മമ്മൂട്ടി, ഉണ്ണി മുകുന്ദന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചരിത്ര സിനിമ മാമാങ്കം പ്രേക്ഷകര്‍ ഏറ്റെടുക്കുകയാണ്. എന്നാല്‍ ചിത്രത്തിന്റെ പ്രഖ്യാപിന സമയത്ത് അതിന്റെ ആദ്യ താരനിരയിൽ ഉണ്ടായിരുന്ന നടനായിരുന്നു നീരജ് മാധവ്. മാമാങ്കം സെറ്റിൽ മമ്മൂട്ടിക്കൊപ്പമുള്ള അനുഭവങ്ങളും നീരജ് മുമ്പ് പങ്കുവച്ചിരുന്നു. എന്നാൽ മാമാങ്കം സിനിമ റിലീസ് ചെയ്തപ്പോൾ അതിൽ നീരജില്ല. അതിനു പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ് താരം.
‘മാമാങ്കത്തിൽ ഞാൻ എവിടെയെന്ന് ഒരുപാട് പേർ ചോദിച്ചു. അതിന്റെ ഉത്തരം ഇതാണ്. നിങ്ങൾക്കെല്ലാം അറിയാവുന്നതുപോലെ ഈ ചിത്രത്തിൽ അതിഥി വേഷത്തിലാണ് ഞാൻ അഭിനയിച്ചത്. കഴിഞ്ഞ ഏപ്രിൽ മാസം ഒരാഴ്ചയായിരുന്നു ഷോട്ട്. അതിഥി വേഷമാണെങ്കിലും സിനിമയിൽ പ്രാധാന്യമേറിയ കഥാപാത്രമായിരുന്നതുകൊണ്ടു തന്നെ അതിനായി അൽപം കഠിനാദ്ധ്വാനവും ചെയ്യേണ്ടി വന്നു. ഒരുമാസത്തോളം കളരിപ്പയറ്റും മറ്റ് ആയോധനമുറകളും ഇതിനായി പഠിച്ചു.’
‘എന്നാൽ കാര്യങ്ങൾ നേരെ തകിടംമറിഞ്ഞു. അവസാന നിമിഷം തിരക്കഥയിലും സംവിധാനത്തിലും സ്റ്റണ്ട് ടീമിലും താരനിരയിലും മാറ്റങ്ങൾ ഉണ്ടായി. സിനിമയോട് യോജിക്കാത്തതിനാൽ എന്റെ ഫൈറ്റ് സീക്വൻസ് മാറ്റിവയ്ക്കുന്നുവെന്ന് പറഞ്ഞു. അങ്ങനെ ഫൈനൽ കട്ടിൽ ആ രംഗം ഒഴിവാക്കി. അത് അൽപം വേദനിപ്പിക്കുന്നതായിരുന്നു. പക്ഷേ എനിക്ക് ആരോടും പരാതിയില്ല. അതൊരു നല്ല തീരുമാനമായിരുന്നുവെന്ന് വിശ്വസിക്കാനാണ് ഇഷ്ടം. സിനിമയുടെ നല്ലതിന് വേണ്ടിയാണല്ലോ. എന്റെ നീക്കം ചെയ്ത രംഗം യുട്യൂബിൽ ഡിലീറ്റഡ് സീൻസ് ആയി അപ്ലോഡ് ചെയ്യുമെന്നും അറിയിച്ചു. എന്തായാലും നിങ്ങൾക്ക് അത് ഉടൻ കാണാൻ സാധിക്കും. മാമാങ്കം ടീമിന് എല്ലാ ആശംസകളും. പ്രിയപ്പെട്ട മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കാൻ ഇനിയും എനിക്ക് കാത്തിരിക്കേണ്ടി വരും.’–നീരജ് മാധവ് സമൂഹമാധ്യമത്തിലൂടെ പറഞ്ഞു
Post Your Comments