CinemaGeneralLatest NewsMollywoodNEWS

‘അഞ്ചാം വയസ്സിൽ കുടുംബത്തിന്റെ പ്രാരാബ്ധം മുഴുവൻ ഏറ്റെടുത്ത് എല്ലാ കടങ്ങളും വീട്ടിയത് അവൻ ഒറ്റയ്ക്ക്’ ; ഉപ്പും മുളകും താരം കേശുവിനെപറ്റി അമ്മ ബീന മനസ്സ് തുറക്കുന്നു

12 ലക്ഷം രൂപയുടെ കടം ഉപേക്ഷിച്ചിട്ടാണ് അദ്ദേഹം നാട് വിടുന്നത്. അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയി. വീട് ജപ്തിയുടെ വക്കോളമെത്തി നിൽക്കുകയാണ്.

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ഉപ്പും മുളകും. പരമ്പരയിൽ ബാലുവിന്റെ മൂന്നാമത്തെ മകനായിട്ടാണ് കേശു എന്ന അൽസാബിത്ത് നമുക്ക് മുൻപിൽ എത്തുന്നത്. സീരിയലിനുള്ളിലെ വെറുമൊരു കാഥാപാത്രമായിട്ടല്ല കേശുവിനെ മലയാളികൾ ഹൃദയത്തിൽ ഏറ്റിയത്. പകരം അവൻ ഇന്ന് കേരളക്കരയുടെ ഒരു മകനോ, ചെറുമകനോ, അനുജനോ ഒക്കെയാണ്. ഉപ്പും മുളകും പ്രേക്ഷകർക്ക് മാത്രം അല്ല ഒട്ടുമിക്ക മലയാളികളുടെയും പ്രിയ താരമാണ് ഇന്ന് കേശു. ചേച്ചിയോടും ചേട്ടനോടും വഴക്ക് പിടിച്ചും സ്നേഹം കൂടിയും, കുഞ്ഞനുജത്തിയെ സ്നേഹിച്ചും. അച്ഛനും അമ്മയ്ക്കും നല്ലമകനായിട്ടും ഉപ്പും മുളകിലും കേശു നിറയുമ്പോൾ കയ്പ് നിറഞ്ഞൊരു ബാല്യകാലമുണ്ട് ഈ കുരുന്നിനെന്നതാണ് സത്യം.

അഞ്ചാം വയസ്സിൽ അച്ഛൻ ഉപേക്ഷിച്ചു പോയി, അമ്മയുടെ തണലിൽ ഒതുങ്ങിയ കേശു ഒരുപാട് അവസ്ഥ തരണം ചെയ്താണ് കടന്നു വന്നത്. ഇപ്പോഴിതാ അതിനെ കുറിച്ച് തുറന്ന് പറയുകയാണ് കേശുവിന്റെ അമ്മ ബീന. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലൂടെയാണ് ബീന ഈ കാര്യത്തെ കുറിച്ച് പറയുന്നത്.

എന്റെ കുഞ്ഞ് അഞ്ചുവയസ്സിൽ കഷ്ടപ്പെട്ട് തുടങ്ങിയതാണ്. 12 ലക്ഷത്തിൽ അധികം കടമുണ്ടായിരുന്നു. അത് വീട് വയ്ക്കാനും, മറ്റാവശ്യങ്ങൾക്കുമായി ഞാനും അവന്റെ ഉപ്പയും വാങ്ങിയ കടങ്ങൾ. അതെല്ലാം എന്റെ കുഞ്ഞു അധ്വാനിച്ചെടുത്ത കാശ് കൊണ്ടാണ് വീട്ടിയത്” അമ്മ ഇടറുന്ന സ്വരത്തിൽ പറഞ്ഞു തുടങ്ങി.കളിപ്പാട്ടങ്ങളുടെ ലോകത്ത് കഴിയേണ്ട പ്രായത്തിലാണ് ഒരുകുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്വങ്ങളും അവൻ തോളിൽ ഏറ്റെടുക്കുന്നത്. ഒരുപാട് അമ്പലങ്ങളും പള്ളികളും കയറി ഇറങ്ങി കിട്ടിയ മോനാണ് അവൻ. മണ്ണാറശാലയിൽ അവനായി ഉരുളി കമഴ്ത്തിയിട്ടുണ്ട്. അങ്ങനെ പറഞ്ഞാൽ തീരില്ല അവനെ ലഭിക്കാനായി നടത്തിയ പ്രാർത്ഥനകളെ പറ്റിയും ബീന പറയുന്നുണ്ട്.

