ഈ വർഷത്തെ കായിക,വിനോദ മേഖലകളിൽ നിന്നുള്ള 100 ഇന്ത്യൻ പ്രമുഖരുടെ പട്ടിക ഫോർബ്‌സ് മാസിക പ്രസിദ്ധീകരിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏറെ വ്യത്യാസമുള്ളതാണ് ഇത്തവണത്തെ പട്ടിക. ക്രിക്കറ്റ് താരം വിരാട് കോലിയാണ് ഇത്തവണ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. മലയാളി സൂപ്പർതാരങ്ങളായ മോഹൻലാലും മമ്മൂട്ടിയും ഇത്തവണയും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. യഥാക്രമം 27ും 67മാണ് പട്ടികയിലെ ഇരുവരുടെയും സ്ഥാനം.
2016 മുതൽ ഒന്നാം സ്ഥാനത്ത് തുടരുകയായിരുന്ന ബോളിവുഡ് നടൻ സൽമാൻ ഖാൻ ഇത്തവണ മൂന്നാം സ്ഥാനത്താണ് . 293.25 കോടി രൂപ വാർഷിക വരുമാനമുള്ള അക്ഷയ് കുമാറിനാണ് പട്ടികയിൽ രണ്ടാം സ്ഥാനം. വിരാട് കോഹ്‌ലിക്ക് 252.72 കോടി രൂപയാണ് വരുമാനം.മോഹൻലാലിനേയും മമ്മൂട്ടിയേയും കൂടാതെ ദക്ഷിണേന്ത്യയിൽ നിന്ന് രജനീകാന്ത്, എ.ആർ റഹ്മാൻ, ധനുഷ്, വിജയ്, കമൽഹാസൻ, പ്രഭാസ്, സംവിധായകൻ ഷങ്കർ, മഹേഷ് ബാബു, സൈന നേവാൾ, പി.വി സിന്ധു എന്നിവരും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
രജനീകാന്ത് 13ാം സ്ഥാനത്തും റഹ്മാൻ 17ാം സ്ഥാനത്തുമാണുള്ളത്. പാതി മലയാളിയായ നടൻ ജോൺ എബ്രഹാമിന് പട്ടികയിൽ 46ാം സ്ഥാനമാണ് ലഭിച്ചത്.അമിതാഭ് ബച്ചൻ, എം.എസ് ധോണി, ഷാറൂഖ് ഖാൻ, രൺവീർ സിംഗ് എന്നിവര്‍ യഥാക്രമം നാല്, അഞ്ച്, ആറ്, ഏഴ് എന്നീ സ്ഥാനങ്ങളിലുമുണ്ട്. ആലിയ ഭട്ട് പട്ടികയിൽ എട്ടാം സ്ഥാനത്തും സച്ചിൻ ടെണ്ടുൽക്കർ ഒമ്പതാം സ്ഥാനത്തും ദീപിക പത്താം സ്ഥാനത്തുമാണ്.
14ാം സ്ഥാനത്താണ് പ്രിയങ്ക ഇത്തവണ. കഴിഞ്ഞ കൊല്ലത്തെ പട്ടികയില്‍ 49ാം സ്ഥാനത്തായിരുന്നു നടി. കോഹ്‌ലിയുടെ ഭാര്യയും സിനിമാതാരവുമായ അനുഷ്‌ക ശർമയ്ക്ക് പട്ടികയിൽ 21ാം സ്ഥാനമാണ്. സാറ അലി ഖാൻ, ദിശ പട്ടാനി, കൃതി സനോൻ എന്നിവർ ആദ്യമായി പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 2018 ഒക്ടോബർ ഒന്ന് മുതൽ 2019 സെപ്റ്റംബർ 30 വരെയുള്ള കാലഘട്ടത്തിൽ താരങ്ങൾ നേടുന്ന പ്രതിഫലവും താരമൂല്യവും അടിസ്ഥാനപ്പെടുത്തിയാണ് പട്ടിക തയാറാക്കപ്പെടുന്നത്. സോഷ്യൽ മീഡിയയിലും മാദ്ധ്യമങ്ങളിലുമുള്ള പ്രശസ്തിയും വരുമാനവുമാണ് താരങ്ങളുടെ മൂല്യത്തെ നിർണയിക്കുക.
Post Your Comments