മലയാള സിനിമയില്‍ വേറിട്ട മേക്കിംഗ് ശൈലി കാട്ടി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ലിജോ ജോസ് പെല്ലിശ്ശേരി ലോക സിനിമയില്‍ തന്നെ അടയാളപ്പെട്ടു കഴിഞ്ഞ സംവിധായകനായി മാറുകയാണ്. ഓരോ സിനിമയില്‍ നിന്ന് ഓരോ സിനിമയിലേക്ക് മാറുമ്പോഴും പ്രമേയത്തിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള ലിജോ ജോസ് പെല്ലിശ്ശേരി ‘ആമേന്‍’ എന്ന ചിത്രത്തിന് ശേഷം ഒരു ബിഗ് ബജറ്റ് സിനിമ പ്ലാന്‍ ചെയ്തിരുന്നു. ‘ആന്റിക്രൈസ്റ്റ്’ എന്ന് പേരിട്ടിരുന്ന ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ ആണ് അഭിനയിക്കാനിരുന്നത്. എന്നാല്‍ സിനിമ ചെയ്യാമെന്ന് പറഞ്ഞ നടന്മാര് പിന്മാറിയതോടെ താന്‍ ആ ചിത്രം ഉപേക്ഷിക്കുകയായിരുന്നുവെന്ന് മാതൃഭൂമി ആഴ്ചപതിപ്പിന് നല്കിയ അഭിമുഖത്തില്‍ ലിജോ ജോസ് പെല്ലിശ്ശേരി പങ്കുവയ്ക്കുന്നു. ‘ആന്റിക്രൈസ്റ്റ്’ ഉപേക്ഷിച്ച ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ചെയ്ത ചിത്രമായിരുന്നു ‘ഡബിള്‍ ബാരല്‍’. പക്ഷെ ചിത്രം സാമ്പത്തികമായി വലിയ പരാജയം നേരിട്ടിരുന്നു. അന്ന് ‘ഡബിള്‍ ബാരല്‍’ സ്വീകരിക്കാതെ പോയതിന്റെ കാരണത്തെക്കുറിച്ചും ലിജോ ജോസ് പെല്ലിശ്ശേരി തുറന്നു പറയുന്നു.
‘ ‘ആന്റിക്രൈസ്റ്റ്’ എന്ന സിനിമയോട് സഹകരിക്കാമെന്നേറ്റവര് പിന്മാറി. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇനി അത് അതെപടി ചെയ്യാനാവില്ലതാനും. ആന്റിക്രൈസ്റ്റ് ഉപേക്ഷിക്കേണ്ടി വന്ന സമയത്താണ് ഡബിള്‍ ബാരലിലേക്ക് നീങ്ങിയത്. പൂര്‍ണമായ അസംബന്ധം എന്നൊക്കെ തോന്നിക്കുന്ന ഇതിവൃത്തം തന്നെയാണ് ഡബിള്‍ ബാരലില്‍ കൊണ്ട് വരാന്‍ നോക്കിയത്. പക്ഷെ ആളുകള്‍ അതിനെ വളരെ സീരിയസായി കണ്ടുകളഞ്ഞു. എല്ലാ സംഭവങ്ങളുടെയും കാര്യകാരണം അന്വേഷിക്കുന്ന ഒരു ചിന്താഗതി ഇത്തരം സിനിമകളെ കാണുമ്പോഴും സമീപിക്കുമ്പോഴും പറ്റില്ല. ഉദാഹരണത്തിന് ‘ജല്ലിക്കട്ട്’ തന്നെയെടുക്കാം. ഒരു പോത്തിന്റെ പിറകെ ഇത്രയധികം ആളുകള്‍ ഓടുമോ എന്ന് ചോദിച്ചവരുണ്ട്. കലയെയും ജീവിതത്തെയും വേര് തിരിക്കുന്ന മെലിഞ്ഞ ഒരു നൂലിന്റെ സാധ്യതകള്‍ തിരിച്ചറിയുക എന്നതാണത്. പലപ്പോഴും സിനിമയില്‍ കാണുന്നതിനേക്കാള്‍ വിചിത്രമായ കാര്യങ്ങള്‍ നമ്മള് ജീവിതത്തില്‍ അനുഭവിക്കുന്നുണ്ട്’.
Post Your Comments