മലയാളത്തിന്റെ വിസ്മയ താരങ്ങളില്‍ ഒരാളാണ് മോഹന്‍ലാല്‍. നീണ്ട 40 വര്‍ഷങ്ങളിലൂടെ വ്യത്യസ്ത കഥാപാത്രങ്ങളെ മനോഹരമായി ആവിഷ്കരിച്ചു കൊണ്ട് താര രാജാവായി വിലസുന്ന മോഹന്‍ലാല്‍ കരിയറിന്റെ തുടക്കത്തില്‍ തന്നെ തന്റെ കഥാപാത്രത്തിനായി എത്ര റിസ്കെ എടുക്കാനും തയാറായിട്ടുള്ള നടനാണെന്നു തുറന്നു പറയുകയാണ് സംവിധായകനായ പി ചന്ദ്രകുമാര്‍. ‘ഉയരും ഞാന്‍ നാടാകെ’ എന്ന ചിത്രത്തിനു വേണ്ടി മോഹന്‍ലാല്‍ അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ചാണ് അദ്ദേഹം തുറന്നു പറഞ്ഞത്.
ചിത്രത്തില്‍ ആദിവാസി യുവാവായാണ് മോഹന്‍ലാല്‍ എത്തിയത്. വയനാട്ടിലെ തണുപ്പില്‍ 28 ദിവസം തോര്‍ത്തുമുണ്ടു മാത്രം ധരിച്ചാണ് മോഹന്‍ലാല്‍ അഭിനയിച്ചത്. രതീഷിനെയാണ് ആദ്യം ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ സിനിമയുടെ കഥകേട്ട് ആകൃഷ്ടനായ മോഹന്‍ലാല്‍ ഈ റോള്‍ കിട്ടാനായി പുറകെ നടന്നുവെന്നും സംവിധായകന് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ആ ചെറു പ്രായത്തിലും ലാല്‍ ആ റോളിനെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് ഇന്ന് ലാല്‍ നമ്മള് കാണുന്ന വലിയ സ്ഥാനത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇപ്പോഴത്തെ പുതുതല മുറയിലെ കുട്ടികള്‍ക്ക് ആ ഡെഡിക്കേഷന് ഉണ്ടെന്നു തോന്നുന്നില്ലെന്നും ചന്ദ്രകുമാര്‍ വ്യക്തമാക്കി.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ഉയരും ഞാന്‍ നാടാകെ എന്ന സിനിമയുടെ നിര്‍മാതാക്കള്‍ എന്റെയടുത്തേക്ക് വരുന്നു. അന്ന് ലാല്‍ സെറ്റിലുണ്ട്. പി എം താജില്‍ നിന്ന് കഥയൊക്കെ കേട്ടപ്പോള്‍ ‘നല്ല റോളാണല്ലോ എനിക്ക് കിട്ട്വോ?’ എന്നായി ലാല്‍. താജ് പറഞ്ഞു നീ ചന്ദ്രട്ടേനോട് പോയി ചോദിക്ക്, എനിക്കറിയില്ല’. ഉടനെ ലാല്‍ എന്റെയടുത്തേക്ക് വന്നു കാര്യം പറഞ്ഞു. അതു രതീഷിനെ ബുക്ക് ചെയ്തു വച്ചിട്ടുള്ളതാണെന്നു ഞാനും പറഞ്ഞു.
കറുത്ത പരുക്കനായ ആദിവാസി ലുക്കുള്ളത് രതീഷിനാണ്. ‘അല്ല ചന്ദ്രേട്ടാ അത് ഞാന്‍ ചെയ്യാം’ എന്നായി ലാല്‍. ‘നീ ശരിയാവില്ല’ എന്നു ഞാന്‍ തീര്‍ത്തു പറഞ്ഞു. മൂന്നുനാലു ദിവസം ഇതു തന്നെ പറഞ്ഞു നടന്നു. ഒടുവില്‍ ഞാന്‍ പറഞ്ഞു വെളുത്ത നീ ഈ റോള്‍ ചെയ്താല്‍ ആളുകള്‍ എന്ന തല്ലും. നീ പോടാ. അതുകേട്ട് ലാല്‍ വല്ലാതെ വിഷമിച്ചു തിരിച്ചു പോയി. പിറ്റേ ദിവസം ഞാന്‍ നോക്കുമ്ബോള്‍ പോലീസ് ഓഫീസറായി വേഷം ചെയ്ത് നില്‍ക്കേണ്ടയാള്‍ കരിയൊക്കെ വാരിത്തേച്ച് തോര്‍ത്തുമുണ്ടു ഉടുത്ത് നില്ക്കുന്നു. കാറില്‍ വരുമ്ബോള്‍ ഞാന്‍ കാണാന്‍ വേണ്ടി മുമ്ബില്‍ തന്നെ നില്‍ക്കുകയാണ്. ഞാന്‍ കാണാത്ത പോലെ മുഖം തിരിച്ച് നടന്നു. പിള്ളേരോടു ചോദിച്ചു എന്താടാ ഇത്? അപ്പോള്‍ അവര്‍ പറഞ്ഞു അത് ചന്ദ്രേട്ടന് കാണാന്‍ വേണ്ടിയാണ്. അടുത്ത സിനിമയിലെ റോളിനു വേണ്ടി.
