മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് മാമാങ്കം. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ഫെയ്സ്ബുക്കിൽ കുറിപ്പുമായി എത്തിരിക്കുകയാണ് നടി പ്രാചി തെഹ്ല. നടന് മമ്മൂട്ടിക്ക് നന്ദി പറഞ്ഞുകൊണ്ടാണ് പ്രാചിയുടെ ഉള്ളുതൊടുന്ന കുറിപ്പ്. ദുബായിൽ നടന്ന ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങിനിടെ കണ്ണുനിറഞ്ഞാണ് പ്രാചി വേദിയിലെത്തി സംസാരിച്ചത്. ആ വിഡിയോയും താരം കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
‘ആരാകണമെന്ന് എന്നോട് ചോദിച്ചു. ഞാന് പറഞ്ഞു; എനിക്ക് മമ്മൂക്കയാകണം. മഹാനായ ഒരു നടനും അപ്പുറം മഹാനായ മനുഷ്യനാണ് അദ്ദേഹം. നന്ദി മമ്മൂക്കാ…’ കരയുന്നതിന് പ്രേക്ഷകരോട് ക്ഷമ ചോദിച്ചു പ്രാച്ചി.
കുറിപ്പിന്റയെ പൂർണരൂപം…………..
പ്രിയപ്പെട്ട മമ്മൂക്ക, മാമാങ്കത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിലും അരങ്ങേറ്റം നിങ്ങൾക്കൊപ്പമായതിലുമുള്ള സന്തോഷം പങ്കുവെക്കാനാണ് റിലീസ് അടുക്കുമ്പോൾ ഞാനീ കുറിപ്പ് പങ്കുവെക്കുന്നത്. മാമാങ്കത്തിന്റെ ഭാഗമാകുമ്പോൾ ദക്ഷിണേന്ത്യയിൽ എനിക്കെല്ലാം പുതിയ അനുഭവങ്ങളായിരുന്നു. രണ്ട് വർഷമായി മാമാങ്കത്തിനൊപ്പം തന്നെയാണ്. പത്ത് വർഷമായി സ്പോർട്സ് എന്നെ പഠിപ്പിച്ചതിലുമധികം മാമാങ്കം യാത്ര എന്നെ പഠിപ്പിച്ചു.
ഈ ഇൻഡസ്ട്രിയുടെ ഭാഗമാകാൻ എന്നെ സഹായിച്ചത് സ്പോർട്സ് ആണ്. കഴിഞ്ഞ രണ്ട് വർഷമായി അനുഭവിച്ച എല്ലാ സുഖദുഃഖസമ്മിശ്ര അനുഭവങ്ങളെയും നേരിടാൻ ഞാൻ മാനസികമായി കരുത്തയായിരുന്നു. ചില സമയങ്ങൾ കഠിനമേറിയതായിരുന്നു.
മമ്മൂക്ക, നിങ്ങൾ വേദിയിലെത്തിയപ്പോൾ മുതൽ സന്തോഷം കൊണ്ടെനിക്ക് കരച്ചിൽ വരുകയായിരുന്നു. ഞാൻ നിങ്ങളുടെ ബ്ലോക്ബസ്റ്റർ ചിത്രങ്ങൾ കണ്ടിട്ടുണ്ടാകില്ല. പക്ഷേ ഒരു നല്ല മനുഷ്യൻ എന്ന നിലയിലാണ് നിങ്ങളുടെ എക്കാലത്തെയും ആരാധികയാകാനുള്ള കാരണം. പലപ്പോഴും നിങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുണ്ട്. വേദിയിൽ എത്രമാത്രം പറയാൻ കഴിയുമെന്നോ എല്ലാം എങ്ങനെ നിങ്ങളെ അറിയിക്കണമെന്നോ എനിക്ക് അറിയില്ലായിരുന്നു. ഞാൻ ഭാഗ്യവതിയും അനുഗ്രഹീതയുമാണ്. നിങ്ങൾ എപ്പോഴും എനിക്ക് പ്രചോദനമായിരിക്കും. നിങ്ങളായിരിക്കുന്നതിന് നന്ദി”- പ്രാചി കുറിച്ചു.
Post Your Comments