Movie Reviews

ജാനകിയുടെ മനോവ്യാപാരങ്ങളുമായി ഒഴുകിയെത്തിയ ചോല

ജാനകിയെന്ന സാധു സ്‌കൂള്‍ പെണ്‍കുട്ടിയുടെ മനോവ്യപാരങ്ങളെ ആഴത്തില്‍ അവതരിപ്പിച്ചു കൊണ്ട് നിമിഷയും വില്ലനായി ജോജുവും

മലയാള സിനിമയില്‍ കാഴ്ച്ചയുടെ ചോല ഒരുക്കി സനല്‍ കുമാര്‍ശശിധരന്‍ ചിത്രം. ജോജു ജോര്‍ജും നിമിഷ സജയനും മികച്ച അഭിനേതാക്കളാണെന്ന് ഓരോ നിമിഷവും ആസ്വാദകഹൃദയത്തില്‍ നിറയ്ക്കുന്ന ചോല കാലിക പ്രസക്തിയുള്ള ഈ സാമൂഹിക വിഷയമാണ് കൈകാര്യം ചെയ്യുന്നത്.

ജാനകിയെന്ന സാധു സ്‌കൂള്‍ പെണ്‍കുട്ടിയുടെ മനോവ്യപാരങ്ങളെ ആഴത്തില്‍ അവതരിപ്പിച്ചു കൊണ്ട് നിമിഷയും വില്ലനായി ജോജുവും എത്തിയ ചിത്രത്തില്‍ അഖില്‍ വിശ്വനാഥ് എന്ന പുതുമുഖവും തന്റെ വേഷം മനോഹരമാക്കി.

കാറിലോ ജീപ്പിലോ പോകാനാഗ്രഹിക്കാത്ത, ജാനുവുമായി ഒരു ദിവസം ചിലവഴിക്കുന്നത് സ്വപ്‌നം കണ്ട് അവളെ കൊണ്ടുപോകാന്‍ കാത്തു നില്‍ക്കുന്ന ”പേരില്ലാത്ത” കാമുകന്‍. ഇവരെ സഹായിക്കാന്‍ ജീപ്പുമായി എത്തുന്ന ‘ആശാന്‍’ .  തങ്ങള്‍  മാത്രമുള്ള യാത്രയായിരുന്നു ഇരുവരുടെയും മനസില്‍. പക്ഷെ ആശാന്‍, അപരിചിതനായ ആള്‍ തങ്ങളുടെ കൂടെ യാത്രയില്‍ ഒപ്പമുണ്ട് എന്നത് അവളുടെ മനസ്സില്‍ ഒരു അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നത് മുഖത്തില്‍ തന്നെ പ്രകടമാണ്. മലമ്പ്രദേശത്തു നിന്നും കൊച്ചിയിലേയ്ക്കും അവിടെ നിന്നുമുള്ള തിരിച്ചു വരവും അവിടെ നടക്കുന്ന സംഭവങ്ങളും പെണ്‍കുട്ടിയുടെ പെരുമാറ്റവുമെല്ലാം ഒറ്റ കാഴ്ച്ചയില്‍ സംശയത്തിന്റെ പല വിത്തുകളും കാഴ്ചക്കാരുടെ മനസ്സില്‍ കോറിടുന്നു.

ആണ്‍ കാഴ്ചയുടെയും ചിന്തയുടെയും പുതിയ ചില തെളിച്ചങ്ങള്‍ പങ്കുവയ്ക്കുകയാണ് ചോല. ഒരു സ്ത്രീയാണ് ഈ ചിത്രം ഒരുക്കിയതെങ്കില്‍ ദുര്‍ബലനായ കാമുകനെക്കാള്‍ വില്ലനെ അംഗീകരിക്കാന്‍ ജാനുവിന് കഴിയുന്നതെങ്ങനെ? ഒരു പെണ്‍കുട്ടിയ്ക്ക് ഇങ്ങനെ പെരുമാറാന്‍ കഴിയുമോ എന്നെല്ലാമുള്ള സംശയങ്ങള്‍ ഇങ്ങനെ ആകില്ല ആവിഷ്കരിക്കപ്പെടുക എന്ന ചിന്ത ഈ ചിത്രം കണ്ടിറങ്ങുന്ന ഓരോ മനുഷ്യര്‍ക്കും ഉണ്ടാകും.

പച്ചക്കാടിന്റെയും കാട്ടുചോലയുടെയും ഭംഗിയില്‍ നിറഞ്ഞ ജാനുവിന്റെ യാത്ര ടൈറ്റിലെ ‘ചോര’യായി ആസ്വാദക ഹൃദയങ്ങളില്‍ നിറഞ്ഞുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.

ക്യാമറ അജിത് ആചാര്യ. ബിജിഎം സെര്‍ജി. ചിത്രത്തിന്‍റെ തിരക്കഥ സനല്‍കുമാര്‍, കെ വി മണികണ്ഠന്‍.

പവിത്ര പല്ലവി

shortlink

Related Articles

Post Your Comments


Back to top button