ഞാനൊന്നും മിണ്ടിയില്ല. എന്റെ മുമ്ബില്‍ കൂടി രണ്ടു പ്രാവശ്യം അങ്ങോട്ടുമിങ്ങോട്ടും നടന്നു. മുടിയൊക്കെ പരത്തിയാണ് നില്‍ക്കുന്നത്. എന്നിട്ട് എന്റെയടുത്ത് വന്ന് ചന്ദ്രേട്ടാ എങ്ങനെയുണ്ടെന്ന് ചോദ്യം. പോലീസ് ഓഫീസറുടെ വേഷമല്ലേ നിനക്ക്? ഇതെന്തു വേഷമെന്നു ഞാന്‍ ചോദിച്ചു. ഇതാരാ ഇടാന്‍ പറഞ്ഞത്? പോയി മാറ്റിയിട്ടു വാ.. സമയമായി ഷൂട്ടിങ് തുടങ്ങണം. എന്നു പറഞ്ഞു. കണ്ണൊക്കെ നിറച്ച് ലാല്‍ പോയി. ഒന്നും മിണ്ടിയില്ല.
പിന്നീട് ഞാന്‍ ആലോചിച്ചു ഇത്രയും ഡെഡിക്കേഷന് അത് രതീഷിനില്ല. റോളിനെക്കുറിച്ച് പറഞ്ഞതിനു ശേഷം എപ്പോഴാ ഷൂട്ട് തുടങ്ങുന്നതെന്ന് ഒന്നു വിളിച്ചു ചോദിക്കുക പോലും ചെയ്തിട്ടില്ല. ലാല്‍ ഒരുപക്ഷേ ഇതു മനോഹരമായി ചെയ്യുമെന്നു തോന്നി. ഒടുവില്‍ ഞാന്‍ ലാലിനോടു പറഞ്ഞു റോള്‍ ഞാന്‍ തരാം. പക്ഷേ ഒരു നിബന്ധനയുണ്ട്. കാലില്‍ ചെരിപ്പിടരുത്. പിന്നെ പാന്റും ഷര്‍ട്ടും ഒന്നു ധരിച്ച് നടക്കരുത്. ഞങ്ങള്‍ തരുന്ന തുണികളേ ഇടാവൂ. പിന്നെ ഇവിടെ ലൊക്കേഷനില്‍ ഞങ്ങള്‍ക്കൊപ്പം ഇരിക്കരുത്. നൂറ് ഒറിജിനല്‍ ആദിവാസികളെ കൊണ്ടു വരുന്നുണ്ട്. അവരുടെ ഇടയില്‍ പോയി ഇരിക്കണം. അവര്‍ക്കൊപ്പമിരുന്ന് അവരുടെ ചേഷ്ടകളും ആഹാരം കഴിക്കുന്ന രീതിയും ഒക്കെ പഠിക്കണം. അതൊക്കെ അക്ഷരം പ്രതി അനുസരിച്ചു.
വയനാട്ടിലെ തണുപ്പില്‍ പത്തിരുപത്തിയെട്ടു ദിവസം ലാല്‍ നന്നെ കഷ്ടപ്പെട്ടു. ഞങ്ങളൊക്കെ സ്വെറ്ററിട്ടു നടന്നപ്പോള്‍ ഒരു തോര്‍ത്തുമുണ്ടും പുതച്ച്, കൊടും തണുപ്പില്‍ അഭിനയിച്ചു. ആ കഷ്ടപ്പാടിനുള്ള ഫലം കാണുകയും ചെയ്തു. അതിമനോഹരമായിരുന്നു ആ റോള്‍. ആ ഡെഡിക്കേഷന് പുതിയ തലമുറയിലെ കുട്ടികള്‍ക്കുണ്ടോ എന്നെനിക്കറിയില്ല. അന്ന് ആ പ്രായത്തിലും ലാല്‍ ആ റോളിനെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുന്നുണ്ടായിരുന്നു. അന്നും പക്വതയുള്ള നടനായിട്ടില്ല, ലാല്‍. അന്നുതൊട്ടേ അങ്ങനെ ചിന്തിച്ചതുകൊണ്ടായിരിക്കാം, ഇന്ന് ലാല്‍ നമ്മള് കാണുന്ന വലിയ സ്ഥാനത്തിരിക്കുന്നത്.”
Post Your Comments