CinemaGeneralLatest NewsMollywoodNEWS

പറയാനുള്ളത് കാസറ്റില്‍ റെക്കോര്‍ഡ് ചെയ്ത് ജയറാം നൽകും, ഒരിക്കൽ അമ്മ ആ കാസറ്റ് കേട്ടു ; മനസ് തുറന്ന് പാര്‍വതി

സിനിമാ ലൊക്കേഷനില്‍ ഏത് നേരവും വാക്ക്മാന്‍ കേട്ട് കൊണ്ടേയിരിക്കുന്നത് കാണുമ്പോള്‍ എല്ലാവരും കരുതി ഞാന്‍ പാട്ട് കേള്‍ക്കുകയാണെന്ന്

ഒരു കാലത്ത് മലയാള സിനിമയിലെ പ്രിയ നടിയായിരുന്നു പാര്‍വതി. വിവാഹ ശേഷം സിനിമയിൽ സജീവമല്ലെങ്കിലും താരത്തിന്റയെ വിശേഷങ്ങൾ അറിയാൻ ആരാധകർ ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ  മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ തന്റയെ പഴയ കാലത്തെ രസകരമായ പല ഓര്‍മ്മകളും നടി വീണ്ടും തുറന്ന് പറയുകയാണ്.

തലയണ മന്ത്രം എന്ന സിനിമയുടെ സംവിധായകന്‍ സത്യന്‍ അന്തിക്കാട് ശ്രീനിവാസനെ ഒരു ഡിറ്റക്ടീവിന്റെ പണി ഏല്‍പ്പിച്ചിരുന്നു. നായകനും നായികയും തമ്മില്‍ പ്രണയമുണ്ടോ എന്ന്. ആ കഥ ഞാന്‍ കേട്ടിട്ടുണ്ട്. ഞാനും ജയറാമും തമ്മില്‍ സംസാരിക്കുന്നില്ലെന്നായിരുന്നു ശ്രീനിയേട്ടന്‍ കണ്ടെത്തിയത്. അത് പിന്നെ ഞങ്ങള്‍ ബോധപൂര്‍വം സംസാരിക്കാതിരുന്നതാണ്. എന്തെങ്കിലും സംസാരിച്ചാല്‍ പിന്നെ അന്നത്തെ ബുക്കുകളിലൊക്കെ വേണ്ടാത്ത ഓരോന്ന് എഴുതി വരില്ലേ. എനിക്കും ജയറാമിനും ആശയ വിനിമയത്തിന് വേറെ എന്തൊക്കെ മാധ്യമങ്ങളുണ്ട്.

ഇടയ്ക്ക് ആംഗ്യം കാണിക്കും. പിന്നെ പറയാനുള്ളത് കാസറ്റില്‍ റെക്കോര്‍ഡ് ചെയ്യും. ആരും കാണാതെ അത് കൈമാറും. ഞാന്‍ ആ കാസറ്റ് വാക്ക്മാനില്‍ ഇട്ട് കേട്ട് കൊണ്ടേ ഇരിക്കും. സിനിമാ ലൊക്കേഷനില്‍ ഏത് നേരവും വാക്ക്മാന്‍ കേട്ട് കൊണ്ടേയിരിക്കുന്നത് കാണുമ്പോള്‍ എല്ലാവരും കരുതി ഞാന്‍ പാട്ട് കേള്‍ക്കുകയാണെന്ന്. പക്ഷേ ഒടുവില്‍ അമ്മയ്ക്കാണ് സംശയം തോന്നിയത്. അമ്മ കണ്ടുപിടിക്കുകയും ചെയ്തു. ആ കാസറ്റ് അമ്മ കേട്ട് നോക്കി. അതില്‍ പകുതിയും ജയറാം അമ്മയെ കുറ്റം പറയുന്ന ഭാഗങ്ങളായിരുന്നു.

ഒരു സിനിമയിലും എന്റെ സ്വഭാവം ഇല്ലായിരുന്നു. അന്നെനിക്ക് അഭിനയത്തോടൊരു ആത്മാര്‍പ്പണം കുറവായിരുന്നു. സിനിമ ഒരിക്കലും പാഷന്‍ ആയിരുന്നില്ല. അച്ഛനും അമ്മയും അഭിനയിക്കാന്‍ പറയുന്നു. ഞാന്‍ അഭിനയിക്കുന്നു. അത്രയേയുള്ളു. പിന്നെ കുറേ നല്ല ഓഫറുകള്‍ വന്നു. നല്ല സംവിധായകരുടെയും നല്ല നടന്മാരുടെയുമൊക്കെ കൂടെ അവസരം വന്നു. ആ ഒരു ഒഴുക്കിലങ്ങ് മുന്നോട്ട് പോവുകയായിരുന്നു. അല്ലാതെ ഞാനായിട്ട് പ്ലാന്‍ ചെയ്ത് ഇന്ന ക്യാരക്ടര്‍ ചെയ്യണമെന്നോ ഇങ്ങനെ മുന്നോട്ട് പോകണമെന്നോ എന്നൊന്നും ധാരണയുണ്ടായിട്ടില്ല.

ആറ് വര്‍ഷമേ പാര്‍വതി ജീവിച്ചിട്ടുള്ളു. അതിന് മുന്‍പ് അശ്വതിയായിരുന്നു. അത് കഴിഞ്ഞും അശ്വതിയാണ്. ഈ ആറ് വര്‍ഷം എന്റെ ഓര്‍മയിലേ ഇല്ല. അതൊരു പുക മറയില്‍ ഇരിക്കുകയാണ്. പക്ഷേ ഈ ആറ് വര്‍ഷം കൊണ്ട് ഞാന്‍ നേടിയത് എന്നെ ഇഷ്ടമുള്ള കുറേ പേരുടെ സ്‌നേഹമാണ്. അതൊരിക്കലും ഒന്നിനും പകരമാവില്ല. അങ്ങനെ നോക്കുമ്പോള്‍ ജീവിതം ഒരുപാട് അനുഗ്രഹിക്കപ്പെട്ടത് പോലെ തോന്നുന്നുവെന്നും പാര്‍വതി പറയുന്നു.

നാല്‍പതിന് ശേഷമുള്ള ജീവിതം ഞാന്‍ നന്നായി എന്‍ജോയി ചെയ്യുന്നുണ്ടെന്ന് എനിക്കിവടെ ഒരുപാട് കൂട്ടുകാരുണ്ട്. ഞങ്ങളെല്ലാവരും കൂടെ വര്‍ഷത്തിലൊരു യാത്ര പോവും. അതൊരു വല്ലാത്ത അനുഭവമാണ്. കോളേജ് ജീവിതം മിസ്സ് ആയൊരാളാണ് ഞാന്‍. പ്രീഡിഗ്രി വരെയേ കോളേജില്‍ പോയിട്ടുള്ളു. ആ ജീവിതം ഇപ്പോള്‍ എനിക്ക് തിരികെ കിട്ടിയ പോലെയാണ്. പ്രായം നമുക്കൊരു പ്രശ്‌നമേയല്ല എന്ന് മനസിലാവുന്നുണ്ട് പാര്‍വതി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button