അന്തരിച്ച സിനിമ താരം മോനിഷയെ അനുസ്മരിച്ച് നടി മായാ മേനോന്. മോനിഷ വിടവാങ്ങി 27 വര്‍ഷങ്ങള്‍ തികഞ്ഞ അവസരത്തിലാണ് മായാ മേനോന്റെ കുറിപ്പ്. 1992 ഡിസംബര്‍ 2നാണ് വാഹനാപകടത്തിന്റെ രൂപത്തില്‍ മോനിഷയെ മരണം കവര്‍ന്നെടുക്കുന്നത്. ആലപ്പുഴയിലെ ചേര്‍ത്തലയില്‍ വച്ചായിരുന്നു അപകടം സംഭവിച്ചത്.
ഹരിഹരന് സംവിധാനം ചെയ്ത നഖക്ഷതമായിരുന്നു മോനിഷയുടെ ആദ്യ മലയാള ചിത്രം. നഖക്ഷതങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. പിന്നീട് നിരവധി ചിത്രങ്ങളില്‍ വേഷമിട്ട താരം മലയാളത്തിലെ മുന്‍നിര നായികയായി ഉയര്‍ന്നു. ജി.എസ് വിജയന് സംവിധാനം ചെയ്ത ചെപ്പടി വിദ്യ, മണിവണ്ണന്റെ മൂണ്‍ട്രാവതു കണ് തുടങ്ങിയ ചിത്രങ്ങളിലാണ് മോനിഷ അവസാനമായി വേഷമിട്ടത്
മോനിഷയെ അനുസ്മരിച്ച് മായാ മേനോന് എഴുതിയ വാക്കുകള്‍
1992-ലെ ഡിസംബര്‍ 5. ആ തണുത്ത പ്രഭാതം കൊണ്ട് വന്ന രക്തം തണുപ്പിക്കുന്ന, ഭീകരമായ വാഹനാപകടവാര്‍ത്ത എന്റെ ഹൃദയത്തെ എത്ര കഷ്ണങ്ങളാക്കി എന്ന്, ഇന്നും, പറയാനാവുന്നില്ല; ഞെട്ടിത്തരിച്ചിരുന്നു പോയി… ഒട്ടും വിശ്വസിക്കാനാവാതെ….;
നൃത്തത്തെ ഹൃദയത്തില്‍ ഈശ്വരതുല്യം ആരാധിച്ച, കുട്ടിത്തം വിടും മുന്‍പ് വെറും പതിനാറാമത്തെ വയസ്സില്‍ ‘മികച്ച നടിയ്ക്കുള്ള ഉര്‍വ്വശി അവാര്‍ഡ്’ മലയാളത്തിലേയ്ക്ക് കൊണ്ട് വന്നു റെക്കോര്‍ഡ് സൃഷ്ടിച്ച, മനോഹരമായ ഒരുപാട് മുടിയുള്ള, മലയാളിത്തം നിറഞ്ഞ മുഖശ്രീയുള്ള ആ പെണ്‍കുട്ടി ഇനിയീ ലോകത്തില്ല എന്ന അറിവ്, അവരെക്കാള്‍ ഒത്തിരി ഇളയതായിരുന്നിട്ടും, അവരിലെ നര്‍ത്തകിയെയും, ശാലീനഭാവം നിറഞ്ഞ നടിയെയും, അവരിലെ നിഷ്കളങ്കതയെയും, സ്നേഹപൂര്‍വ്വം സാകൂതം വീക്ഷിച്ചിരുന്ന, വായിച്ചും, കണ്ടും ആരാധിച്ചിരുന്ന, അവരില്‍ നിന്ന് കൂടി ഊര്‍ജ്ജം ഉള്‍ക്കൊണ്ട്, മികച്ച നര്‍ത്തകിയാവാന്‍ തയ്യാറെടുത്തിരുന്ന അക്കാലത്ത് ഒരു അശനിപാതം പോലെയാണ് ഈ ദുര്‍വാര്‍ത്ത എന്റെ ചെവിയില്‍ വന്ന് പതിച്ചത്.
