തെന്നിന്ത്യന്‍ സിനിമയിലെ വിഖ്യാത ഛായാഗ്രഹകന് രാമചന്ദ്രബാബു വിടപറഞ്ഞു. മലയാളികളുടെ കാഴയുടെ ഭാഷയെ നവീകരിച്ച ഛായാഗ്രഹകനായിരുന്നു രാമചന്ദ്രബാബു. ദൃശ്യതയിലൂടെ സ്വപ്നങ്ങള്‍ക്ക് ചിറക് വിരിയിച്ച ഈ കലാകാരന് ലോക സിനിമയുടെ കാഴ്ചാ ശീലങ്ങളെ മലയാള ചിത്രങ്ങളിലേയ്ക്കും സന്നിവേശിപ്പിച്ചു. ഒരിക്കലും മറക്കാൻ പറ്റാത്ത കാഴ്ചവിസ്മയങ്ങൾ മലയാളിക്ക് സമ്മാനിക്കുന്നതിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന അദ്ദേഹം വിടവാങ്ങുമ്പോള്‍ ക്ലാസിക്ക് സിനിമകൾക്ക് ദൃശ്യ ചാരുത നല്കിയ മികച്ച ഛായാഗ്രഹകനെയാണ് മലയാള സിനിമയ്ക്ക് നഷ്ടമാകുന്നത്.
read also:സംവിധായകന് ലാല്‍ ജോസിന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ് ഏറ്റെടുത്ത് ആരാധകര്‍.
മലയാള സിനിമയുടെ സാങ്കേതിക വിപ്ലവത്തിന് ചുക്കാൻ പിടിച്ച ഛായാഗ്രഹകനായിരുന്നു രാമചന്ദ്രബാബു. എന്നാല്‍ വിടപറയുന്നത് സ്വന്തം സ്വപ്നം പൂവണിയുന്നത് കാണാന്‍ ആകുന്നത് കഴിയാതെ.. ജനപ്രിയ നായകന് ദിലീപ് നായകനാവുന്ന ത്രിഡി ചിത്രം പ്രൊഫ.ഡിങ്കൻ അടുത്ത വർഷം പുറത്തിറങ്ങാനിരിക്കെയാണ് അദ്ദേഹത്തിന്റെ മരണം.
ആദ്യ 70 എംഎം, സിനിമാസ്കോപ് എന്നിങ്ങനെ സാങ്കേതിക വിപ്ലവത്തിന് ചുക്കാൻ പിടിച്ച ഈ ഛായാഗ്രഹകന് അതുല്യ സംവിധായകരായ ജോൺ എബ്രഹാം, എം.ടി. വാസുദേവൻ നായർ, കെ.ജി. ജോർജ്, രാമുകാര്യാട്ട്, ഭരതൻ, ഐ.വി. ശശി തുടങ്ങിയ ഒരു പിടി സംവിധായകരുടെ പ്രിയപ്പെട്ട ക്യാമറമാന് കൂടിയായിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്തില്‍ നിന്നും കളറിലേക്ക് മാറിയ സിനിമയ്ക്കൊപ്പവും പ്രവര്‍ത്തിച്ച രാമചന്ദ്ര ബാബുവാണ് ദക്ഷിണേന്ത്യയിലെ ആദ്യ സിനിമാസ്കോപ് ചിത്രം അലാവുദ്ദീനും അത്ഭുതവിളക്കിനും ഛായാഗ്രഹണം നിർവഹിച്ചത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, അറബിക്, ഇംഗ്ലീഷ് സിനിമാ മേഖലയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 130-ലേറെ സിനിമകൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.
1947 ഡിസംബർ 15-ന് തമിഴ്നാട്ടിലെ ചെങ്കൽപ്പേട്ടയിലാണ് രാമചന്ദ്ര ബാബുവിന്റെ ജനനം. മദ്രാസിലെ ലയോള കോളേജിൽനിന്ന് രസതന്ത്രത്തിൽ ബിരുദം. പിന്നീട് പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഛായാഗ്രഹണവും പഠിച്ചു. ജോൺ എബ്രഹാം സംവിധാനം ചെയ്ത വിദ്യാർഥികളെ ഇതിലേ ഇതിലേ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യചിത്രം. നിർമാല്യം, സ്വപ്നാടനം, ദ്വീപ്, രതിനിർവേദം, ചാമരം, ഒരു വടക്കൻ വീരഗാഥ, പടയോട്ടം, സല്ലാപം, ആധാരം തുടങ്ങിയ മലയാളികളുടെ മനസ്സിൽ എക്കാലവും നിറഞ്ഞുനിൽക്കുന്ന ഒട്ടേറെ സിനിമകളുടെ ഛായാഗ്രഹണം നിർവഹിച്ച രാമചന്ദ്ര ബാബു പൈറേറ്റ്സ് ബ്ലഡ്, ബിയോണ്ട് ദി സോൾ എന്നീ ഇംഗ്ലീഷ് സിനിമകള്‍ക്കും അൽ-ബൂം എന്ന അറബിക് സിനിമയ്ക്കും ക്യാമറ ചലപ്പിച്ചു.
മികച്ച ഛായാഗ്രഹകനുള്ള സംസ്ഥാന അവാർഡ് നാലുതവണ രാമചന്ദ്ര ബാബു സ്വന്തമാക്കി. കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള, ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്ര മേള എന്നിവയുടെ സാങ്കേതികവിഭാഗത്തിൽ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
Post Your Comments