മലയാളസിനിമയിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളാണ് രാജാവിന്റെ മകനും ന്യൂഡൽഹിയും. മോഹൻലാൽ, മമ്മൂട്ടി എന്നീ താരങ്ങളെ സൂപ്പർതാര പദവിയിലേക്ക് ഉയർത്തിയ സിനിമകൾ കൂടിയായിരുന്നു ഇവ രണ്ടും. ഡെന്നിസ് ജോസഫ് എന്ന പകരംവയ്‌ക്കാനില്ലാത്ത തിരക്കഥാകൃത്തിന്റെ തൂലികയിൽ പിറന്ന ചിത്രങ്ങൾ പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും പ്രേക്ഷകപ്രീതിയിൽ മുന്നിൽ തന്നെയാണ്.
എന്നാൽ രാജാവിന്റെ മകനിലും ന്യൂഡൽഹിയിലും മാത്രം ഒതുങ്ങുന്നതല്ല ഡെന്നിസ് സമ്മാനിച്ച ഹിറ്റുകൾ. ശ്യാമ, ഭൂമിയിലെ രാജാക്കന്മാർ, നമ്പർ 20 മദ്രാസ് മെയിൽ, കോട്ടയം കുഞ്ഞച്ചൻ, മനു അങ്കിൾ, ഇന്ദ്രജാലം, ആകാശദൂത് തുടങ്ങി നിരവധിയുണ്ട് അക്കൂട്ടത്തിൽ.ഇത്രയും ഹിറ്റുകൾ ഒരുക്കിയ ഡെന്നിസ് ജോസഫിന് കരിയറിന്റെ ഒരുഘട്ടത്തിൽ അക്ഷരങ്ങൾ പോലും വഴങ്ങാത്ത അവസ്ഥയിലൂടെ കടന്നുപോകേണ്ടി വന്നിരുന്നു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഡെന്നിസ് തന്നെയാണ് ഇക്കാര്യം തുറന്നു പറയുന്നത്.
ജോസഫിന്റെ വാക്കുകൾ ഇങ്ങനെ –
എഫ്.ഐ.ആർ എന്ന ചിത്രം എഴുതി തുടങ്ങുന്ന സമയമാണ്. 14 സീൻ കഴിഞ്ഞപ്പോൾ ഞാൻ ദുരവസ്ഥയിലായി. മലയാളം അക്ഷരങ്ങളൊക്കെ മറന്നു പോയി. സീൻ നമ്പർ വൺ എന്ന് എഴുതണമെങ്കിൽ സ എന്ന അക്ഷരം എങ്ങനെയാണ്, ൻ എങ്ങനെയാണ് എഴുതുന്നത് എന്നൊക്കെ ഓർക്കാൻ പറ്റാത്ത അവസ്ഥ. ഉടൻ തന്നെ ഞാൻ ഒരു പെഗ് കഴിക്കും. അപ്പോ സമനില കിട്ടും. അങ്ങനെ 24 മണിക്കൂറും മദ്യമില്ലെങ്കിൽ ഞാൻ അബ്‌നോർമൽ ആകും എന്ന അവസ്ഥയിലായി.നിനക്ക് വെള്ളമടിക്കാതെ പഴയതുപോലെ ഇരുന്ന് എഴുതിക്കൂടെ, നീ വിചാരിച്ചാൽ ഒന്നോ രണ്ടോ ന്യൂഡൽഹി ഇനിയും എഴുതാമല്ലോ എന്ന് പലരും ചോദിച്ചു. ഒന്നോ രണ്ടോ അല്ല ഒരായിരം ന്യൂഡൽഹി എഴുതണം എന്ന് എനിക്ക് ആഗ്രഹമുണ്ട്. പക്ഷേ ന്യൂ എന്ന് എഴുതണമെങ്കിൽ ന എങ്ങനെ എഴുതും. മനസ് ശൂന്യം. മാസങ്ങളോളം വീടിന്റെ മുകൾ നിലയിൽ നിന്ന് താഴെ ഇറങ്ങാത്ത അവസ്ഥയിലായി ഞാൻ.
മരിച്ചിരുന്നെങ്കിൽ നന്നായിരുന്നു എന്നു വരെ തോന്നി. അത് സ്വാഭാവികമായി സംഭവിച്ചേക്കും, അല്ലെങ്കിൽ ആത്മഹത്യ ചെയ്‌തുപോകും എന്ന അവസ്ഥ. ഷാജി കൈലാസും, അരോമ മണിയും സിബി മലയിലും ജോഷിയുമൊക്കെ മുകളിൽ വന്നാണ് എന്നെ കാണുന്നത്’.ഒടുവിൽ ഒരു ബന്ധുവിന്റെ നിർദേശ പ്രകാരം കോര ജേക്കബ് എന്ന വ്യക്തിയുടെ സാമീപ്യത്താലാണ് തനിക്ക് ജീവിതം തിരികെ പിടിക്കാൻ കഴിഞ്ഞതെന്ന് ഡെന്നിസ് പറയുന്നു. സിനിമകൾ ഇപ്പോഴും തന്നെ തേടി വരുന്നുണ്ടന്നും, എഴുത്തിന്റെ വഴിയിൽ തന്നെയാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments