മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയരെക്കുറിച്ച് ജിനേഷ് മംഗലത്ത് എന്ന ആരാധകന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. മഞ്ജുവിന്റെ രണ്ടാം വരവല്ല അത്ഭുതപ്പെടുത്തുന്നതെന്നും അവര്‍ ജീവിതത്തിലെ ഓരോ നിമിഷങ്ങളെയും വളരെ ആഴത്തില്‍ മനോഹരമായി നേരിടുന്നത് കാണുന്നതാണ് തന്നെ ഏറെ ചിന്തിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നതെന്ന് ജിനേഷ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം……………………
അയാള്‍ കഥയെഴുതുകയാണ് എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ സാഗര്‍ കോട്ടപ്പുറം എന്ന കഥാപാത്രം ഉന്മാദത്തിന്റെ അങ്ങേ അറ്റത്തെ മോഡുലേഷനില്‍ പറയുന്ന ഒരു ഡയലോഗുണ്ട് ‘നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്നതെന്തും നമ്മള് ആഘോഷിക്കണം..നമ്മുടെ വിജയങ്ങള്‍ ആഘോഷിക്കുക, നമ്മുടെ പരാജയങ്ങള്‍ ആഘോഷിക്കുക..എന്തും ഏതും ആഘോഷിക്കുക’… ജീവിതത്തില്‍ ഏറ്റവും കൊതി തോന്നിയിട്ടുള്ള ഒരവസ്ഥയാണത്.
രാവിലത്തെ പിരീഡില്‍, 50ല്‍ 48 മാര്‍ക്ക് സ്കോര്‍ ചെയ്ത ഇംഗ്ലിഷിന്റെ ഉത്തരപേപ്പര്‍ കിട്ടുമ്പോഴും ഉള്ളില്‍ പേടിയാണ്; ഉച്ചക്കുളള കണക്കില്‍ എത്രയായിരിക്കും മാര്ക്കെന്നോര്ത്ത്. ക്രിസ്മസ് പരീക്ഷക്ക് നല്ല മാര്‍ക്ക് കിട്ടുമ്പോഴും ആഘോഷിക്കാന്‍ പേടിയാണ്; കൊല്ലപ്പരീക്ഷക്കെന്താകുമെന്നോര്ത്ത്. പത്തു കഴിഞ്ഞപ്പോള്‍ പന്ത്രണ്ടായി. അതു കഴിഞ്ഞപ്പോള്‍ ഡിഗ്രിയായി.അടുത്ത ‘വലിയ നിമിഷം’ ആഘോഷിക്കാനായി ഇന്നിന്റെ മാത്രകളോരോന്നും മാറ്റിവെച്ചു.
പ്രണയിച്ചു നടന്ന ദിനങ്ങള്‍ ആഘോഷിക്കാതെ വിവാഹദിനത്തിലേക്ക് അത് മാറ്റിവച്ചു. ഒരു നല്ല ഷര്‍ട്ട് കാണുമ്പോള്‍ അടുത്ത ശമ്പളദിനത്തിലേക്കും, ഒരു യാത്രാമാഗസിനിലെ ഫോട്ടോ കാണുമ്പോള്‍ അവിടേക്കുള്ള യാത്ര നാലു വര്‍ഷം കൂടുമ്പോഴുള്ള എല്‍.എഫ്.സി.യിലേക്കും മാറ്റിവെച്ചു. വിന്‍ഡ് ചെയിംസ് കാണുമ്പോഴും,വാള്പെയിന്റിങ് കാണുമ്പോഴും അത് വാങ്ങിക്കാനുള്ള അവളുടെ ആഗ്രഹത്തെ,സ്വന്തമായി വാങ്ങുന്ന ഫ്ലാറ്റിലേക്കാകാമെന്ന ‘കരുതലി’ലേക്ക് ഞാന്‍ മാറ്റി വെച്ചു. ആഘോഷങ്ങള്‍ പതുക്കെ ഇല്ലാതെയേ ആയി.
