
മലയാളത്തിന്റെ ഇഷ്ടതാരമാണ് ഇന്ന് നടൻ അജു വർഗീസ്. ഇപ്പോൾ ഒരു സിനിമയുടെ നായകനും ശ്രദ്ധിക്കപ്പെട്ട ഒരു വില്ലൻ കഥാപത്രത്തിനും ശേഷം, തിരക്കഥ രംഗത്തും അജു ചുവടുവച്ചു തുടങ്ങിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും പലപ്പോഴും സജീവമാകാറുള്ള താരം, ഇടയ്ക്കിടെ ട്രോളന്മാരുടെ ആക്ഷേപ പാത്രമാകാറുണ്ട്. അവയിൽ അജുവിന് ഇഷ്ടപ്പെട്ട ഒന്ന് രണ്ടു ട്രോളുകൾ അജുവും തന്റെ പേജിലൂടെ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ, ആരാധകൻ വരച്ച തന്റെ സിക്സ്പാക്കുള്ള ഒരു രൂപം പങ്കുവച്ചിരിക്കുകയാണ് താരം. പെൻസിൽ കൊണ്ടാണ് അജുവിന്റെ പുനരാവിഷ്ക്കരിച്ച ആകൃതി കലാകാരൻ ഒരുക്കിയിരിക്കുന്നത്. വളരെ കൗതുകം തോന്നുന്ന ഈ ചിത്രം നവമാധ്യമങ്ങളാലും സ്വീകരിക്കപ്പെട്ടുകഴിഞ്ഞു.
“ജീവിതത്തിൽ നടക്കാത്ത ഈ കാര്യം യാഥാർഥ്യം ആക്കി തന്ന കൂട്ടുകാരാ നന്ദി” എന്ന തലക്കെട്ടോടെയാണ് അജു ചിത്രം പങ്കുവെച്ചിരിക്കുന്നത്.
നിലവിൽ, അജു നായകനായി അരങ്ങേറ്റം കുറിച്ച് രഞ്ജിത്ത് ശങ്കർ ചിത്രം കമല മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. നേരത്തെ, ഹെലൻ എന്ന ചിത്രത്തിലെ അജുവിന്റെ വില്ലൻ കഥാപാത്രം നിരൂപക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിത സിനിമയിലെ മറ്റൊരു മേഖലയിലേയ്ക്ക് കൂടി താരം നീങ്ങുകയാണ്. താരം ആദ്യമായി തിരക്കഥ എഴുതിയ ചിത്രമായ സാജൻ ബേക്കറി സിൻസ് 1962 എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. അജു തിരക്കഥയിലും തന്റെ കഴിവ് പ്രകടമാക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
Post Your Comments