സൂര്യയോടുള്ള തന്റെ ആരാധന വ്യക്തമാക്കി അനുശ്രീ.മഞ്ജു വാര്യരും അനുശ്രീയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന പ്രതി പൂവന്‍കോഴി എന്ന സിനിമയുടെ റിലീസിന് മുന്നോടിയായുള്ള ഒരു അഭിമുഖത്തിലാണ് അനുശ്രീയുടെ ഈ തുറന്നുപറച്ചിൽ. സിനിമയുടെ റിലീസിന് മുന്നോടിയായി പല അഭിമുഖങ്ങളിലും രസകരമായ വെളിപ്പെടുത്തലുകളാണ് നടിമാര്‍ നടത്തി കൊണ്ടിരിക്കുന്നത്. സൂര്യയുടെ പിറന്നാള്‍ വിപുലമായി ആഘോഷിച്ച് അനുശ്രീ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അടുത്ത ജന്മത്തില് ജ്യോതികയായി ജനിച്ചാല്‍ മതിയെന്ന് പറയുകയാണ് നടി.
സൂര്യ എന്ന് പറഞ്ഞാല്‍ ഞാന്‍ മരിക്കും. സൂര്യയുടെ സൂ എന്ന് കേട്ടാല്‍ തന്നെ ഞാന്‍ ചാടി എഴുന്നേല്ക്കും. പല അഭിമുഖങ്ങളിലും ഞാന്‍ പറയാറുണ്ട്. അടുത്ത ജന്മത്തില് എനിക്ക് ജ്യോതിക ആവണമെന്നത്. പക്ഷേ അപ്പോഴും സൂര്യ ജ്യോതികയെ തന്നെ കെട്ടണം. ഞാന്‍ ജ്യോതികയായിട്ട് ജനിക്കുകയും പുള്ളി വെറേ കെട്ടിയിട്ടും കാര്യമില്ല. സൂര്യയ്ക്കൊപ്പം അഭിനയിക്കാന്‍ ഒരു അവസരം കിട്ടിയാല്‍ മറ്റെല്ലാം ഉപേക്ഷിച്ച് പോവും. ഭയങ്കര ആഗ്രഹമാണ്. പ്രോഗ്രാമിനൊക്കെ പോയപ്പോള്‍ സൂര്യയെ കണ്ടിട്ടുണ്ട്.
സൂര്യ കേരളത്തില്‍ പരിപാടിയ്ക്ക് വരുമ്പോള്‍ ചാനലില്‍ നിന്നൊക്കെ വിളിക്കും. പോയി സൂര്യയെ കാണൂ എന്ന് പറഞ്ഞ്. എന്നാല്‍ ഞാന്‍ പോവില്ല. കാരണം അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോള്‍ മാത്രമേ കാണൂന്നുള്ളു. എന്നെ അദ്ദേഹം ഒരു ആര്‍ട്ടിസ്റ്റ് ആയി കണ്ടാല്‍ മതി. ഒരു ഫാനായിട്ട് കാണേണ്ട. ആര്‍ട്ടിസ്റ്റ് ആണെന്ന് അറിഞ്ഞതിന് ശേഷം ഞാനൊരു സൂര്യ ആരാധികയാണെന്ന് അറിഞ്ഞാല്‍ മതി. ദൈവത്തോട് എന്നും ഞാന്‍ പ്രാർത്ഥിക്കാറുണ്ട് ഒന്നും കേള്‍ക്കുന്നില്ലെന്ന് തമാശയായി അനുശ്രീ പറയുന്നു.
ഞാന്‍ സിനിമയിലെത്തിയ സമയത്ത് മഞ്ജു ചേച്ചിയെ ഒന്ന് കാണാന്‍ പറ്റിയിരുന്നെങ്കില്‍ ഒപ്പം അഭിനയിക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു. അന്ന് മഞ്ജു ചേച്ചി തിരിച്ച് വരവ് പോലും തീരുമാനിച്ചിട്ടുണ്ടാവില്ല. ഒടുവില്‍ ചേച്ചിയ്ക്കൊപ്പം അഭിനയിക്കാന്‍ പറ്റി. അതുപോലെ ഇതും സംഭവിക്കുമെന്നാണ് കരുതുന്നത്. എന്നെ ആരെങ്കിലും ചൊറിയാന്‍ വന്നാല്‍ ഞാന്‍ മൈന്‍ഡ് ചെയ്യില്ല. എന്നാല്‍ സൂര്യയുടെ പേര് പറഞ്ഞാല്‍ ഞാന്‍ ഇറങ്ങും. ഏതോ കാലത്ത് തുടങ്ങിയ ഇഷ്ടമാണിതെന്നും അനുശ്രീ പറയുന്നു.അനുശ്രീക്കൊപ്പം അഭിമുഖത്തിൽ പങ്കെടുത്ത മഞ്ജു വാര്യർ അനുവിന്റെ ആഗ്രഹം നടക്കട്ടെ എന്ന് ആശംസിച്ചു.
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രതി പൂവൻ കോഴി. സെയില്‍സ് ഗേൾ മാധുരി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മഞ്ജു അവതരിപ്പിക്കുന്നത്. ഗ്രേസ് ആന്റണി, സൈജു കുറുപ്പ്, അലന്‍സിയര്‍, എസ് പി ശ്രീകുമാര്‍, അരിസ്റ്റോ സുരേഷ്, എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. സംവിധായകൻ റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ വില്ലനായ് എത്തുന്നു എന്ന പ്രതേകതയും ചിത്രത്തിനുണ്ട്.
ഇന്നത്തെ സമൂഹത്തില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന സംഭവങ്ങളൊക്കെ കോര്‍ത്തിണക്കിയാണ് സിനിമ ഒരുക്കിയിട്ടുള്ളത്. സ്ത്രീ പുരുഷ ഭേദമന്യേ കുടുംബസമേതം കാണേണ്ട ചിത്രമാണ് പ്രതി പൂവന്‍കോഴിയെന്നും സ്ത്രീകള്‍ നേരിടുന്ന വളരെ ഗൗരവകരമായ ഒന്നിനെ ഈ സിനിമ വളരെ കാര്യമായി കൈകാര്യം ചെയ്യുന്നുണ്ടെന്നും അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ പറഞ്ഞു.
Post Your Comments