മകനോട് വലിയ ഇഷ്ടം തന്നെ ആയിരുന്നു അദ്ദേഹത്തിന്. അതിന്റെ ഇടയ്ക്ക് കടങ്ങൾ കൂടിയപ്പോഴാണ് അല്ലറ ചില്ലറ പ്രശ്നങ്ങൾ ഉടലെടുത്തത്. അങ്ങനെയാണ് അവന് അഞ്ചു വയസ്സ് പ്രായം ഉള്ളപ്പോൾ അവനെയും എന്നെയും ഉപേക്ഷിച്ചു അദ്ദേഹം മറ്റൊരു ജീവിതത്തിലേക്ക് പോകുന്നത്. കടങ്ങളും ഒക്കെ ഉപേക്ഷിച്ചു നാട് വിടുമ്പോൾ അദ്ദേഹം ഞങ്ങളെ പറ്റി ഒന്ന് ചിന്തിച്ചത് പോലും ഇല്ല. ഈ പൊടി കുഞ്ഞിനെ വച്ച് ഞാൻ എന്ത് ചെയ്യും എന്ന് പോലും അദ്ദേഹം ഓർത്തില്ല. അതൊക്കെ പോട്ടെ ക്ഷമിക്കാം പക്ഷേ പിന്നീടൊരിക്കലും ഇന്നേ വരെ എന്റെ മോനെ അദ്ദേഹം തിരക്കിയിട്ടില്ല ബീന പറയുന്നു.

12 ലക്ഷം രൂപയുടെ കടം ഉപേക്ഷിച്ചിട്ടാണ് അദ്ദേഹം നാട് വിടുന്നത്. അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയി. വീട് ജപ്തിയുടെ വക്കോളമെത്തി നിൽക്കുകയാണ്. എന്ത് ചെയ്യണം എന്ന് പോലും അറിയാൻ പറ്റാത്ത അവസ്ഥയായിരുന്നു. ആ രാത്രികളിൽ ഒന്നും ഞാനും എന്റെ കുഞ്ഞും ഉറങ്ങിയിട്ടില്ല.  കഴിക്കാൻ പോലും ഇല്ലാത്ത അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. അന്ന് എന്റെ ഉമ്മയുടെ കൈ സഹായം കൊണ്ടാണ് ഞങ്ങൾ ജീവൻ മുൻപോട്ട് കൊണ്ട് പോയത്. പിന്നെ ഞാൻ കലഞ്ഞൂരിൽ നിന്നും മോനെയും കൂട്ടി ആലുവയിൽ എത്തി. അവിടെയും അധികം നില്ക്കാൻ കഴിഞ്ഞില്ല. പിന്നീടാണ് ആന്ധ്രയിലേക്ക് മോനെയും കൂട്ടി പോകുന്നത്. അവിടെ ഒരു സ്‌കൂളിൽ ഞാൻ പഠിപ്പിക്കാൻ കയറി മോനെ, അവിടെ പഠിപ്പിക്കാനും ചേർത്തു. പക്ഷെ അവന് അവിടുത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ പറ്റിയില്ല, ചൂടും ഭക്ഷണവും അവനു പിടിക്കാതെ വന്നു. വയറിനു സുഖമില്ലാതെ എന്റെ കുഞ്ഞു ആകെ ക്ഷീണിച്ചു. അപ്പോഴേക്കും വീടിന്റെ ജപ്തി ഏതാണ്ട് നടക്കും എന്ന് ഉറപ്പായി. ഒരു സുഹൃത്ത് വഴി വിവരങ്ങൾ അറിഞ്ഞു. അങ്ങനെ ആറ് മാസത്തെ ആന്ധ്രയിലെ ജീവിതം അവസാനിച്ച് തിരികെ എത്തി. അതിന് ശേഷം ഞാൻ ഒരു മെഡിക്കൽ ഷോപ്പിൽ 250 രൂപ ദിവസകൂലിയ്ക്ക് ജോലിയ്ക്ക് പോയി തുടങ്ങി. അന്നൊക്കെ എന്റെ മകന് അവന്റെ കൂട്ടുകാരെപോലെ കളിച്ചുനടക്കാനോ, നല്ല ഉടുപ്പുകൾ ഇടാനോ കഴിഞ്ഞിട്ടില്ല. ബന്ധുക്കൾ ആരും ഞങ്ങളെ സഹായിച്ചിട്ടില്ല. ആകെ ഉണ്ടായിരുന്നത് എന്റെ ഉമ്മയും കുറച്ചു സുഹൃത്തുക്കളും മാത്രമാണ്. ഉമ്മ പണിയ്ക്ക് പോയി കിട്ടുന്ന തുച്ഛമായ പൈസയും എന്റെ വരുമാനവും ചേർത്താണ് ഞങ്ങൾ കഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നത് ബീന പറയുന്നു.