മഞ്ജുവാരിയര്‍ എനിക്കൊരല്ഭുതമാകുന്നത് ഈയൊരു പശ്ചാത്തലത്തിലാണ്. മൂന്നുവര്‍ഷത്തെ കരിയറിന്റെ ആദ്യ ഇന്നിങ്സോ, തിലകനെ വരെ ഞെട്ടിച്ചു കളഞ്ഞ അവരുടെ പെര്‍ഫോമന്‍സിന്റെ റേഞ്ചോ, അവര്‍ ആ ചുരുങ്ങിയ കാലം കൊണ്ട് നേടിയെടുത്ത ഫാന്‍ ബേസോ, പ്രണയത്തിനായി പകരം കൊടുത്ത ആ കരിയറോ, ഉള്‍വലിഞ്ഞു ജീവിച്ചു തീര്‍ത്ത ആ പതിനാല് വര്‍ഷങ്ങളോ, ആശങ്കയോടെയും പേടിയോടെയും കടന്നു വന്ന രണ്ടാം വരവോ ഒന്നുമല്ല എന്നെ ഏറ്റവും അദ്ഭുതപ്പെടുത്തുന്നത്.
അത് ജീവിതത്തോട് അവര്‍ കാണിക്കുന്ന പ്രണയമാണ്. നോക്കൂ, എന്ത് മനോഹരമായാണ് അവര്‍ ചിരിക്കുന്നത്?! എന്ത് മനോഹരമായാണ് അവര്‍ ജീവിതത്തിലെ ഓരോ നിമിഷങ്ങളിലൂടെയും കടന്നു പോകുന്നത്?! അഭിനയമായിരിക്കും എന്ന് നിങ്ങള്‍ക്ക് പരിഹസിക്കാം. പക്ഷേ കണ്ണില്‍ തെളിയുന്ന ചിരിയുടെ പിന്നിലെ സന്തോഷം അതിനുമപ്പുറമാണ്.
സന്തോഷത്തോടുള്ള പ്രണയം കാരണം ഇത്ര മേല്‍ അവഹേളിക്കപ്പെട്ട സെലിബ്രിറ്റികള്‍ സിനിമാ മേഖലയിലെങ്കിലും കുറവായിരിക്കും. അവരെ കുറിച്ചുള്ള ഓരോ ഓണ്‍ലൈന്‍ ന്യൂസ് ബൈറ്റിന്റെ താഴെയും വന്ന് പണ്ടുകാലത്തെ കഥകള്‍ മുതല്‍ അവര്‍ പ്രഫഷനല്‍ ജീവിതത്തില്‍ ഇട പഴകുന്ന ഓരോ പുരുഷനെയും ചേര്‍ത്തുണ്ടാക്കുന്ന വിസര്‍ജ്യം വരെ ഛര്‍ദ്ദിക്കുന്നവര്‍ എത്രയെത്ര?! ഓരോ റോളും അതിലെ ഓരോ മാത്രയും വ്യക്തിജീവിതത്തിലെ ഓരോ തീരുമാനവും വരെ ഇത്ര മേല്‍ സോഷ്യല്‍ മീഡിയയാല്‍ ഓഡിറ്റ് ചെയ്യപ്പെട്ട മറ്റേത് സ്ത്രീയുണ്ട്?! പക്ഷേ അവയെയൊക്കെയും ആ നാല്പതുകാരി ഒരു പുഞ്ചിരിയോടെ നേരിടുന്നത് കാണുന്നത് ഒരനുഭൂതി തന്നെയാണ്.
വ്യക്തിജീവിതത്തില്‍ അവരെന്താണെന്നെനിക്കറിയില്ല. ശരികളാണോ, തെറ്റുകളാണോ കൂടുതലെന്നുമറിയില്ല. പക്ഷേ ഒന്നറിയാം. ഫെയ്സ്ബുക്കിലോ ഇന്‍സ്റ്റാഗ്രാമിലോ അവര്‍ പങ്കുവെക്കുന്ന ഓരോ ഫോട്ടായിലും, വിഡിയോയിലും തെളിയുന്ന, ജീവിതത്തോടും സന്തോഷത്തോടും അവര്‍ പുലര്‍ത്തുന്ന ഭ്രാന്തമായ പ്രണയം കൊതിയോടെയല്ലാതെ നോക്കിക്കാണാന്‍ പറ്റുന്നില്ല. പ്രിയപ്പെട്ട മഞ്ജുവാരിയര്‍, നിങ്ങളോളം ജീവിതത്തെയും, സന്തോഷങ്ങളെയും ഇത്രമേലാഴത്തില്‍ പ്രണയിക്കാന്‍ പ്രേരിപ്പിച്ച മറ്റൊരാളില്ല..
Post Your Comments