24ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കമാവും. ഡിസംബര്‍ ആറുമുതല്‍ പതിമൂന്നു വരെ തിരുവനന്തപുരത്തെ പത്തോളം വേദികളില്‍ വച്ച് നടക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ സിനിമാമേള കേരള ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്.
മേളയുടെ ഉദ്ഘാടനം വൈകീട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ ചടങ്ങില്‍ അധ്യക്ഷനാകും. സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പഴയകാലനടി ശാരദയെയും ആദരിക്കും. തുടര്‍ന്ന് നിശാഗന്ധിയില്‍ ടര്‍ക്കിഷ്, ജര്‍മന്‍, ഫ്രഞ്ച് എന്നീ ഭാഷകളിലായി സെര്‍ഹത് കരാസ്‌ലാന്‍ സംവിധാനം ചെയ്ത പാസ്ഡ് ബൈ സെന്‍സര്‍ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കും.
ഭിന്നശേഷിക്കാര്‍ക്കും സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക സുരക്ഷാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാസ് വിതരണത്തിനായി വിപുലമായ സൗകര്യങ്ങളാണ് ടാഗോറില്‍ ഒരുക്കിയിരിക്കുന്നത്. രാവിലെ പത്ത് മുതല്‍ രാത്രി ഏഴ് വരെ പാസ് വിതരണം ഉണ്ടാകും. ഇത്തവണ 10,500 പാസുകളാണ് വിതരണം ചെയ്യുന്നത്. 1500 രൂപയാണ് ജനറല്‍ പാസ് തുക.
പ്രധാന വേദികളായ ടാഗോറും നിശാഗന്ധിയുമടക്കം പതിനാലു വേദികളിലായി 73 രാജ്യങ്ങളില്‍നിന്നുള്ള 186 ചിത്രങ്ങളാണ് ഇക്കുറി മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഒപ്പം 27 വനിതാ സംവിധായകരുടെ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും.
Post Your Comments