മലയാളികള്‍ക്ക് നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് ലാല്‍ ജോസ്.സംവിധായകന്‍ എന്നതിനപ്പുറം അഭിനയത്തിനും അദ്ദേഹം കൈയ്യടി നേടി.ഹൃദ്രോഗബാധയെ തുടര്‍ന്ന് അന്തരിച്ച മലയാള സിനിമയിലെ ഛായാഗ്രഹനും സംവിധായകനുമായ രാമചന്ദ്ര ബാബുവിനെ ഓര്‍ക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. അദ്ദേഹത്തിന്റെ ഒപ്പം ചെലവഴിച്ച സമയങ്ങളെ കുറിച്ചും ഒരു തുടക്കകാരനായിരുന്ന കാലത്ത് തന്നോട് കാണിച്ച സ്നേഹത്തെകുറിച്ചും വളരെ വൈകാരിമായിട്ടാണ് ലാല്‍ ജോസ് അദ്ദേഹത്തിന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. കുറിപ്പിന്റെ കൂടെ പഴയൊരു ഫോട്ടോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ലാല്‍ ജോസിന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നത് ഇങ്ങനെയായിരുന്നു.കമല്‍ സാറിന്റെ അസിസ്റ്റാന്റായി സിനിമ പഠിക്കുന്ന കാലം. ഗസലിന്റെ ഷൂട്ടിംഗ്. പതിഞ്ഞ താളമുളള ഒരു ഗസല്‍ പോലെ ക്യാമറയുടെ മൂളക്കമുളള സെറ്റ്. ക്യാമറക്ക് പിന്നില്‍ രാമചന്ദ്ര ബാബുവെന്ന ലെജന്ററി ക്യാമറാമാന്‍. കണ്ണുകള്‍ കൊണ്ടാണ് ബാബുവേട്ടന്റെ സംസാരമത്രയും. ഷോട്ട് കഴിയുമ്പോള്‍ ക്യാമറയുടെ ഐ പീസില്‍ നിന്ന് കണ്ണെടുത്ത് സംവിധായകനെ നോക്കി ചെറുങ്ങനെ ചിരിച്ചാല്‍ റീടേക്ക് വേണമെന്നര്‍ത്ഥം. തന്റെ കണ്ണട ഊരി കഴുത്തിലെ സ്ട്രിങ്ങിലേക്കിട്ടാല്‍ ഷോട്ട് ഒ.കെ. ഒച്ച ബഹളങ്ങളൊന്നുമില്ലാതെ കാഴ്ചയിലേക്ക് മാത്രം ഏകാഗ്രനായി ഉന്നം പിടിക്കുന്ന ബാബുവേട്ടന്റെ സ്റ്റൈല്‍ ആദരവോടെ നോക്കിനിന്നിട്ടുണ്ട്. ദൃശ്യത്തിന്റെ ചതുരത്തിലേക്ക് കഥാപാത്രങ്ങളുടെ അനുഭവങ്ങളെ അടുക്കിവക്കാനായി നിശബ്ദം ധ്യാനിക്കുന്ന ക്യാമറാമാന്‍.
പിന്നീട് കമല്‍ സാറിന്റെ തന്നെ ഭൂമിഗീതം എന്ന സിനിമയുടെ ക്യാമറാമാനായി അദ്ദേഹം എത്തിയപ്പോഴും ഒരുമിച്ച് ജോലി ചെയ്യാന്‍ അവസരം ലഭിച്ചു. കൂടുതല്‍ അടുത്ത് ഇടപഴകനായത് അനില്‍ദാസ് എന്ന നവാഗത സംവിധായകന്റെ സര്‍ഗ്ഗവസന്തം എന്ന സിനിമയുടെ സെറ്റില്‍വച്ചാണ്. ഞാനായിരുന്നു അസോസിയേറ്റ് ഡയറക്ടര്‍. ഷൂട്ടിംഗ് നാളുകളിലൊന്നില്‍ ഒരു വൈകുന്നേരം ബാബുവേട്ടന്‍ എന്നെ അദ്ദേഹത്തിന്റെ മുറിയിലേക്ക് വിളിച്ചു. ഒപ്പം ഒരു തണുത്ത ബിയര്‍ കുടിക്കാനായി. മദ്യപാനവും പുകവലിയും ഒന്നും ശീലമാക്കാത്തയാളാണ് അദ്ദേഹം. ചെറുപ്പക്കാരാ നിന്റെ ജോലി എനിക്ക് ഇഷ്ടമായി എന്ന് വാക്കുകളിലൂടെ വിളംബരം ചെയ്യുന്നതിനു പകരം സൗമ്യനായ ആ മനുഷ്യന്‍ വേനല്‍കാലത്തെ ഒരു സായാഹ്നം എനിക്കൊപ്പം ബിയര്‍ കുടിക്കാനായി മാറ്റിവച്ചു. ബാബുവേട്ടാ, സംവിധായകനാകാനുളള ആത്മധൈര്യമില്ലാതെ പലരുടേയും അസോസിയേറ്റായി കാലം കഴിച്ചിരുന്ന ആ കാലത്ത് ഒപ്പം പിടിച്ചിരുത്തി നിങ്ങള്‍ പകര്‍ന്നു തന്ന തണുത്ത ബിയര്‍ ഒരൗണ്‍സ് ആത്മവിശ്വാസമായാണ് ഉളളിലേക്ക് അരിച്ചിറങ്ങിയത്. അങ്ങയെ ഓര്‍ക്കുമ്പോള്‍ മനസ്സിലിപ്പോഴും ആ തണുപ്പുണ്ട്.ലാല്‍ജോസിന്റെ ഈ വൈകാരികമായ കുറിപ്പാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
Post Your Comments