പ്രശസ്ത തമിഴ് സംവിധായകൻ മണിരത്‌നത്തിന്റെ സ്വപ്ന പദ്ധതി പൊന്നിയിൻ സെൽവനിൽ നിന്നും പ്രമുഖ നടൻ പിന്മാറി. സംവിധായകൻ കൂടിയായ നടൻ പാർഥിബനാണ് പിന്മാറിയത്. കൽക്കി കൃഷ്ണമൂർത്തിയുടെ ‘പൊന്നിയിൻ സെൽവൻ’ എന്ന നോവലിനെ ആധാരമാക്കി അണിയറയിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ പലഭാഷകളിൽ നിന്നുവരുന്ന പ്രശസ്ത അഭിനേതാക്കൾ അണിനിരക്കുന്നുണ്ട്. മലയാളത്തിൽ നിന്നും നടൻ ലാൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നതായി കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. നിലവിൽ, കഥാപാത്ര ഒരുക്കത്തിനായി കുതിര ഓട്ടം പഠിക്കുകയാണ് ലാൽ. ശക്തനായ ഒരു യോദ്ധാവായിട്ടാണ് ലാൽ ചിത്രത്തിലെത്തുന്നത്.
തന്റെ പുതിയ സിനിമയുടെ സംവിധാന തിരക്കുമൂലമാണ് പാർത്ഥിപൻ ചിത്രത്തിൽ നിന്നും പിന്മാറിയത്. അടുത്ത കാലത്ത് പാർത്ഥിപൻ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ‘ഒത്ത സെറുപ്പ്’ എന്ന ചിത്രം പല അന്താരാഷ്‌ട്ര ചലച്ചിത്രോത്സവങ്ങളിലും നിരൂപക പ്രശംസ നേടിയിരുന്നു.
വിക്രം, തൃഷ, ജയം രവി, കാർത്തി, ഐശ്വര്യ റായ് തുടങ്ങി വൻ താരനിരയാണ് പൊന്നിയിൻ സെൽവനിലുള്ളത്. എ ആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്.
Post Your Comments