തലസ്ഥാനം മുഴുവനും ആഘോഷമായി തുടരുമ്പോഴും ഐ എഫ് എഫ് കെ യുടെ സിനിമ തിരഞ്ഞെടുപ്പിനെതിരെ പ്രതിഷേധവുമായി സിനിമ പ്രവർത്തകർ. രാജ്യാന്തര ചലച്ചിത്ര മേളകളില്‍ സമാന്തര സിനിമകള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്ന ആക്ഷേപമാണ് പ്രതിഷേധക്കാർ ഉയർത്തുന്നത്.
തീയേറ്ററിൽ പ്രദർശിപ്പിച്ചു വിജയിച്ച സിനിമകൾ വീണ്ടും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെയാണ് ഇവര്‍ പ്രതിഷേധവുമായി മുന്നോട്ടു വന്നിരിക്കുന്നത്. പ്രധാന വേദിയായ ടാഗോര്‍ തീയറ്ററിന്റെ മുന്നിലാണ് സിനിമാപ്രവർത്തകർ പ്രകടനം നടത്തിയത്.
സമാന്തര സിനിമാ പ്രവര്‍ത്തകര്‍ ഒത്തുകൂടിയ ഈ വേളയിൽ, സമാന്തര സിനിമകള്‍ക്ക് കൂടുതല്‍ ഇടം ചലച്ചിത്രോത്സവങ്ങളിൽ ലഭിക്കണമെന്ന ആവശ്യമാണ് പ്രധാനമായും ചൂണ്ടികാട്ടിയത്. മേളയും അക്കാദമിയും സ്വീകരിക്കുന്ന ഇത്തരം സമീപനങ്ങള്‍ സമാന്തര സിനിമാ മേഖലയെ ഇല്ലായ്മ ചെയ്യുമെന്നും അവര്‍ കുറ്റപ്പെടുത്തി.
അതേസമയം, നേരത്തെ മേളയില്‍ പ്രദര്‍ശിപ്പിക്കേണ്ട മലയാള സിനിമകള്‍ തെരഞ്ഞെടുക്കാന്‍ ജൂറിക്ക് പൂര്‍ണമായും അധികാരം നല്‍കിയിരുന്നുവെന്നും അവര്‍ തെരഞ്ഞെടുത്ത സിനിമകളാണ് പ്രദര്‍ശിപ്പിച്ചതെന്നും അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീന പോള്‍ മാധ്യമങ്ങളെ അറിയിച്ചു. മേളയിലെത്തുന്ന വിദേശികളായ സിനിമാ പ്രേമികളെക്കൂടി കണക്കിലെടുത്തുകൊണ്ടാണ് ചിത്രങ്ങള്‍ തെരഞ്ഞെടുത്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചിത്രങ്ങൾ കാണുമ്പോള്‍ മലയാള സിനിമകളെപ്പറ്റി അവര്‍ക്ക് കൃത്യമായ ബോധം കിട്ടാൻ തക്കവണ്ണമാണ് സിനിമകള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഒരുപാട് സിനിമകള്‍ക്കിടയില്‍ നിന്ന് എണ്ണപ്പെട്ട ചിത്രങ്ങള്‍ മാത്രം തെരഞ്ഞെടുക്കേണ്ടി വരുമ്പോൾ മറ്റു ചില ചിത്രങ്ങള്‍ ഒഴിവാക്കപ്പെടുന്നത് സ്വാഭാവികമാണ്. അതില്‍ ഖേദിക്കുന്നുവെന്നും ബീന പോള്‍ പറഞ്ഞു.
Post Your Comments