പൗരത്വ നിയമ ഭേതഗതികെതിരെ തമിഴ്നാട്ടിലും വ്യാപക പ്രധിഷേധം. ചെന്നൈയില്‍ നടക്കുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി നടന് സിദ്ധാര്‍ഥും സംഗീതജ്ഞന് ടിഎം കൃഷ്ണയും എത്തി. പ്രക്ഷോഭകര്‍ക്കിടയിലേയ്ക്ക് നേരിട്ടെത്തി ഇരുവരും സമരത്തില്‍ പങ്കുചേരുകയായിരുന്നു. കലാ-സാഹിത്യ-സിനിമ രംഗങ്ങളിലെ നിരവധി പേരാണ് ജനവിരുദ്ധനിയമത്തിനെതിരായ സമരത്തില്‍ പങ്കെടുക്കുകയും തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യുന്നത്.
മുംബൈയില്‍ നടന്ന പ്രക്ഷോഭത്തില്‍ നടി പാര്‍വതി തിരുവോത്ത് പങ്കെടുത്തിരുന്നു. നടന് സിദ്ധാര്‍ഥ് പാര്‍വതിയുടെ പടം ഫേസ്ബുക്കില്‍ പങ്കുവച്ചു. ഇന്നലെ മദ്രാസ് സര്‍വകലാശാലയില്‍, നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവുമായ കമല്‍ ഹാസന് സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി എത്തിയിരുന്നു. ഗേയ്റ്റില്‍ പൊലീസ് അദ്ദേഹത്തെ തടയുകയും, തുടര്‍ന്ന് അവിടെവച്ച് വിദ്യാര്‍ഥികളോട് കമല്‍ സംസാരിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു. പൗരത്വ നിയമ ഭേദഗതികെതിരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആരംഭിച്ച പ്രതിഷേധം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടരുകയാണ്.
ഡല്‍ഹി, ഉത്തര്‍പ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമായി തുടരുകയാണ്. മംഗളൂരുവില്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. ലഖ്നൗവിലും ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു.
സോഷ്യല്‍ മീഡിയയില്‍ അഭിപ്രായ പ്രകടനങ്ങളുമായെത്തിയ നിരവധി താരങ്ങളും സംവിധായകരും മുംബൈ ഓഗസ്റ്റ് ക്രാന്തി മൈദാനില്‍ ഇന്നലെ വൈകിട്ട് നടന്ന പ്രതിഷേധ സംഗമത്തില്‍ പങ്കെടുക്കാന്‍ നേരിട്ടെത്തി.
ഫര്ഹാന് അക്തര്‍, അനുരാഗ് കശ്യപ്, നന്ദിത ദാസ്, കൊങ്കണ സെന്‍ ശര്‍മ്മ, സുശാന്ത് സിങ്, സ്വര ഭാസ്കര്‍, അദിതി റാവു ഹൈദരി, ഹുമ ഖുറേഷി, ജാവേദ് ജെഫ്രി, രാകേഷ് ഓംപ്രകാശ് മെഹ്റ, അര്ജുന് മാത്തൂര്‍, കൗസര്‍ മുനീര്‍, കബീര്‍ ഖാന്, മിനി മാത്തൂര്‍, നിഖില്‍ അദ്വാനി, സാക്വിബ് സലിം, രാജ് ബബ്ബാര്‍, സഞ്ജയ് സൂരി, അനുപ്രിയ ഗോയങ്ക തുടങ്ങിയവര്‍ പ്രതിഷേധ പരിപാടിക്ക് നേരിട്ടെത്തി.
Post Your Comments