പരിഹാരത്തിന്റെ വക്കിൽ വന്നു നിൽക്കുകയാണ് യുവ നടൻ ഷെയ്ൻ നിഗവും വെയിൽ സിനിമ പ്രവർത്തകരും തമ്മിലുള്ള തർക്കം. നിലവിൽ, നടൻ സിദ്ധിഖിന്റെ മധ്യസ്ഥതയിലാണ് കാര്യങ്ങൾ അയയാൻ തുടങ്ങിയിരിക്കുന്നത്. നേരത്തെ, അജ്മീറിൽ പോയിരുന്ന ഷെയ്ൻ, കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. ഈ വേളയിൽ സിദ്ധിഖിന്റെ വീട്ടിൽ വച്ച് ചർച്ചക്കായി ഷെയ്‌നെ വിളിക്കുകയായിരുന്നു.
എന്നാൽ, നടന്നത് ചര്‍ച്ചയല്ല വെറും വ്യക്തിപരമായ കൂടിക്കാഴ്ച മാത്രമായിരുന്നുവെന്നാണ് ഷെയ്ൻ വെളിപ്പെടുത്തുന്നത്. മുടങ്ങിപ്പോയ സിനിമകള്‍ പൂര്‍ത്തീകരിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്. ഒരുപാട് പേരുടെ സ്വപ്‌നമാണ് സിനിമ. എല്ലാവരുടെയും അധ്വാനമുണ്ട്, ഷെയ്ൻ പറയുന്നു.
എന്തുകൊണ്ടാണ് എനിക്ക് ഇങ്ങനെയൊക്കെ ചെയ്യേണ്ടി വന്നത്? സിനിമ സമാധാനത്തോടെ ചെയ്യാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായിപ്പോയി. അത് നേരാവണ്ണം ചെയ്യാന്‍ അനുവദിക്കാത്ത അവസ്ഥയിലേക്ക് സംവിധായകന്‍ പോലും എന്നെ കൊണ്ടെത്തിക്കുകയായിരുന്നു. അങ്ങനെയല്ലായിരുന്നുവെന്ന് അവിടെ ഏതെങ്കിലും ഒരാൾ പറയട്ടെ… പക്ഷെ, സിനിമ പൂര്‍ത്തിയാക്കാന്‍ തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്, താരം വ്യക്തമാക്കി.
നടന്‍ സിദ്ദിഖ് മുഖേനയാണ് ഇപ്പോഴത്തെ പരിഹാര വഴി തുറന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ ആലുവയിലെ വീട്ടില്‍ വച്ചായിരുന്നു അമ്മ ഭാരവാഹികൾ ഷെയ്‌നുമായി കൂടിക്കാഴ്ച നടത്തുവാൻ അവസരമൊരുക്കികൊടുത്തത്.
നിലവിൽ, നിർത്തിവച്ചിരിക്കുന്ന സിനിമകള്‍ പൂര്‍ത്തീകരിക്കാന്‍ തയ്യാറെന്നാണ് ഷെയ്ന്‍ നിഗം അമ്മ പ്രതിനിധികളെ ധരിപ്പിച്ചിരിക്കുന്നത്. ഒപ്പം, ഈ വിഷയവുമായി ബന്ധപ്പെട്ട് തനിക്ക് പറയാനുള്ളതെല്ലാം കുറച്ചുംകൂടി വിശദമായി ചർച്ചയിൽ അവതരിപ്പിക്കുമെന്നും താരം അറിയിച്ചു.
എങ്കിലും, ഒരു തീരുമാനം എടുക്കും മുൻപ്, ഷെയ്ന്‍ പറഞ്ഞ ചില കാര്യങ്ങളില്‍ വ്യക്തത വേണമെന്നാണ്, അമ്മയുടെ നിലപാട്. ഇതിനായി, രണ്ടു ദിവസത്തിനകം ഫെഫ്കയുമായി ചര്‍ച്ച നടത്തും. വെയില്‍ എന്ന സിനിമ പൂർത്തീകരണത്തിനായി ഇനി എത്രദിവസത്തെ ഡേറ്റാണ് വേണ്ടതെന്ന കാര്യത്തിലാണ് പ്രധാനമായും വ്യക്തതവരുത്താനുള്ളതെന്നാണ് വിവരം.
Post Your Comments