. ഈ ചടങ്ങിൽ നിന്നുള്ള ഒരു ചിത്രവും സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയുമില്ലെന്നും ജോജു ജോര്‍ജ്ജ് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കുടുംബത്തെ പോലും കൂട്ടാതെ തനിച്ചാണ് ഇത്രയും വലിയ വേദിയിലേക്ക് താൻ എത്തിയിരിക്കുന്നത് എന്നും ആഘോഷങ്ങളില്ലാതെ ചെയ്ത ജോലിക്കു ലഭിച്ച പുരസ്കാരം വാങ്ങുക എന്നു മാത്രമേ ഉദ്ദേശിച്ചിട്ടുള്ളുവെന്നും ജോജു പറഞ്ഞു. പുരസ്കാര വാർത്ത എത്തുമ്പോൾ കേരളത്തിൽ പ്രളയമായിരുന്നുവെന്നും അന്നും ആഘോഷിച്ചില്ലെന്നും പൗരത്വ നിയമത്തെ അനുകൂലിക്കാത്തതു കൊണ്ട് ഇപ്പോഴും ആഘോഷിക്കുന്നില്ലെന്നും ജോജു ജോര്‍ജ്ജ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button