ആസിഫ് അലി നായകനായ ‘കെട്ട്യോളാണ് എന്റെ മാലാഖ’ വലിയ വിജയം സ്വന്തമാക്കുമ്പോള്‍ ചിത്രത്തിലെ നായിക വീണ നന്ദകുമാര്‍ ഇപ്പോഴും വലിയൊരു സ്വപ്നം സഫലമായതിന്റെ അമ്പരപ്പിലാണ്. ടെസ്റ്റ് എഴുതി കിട്ടിയ ബാങ്ക് ജോലി ഉപേക്ഷിച്ച വീണ അവിചാരിതമായി സിനിമയിലേക്ക് എത്തപ്പെടുകയായിരുന്നു.
സിനിമയിലേക്കുള്ള തന്റെ എന്‍ട്രിയെക്കുറിച്ച് താരം പറയുന്നതിങ്ങനെ
‘സിനിമയിലെത്തും മുന്‍പേ ബാങ്കിലായിരുന്നു ജോലി. പഠിച്ചത് ബിഎ ഇംഗ്ലീഷായിരുന്നു.അത് കഴിഞ്ഞു എന്തെങ്കിലും ജോലി വേണമല്ലോ എന്ന് കരുതി പഠിച്ച് പരീക്ഷ എഴുതി ബാങ്കില്‍ കയറി. കുറച്ചു നാള് അവിടെ ജോലി ചെയ്തു. അതിനിടയില്‍ ഇതല്ല എന്റെ ഇടമെന്ന് മനസ്സ് പറഞ്ഞു. ഒരു വര്‍ഷം പോലും അവിടെ തികച്ചില്ല. മനസ്സ് മടുത്തു തുടങ്ങിയപ്പോള്‍ തന്നെ അവിചാരിതമായി സിനിമയിലെത്തി. ആദ്യ സിനിമ കഴിഞ്ഞപ്പോള്‍ സംഗതി കൊള്ളാമല്ലോ എന്ന് തോന്നി. സിനിമയാണ് എന്റെയിടമെന്ന് വിശ്വസിക്കാനാണ് ഇപ്പോഴിഷ്ടം. ഇനി മറ്റേതെങ്കിലും മേഖലയില്‍ ജോലി ചെയ്യാന്‍ കഴിയുമോ എന്നും അറിയില്ല എന്തായാലും സംഭവിക്കുന്നതെല്ലാം നല്ലതിനാണെന്ന് കരുതുന്ന ആളാണ് ഞാന്‍. സിനിമയില്‍ ഒരുപാട് സ്വപനങ്ങളുണ്ട്. ഏതൊരു ആക്ടറിനെയും പോലെ അഭിനയ പ്രാധാന്യമുള്ള വേഷം തന്നെയാണ് ആഗ്രഹം. നാടന്‍ വേഷം ചെയ്തു കഴിഞ്ഞു. ഇനി വ്യത്യസ്തമായ എന്തെങ്കിലും വേഷം ചെയ്യണമെന്നുണ്ട്. ആക്ഷനും ത്രില്ലറുമൊക്കെ വലിയ ഇഷ്ടമാണ്. ആക്ഷന്‍ ചെയ്യാന്‍ ഒരവസരം കിട്ടിയാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ചെയ്യും’. (കേരള കൗമുദി ആഴ്ചപതിപ്പിന് നല്കിയ അഭിമുഖത്തില്‍ നിന്ന്)
Post Your Comments