ജീവിതം അങ്ങനെ മുൻപോട്ട് പോയിരുന്നെങ്കിലും കടക്കാരുടെ ബഹളത്തിന് യാതൊരു കുറവും ഉണ്ടായിരുന്നില്ല. കടക്കാർ വീട്ടിൽ വന്നു ബഹളം വയ്ക്കാൻ തുടങ്ങി. വന്നവരോട് ഞാൻ ഒരു വാക്ക് പറഞ്ഞു. നിങ്ങളെ ഞാൻ പറ്റിച്ചിട്ട് കടന്നു കളഞ്ഞിട്ടില്ല. ഇപ്പോൾ ഞാനും എന്റെ മോനും ജീവനോടെയുണ്ട്. ഞങ്ങൾ വല്ലതും ചെയ്തു കളഞ്ഞാൽ നിങ്ങൾ ആരോട് പോയി കാശ് വാങ്ങും. അത്കൊണ്ട് എന്നെ വിശ്വസിക്കണം ഞാൻ നിങ്ങളുടെ കടം തന്ന് തീർക്കും എന്ന്. അങ്ങനെ അവർ മടങ്ങിപ്പോയി. ആയിടയ്ക്കാണ് പോസ്റ്റ് ഓഫീസിൽ ടെസ്റ്റ് എഴുതി ജോലി കിട്ടുന്നത്. അവിടെ നിന്നും കിട്ടുന്ന കുറേശ്ശെ മിച്ചം വച്ച് ചെറിയ കടങ്ങൾ വീട്ടി തുടങ്ങി. ആയിടക്കാണ് കുട്ടിക്കലവറയിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നു എന്ന പരസ്യം കണ്ടതും അതിലേക്ക് വിടാനായി തീരുമാനിക്കുന്നതും. പിന്നീട് കുട്ടിപ്പട്ടാളത്തിലൂടെയും അവനെ എല്ലാവർക്കും ഇഷ്ടപ്പെട്ടു. അതിന് ശേഷമാണ് ഉപ്പും മുളകിൽ എത്തിയത്.. അങ്ങനെയാണ് ഇന്ന് നിങ്ങൾ കാണുന്ന കേശുവായി അവൻ മാറുന്നത്. ആദ്യമായി അവൻ ക്യാമറയുടെ മുൻപിൽ എത്തുമ്പോൾ അവനു നാല് വയസ്സാണ് പ്രായം ശ്രീ ശബരീശൻ എന്ന ഒരു ആൽബത്തിലാണ് അവൻ ആദ്യമായി അഭിനയിക്കുന്നത്.

പിന്നീട് ഉറുമ്പ് അരിമണി പറക്കി വയ്ക്കും പോലെയാണ് ഞങ്ങൾ കടം തീർത്ത് ഇവിടെ വരെ എത്തിയത്. ഇപ്പോഴും അദ്ദേഹത്തോട് എനിക്ക് ദേഷ്യമില്ല. കാരണം എന്റെ മോനെ എനിക്ക് നൽകിയത് അദ്ദേഹമാണ്. അവനെ പോലെത്തന്നെയാണ് അവന്റെ ഉപ്പയും. അവൻ ഇടയ്ക്ക് അദ്ദേഹത്തെ കുറിച്ച് പറയുമ്പോഴും ഞാൻ പറയും, മോൻ ഒരിക്കലും ഉപ്പയോട് ദേഷ്യം കാണിക്കരുത് അത് നിന്റെ ഉപ്പയാണ് എന്ന്. അപ്പോൾ അവൻ ചോദിക്കും നമ്മൾ ഉറങ്ങാതെ, കഴിക്കാതെ ഇരുന്നപ്പോൾ ഉപ്പ കഴിച്ചും ഉറങ്ങിയും കഴിയുകയായിരുന്നില്ലേ എന്ന്. അത് കേൾക്കുമ്പോൾ ഞാനും ആലോചിക്കും വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും അവനെ ഒരു പ്രാവശ്യമെങ്കിലും അദ്ദേഹം വിളിച്ചിട്ടില്ലല്ലോ എന്ന കാര്യം.എങ്കിലും മനസ്സിൽ എവിടെയൊക്കെയോ ഇഷ്ടങ്ങൾ അവശേഷിക്കുന്നു. ആകെയുള്ള ടെൻഷൻ ഞങ്ങൾ താമസിക്കുന്ന വീട് ഇപ്പോഴും അദ്ദേഹത്തിന്റെ കൂടി പേരിലാണ്. എന്റെ കുഞ്ഞു കഷ്ടപെട്ടിട്ടാണ് വീടിന്റെ കടങ്ങളും ബാക്കി പണിയും പൂർത്തീകരിക്കുന്നത്. നാളെ അതൊരു വിഷയം ആകാതെ ഇരിക്കാൻ പ്രാർത്ഥന മാത്രം ബീന പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button