വീടിനടുത്തുള്ള സാംസ്കാരീക സംഘടനയിലെ ചേട്ടന്മാര് ചേര്‍ത്തലയില്‍ പോയി വന്ന് പറഞ്ഞ കാര്യങ്ങള്‍ കേട്ട് അന്നെത്രയാണ് ഞാന്‍ ആഹാരം പോലും കഴിക്കാതെയിരുന്നു കരഞ്ഞതെന്നും, തുടര്‍ന്ന്, പിറ്റേന്ന് പത്രങ്ങളില്‍ വന്ന അവരുടെ ചിത്രങ്ങള്‍, ആയടുത്ത് കണ്ട ‘കമലദളം’ എന്ന ക്ലാസിക് സിനിമയിലെ ലാലേട്ടനോടൊപ്പമുള്ള അവരുടെ രംഗസാന്നിധ്യമൊക്കെ ഓര്മ വന്നു ഒരുപാട് ദിവസം കരഞ്ഞത് ഒക്കെ ഇപ്പോള്‍ ഓര്‍ക്കുന്നു…..
അവരുടെ,ആ ശുദ്ധകലാകാരിയുടെ, അകാലത്തില്‍ കൊഴിഞ്ഞു പോയ ആ വിശുദ്ധ താരകത്തിന്റെ വേര്‍പാട്, എന്റെ ആര്‍ദ്രമായ മനസ്സിനെ എത്രയോ കാലം വേദനിപ്പിച്ചു എന്ന് പറഞ്ഞാല്‍ തീരില്ല തന്നെ…. ഇന്നും ഓര്‍ക്കുമ്പോഴെല്ലാം, അതേ അളവില്‍ ആ വേദന ഹൃദയത്തില്‍ ഉണ്ട് താനും…
മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി വന്ന, ആ ദിവ്യശാലീന സൗന്ദര്യം…. ; സ്വര്‍ഗ്ഗത്തില്‍ നിന്ന് വഴി തെറ്റി വന്ന ആ ദേവദൂതിക, ഭൂമിയില്‍ താനുള്ള കുറച്ചു കാലം കൊണ്ട്, സ്വന്തം നിഷ്കളങ്കതയുടെ മുഖമുദ്ര ചാര്‍ത്തി ജീവന് കൊടുത്ത ജീവസ്സുറ്റ, മലയാളിത്വത്തിന്റെ നൈര്‍മല്യമുള്ള ഒരു പിടി കഥാപാത്രങ്ങള്‍…
അവസാനം, ഏതൊരു മഹത്തായ അഭിനേത്രിയെയും പോലെ,അത്യപൂര്‍വ്വമായി, താന്‍ അവസാനം അഭിനയിച്ചു കൊണ്ടിരുന്ന സിനിമയില്‍, സ്വന്തം ഡയലോഗിലൂടെ അവസാന യാത്രാമൊഴിയും ചൊല്ലിയാണ് മലയാളത്തിന്റെ സ്വന്തം മോനിഷ ഉണ്ണി എന്ന ശാലീന സുന്ദര നഷ്ടതാരകം എന്നെന്നേക്കുമായി വിട ചൊല്ലിയത് എന്നതും, ഒരു നൃത്ത പരിപാടിയ്ക്ക് സമയത്തിന് എത്തുവാന്‍ വേണ്ടി പോകുമ്പോഴായിരുന്നു ഈ അപകടം എന്നതും ഏറെ അത്ഭുതം ഉളവാക്കിയ കാര്യമാണ്…..
ഒരു നടി എന്നതിലുപരി, ഞങ്ങള്‍ നര്‍ത്തകരുടെ സ്വന്തം മോനിഷചേച്ചി ,
ആ നിര്‍മ്മല സ്മരണയ്ക്ക് മുന്പില്, കണ്ണീരില്‍ കുതിര്‍ന്ന ഒരു പിടി പനിനീര്‍പ്പൂക്കള്‍ ഇന്നും, എന്നും സാദരം അര്‍പ്പിച്ചു കൊണ്ട്.
Post Your Comments