മലയാളി പൊളിയല്ലെ ; പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധ സേവ് ദ ഡേറ്റുമായി എത്തിയ വധു വരന്മാർക്ക് അഭിനന്ദനവുമായി സ്വര ഭാസ്കര്‍

കേരളത്തില്‍ നിന്നുമുള്ള പ്രതിശ്രുത വധുവും വരനുമാണ് സേവ് ദ ഡേറ്റ് ഫോട്ടോഗ്രഫിയിലൂടെ പ്രതിഷേധം അറിയിച്ചത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാവുകയാണ്. വിദ്യാര്‍ഥികളായിരുന്നു ആദ്യം തെരുവിലിറങ്ങിയത്. പിന്നാലെ മറ്റുള്ളവരും പ്രതിഷേധമുയര്‍ത്തി രംഗത്തെത്തുകയായിരുന്നു.  പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കാന്‍ പല വഴികള്‍ കണ്ടെത്തുകയാണ് ജനങ്ങൾ. ഇതിനിടെ തങ്ങളുടെ വിവാഹം തന്നെ പ്രതിഷേധത്തിനുള്ള അവസരമാക്കി മാറ്റിയ പ്രതിശ്രുത വധുവും വരനും ശ്രദ്ധ നേടി.

കേരളത്തില്‍ നിന്നുമുള്ള പ്രതിശ്രുത വധുവും വരനുമാണ് സേവ് ദ ഡേറ്റ് ഫോട്ടോഗ്രഫിയിലൂടെ പ്രതിഷേധം അറിയിച്ചത്. അരുണ്‍ ഗോപിയും ആശ ശേഖറുമാണ് സേവ് ദ ഡേറ്റ് നിലപാട് അറിയിക്കാനുള്ള അവസരമാക്കി മാറ്റിയത്. എന്‍ആര്‍സിയും സിഎഎയും വേണ്ടെന്നെഴുതിയ പ്ലക്കാര്‍ഡുകളുമായായിരുന്നു ഇരുവരും സേവ് ദ ഡേറ്റ് ഫോട്ടോകള്‍ക്ക് പോസ് ചെയ്തത്. 2020 ജനുവരി 31 നാണ് ഇരുവരുടേയും വിവാഹം. സോഷ്യല്‍ മീഡിയ കെെയ്യടിച്ച ഈ പ്രതിഷേധത്തിന് അഭിനന്ദനവുമായി ബോളിവുഡ് താരം സ്വര ഭാസ്കര്‍ രംഗത്തെത്തിയിരിക്കുകയാണ്.

 

ട്വിറ്ററിലൂടെയായിരുന്നു സ്വര ഫോട്ടോഷൂട്ടിനെ അഭിനന്ദിച്ചത്. ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് ഇന്നത്തെ ചിത്രം എന്നാണ് സ്വര ട്വീറ്റില്‍ കുറിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ പരസ്യമായി രംഗത്തെത്തിയ താരമാണ് സ്വര. കഴിഞ്ഞ ദിവസം മുംബെെയില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിലും സ്വര പങ്കെടുത്തിരുന്നു.

Share
Leave a Comment