
മലയാള സിനിമാ മേഖലയില്‍ വിവാദത്തില്‍ നില്‍ക്കുന്ന രണ്ടു പേരാണ് നടന്‍ ഷെയിന്‍ നിഗവും സംവിധായകന്‍ ശരത്തും. വെയില്‍ എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടയില്‍ ഉണ്ടായ ചില അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ചിത്രത്തില്‍ നിന്നും ഷെയിന്‍ പിന്മാറിയത് താരത്തെ വിലക്കുന്നത് വരെയുള്ള കാര്യങ്ങളിലേയ്ക്ക് നയിച്ചു. എന്നാല്‍ തന്റെ ആറു വര്‍ഷത്തെ പരിശ്രമത്തിന്റെ ഫലമാണ് വെയില്‍ സിനിമയെന്നും അതിലേയ്ക്ക് ഷെയിന്‍ തിരിച്ചെത്തി ചിത്രം പൂര്‍ത്തിയാക്കണമെന്നും സംവിധായകന്‍ ശരത് പറയുന്നു.
”ഷെയിന്‍ നിഗം കിസ്മത്ത് ചെയ്യുന്ന സമയം മുതല്‍ ഞാനും ഷെയിനും പരിചയക്കാരാണ്. അന്നാണ് കഥ പറയുന്നത്. അന്നുമുതല്‍ തുടങ്ങിയ സൗഹൃദം. ഒരു സഹോദരനോടുള്ള സ്‌നേഹം അന്നും ഇന്നും എനിക്ക് ഷെയിനോടുണ്ട്. ആറു വര്‍ഷത്തെ തന്റെ പരിശ്രമത്തിന്റെ ഫലമാണ് വെയില്‍ സിനിമ.” താനും ഷെയിനും തമ്മില്‍ തര്‍ക്കം ഉണ്ടെന്നു കരുതുന്നില്ലെന്നും ഷെയിന് തന്നോട് നീരസം തോന്നാന്‍ കാരണം നിര്‍മ്മാതാവിനൊപ്പം പത്ര സമ്മേളനത്തില്‍ പങ്കെടുത്തതാകാം എന്നും മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശരത് പറയുന്നു.
”അങ്ങനെയൊരു തര്‍ക്കമുണ്ടെന്ന് കരുതുന്നില്ല. സിനിമയുടെ നിര്‍മാതാവ് എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഞാനും പങ്കെടുത്തിരുന്നു. പത്രസമ്മേളനത്തില്‍ ഞാന്‍ പങ്കെടുക്കുന്നുണ്ടെന്ന കാര്യം ഷെയിനെ അറിയിച്ചിരുന്നു. പത്രസമ്മേളനത്തില്‍ സംസാരിച്ചത് മുഴുവന്‍ വെയില്‍ സിനിമയെപ്പറ്റി മാത്രമാണ്. നിര്‍മാതാവിനൊപ്പം ഞാനും പങ്കെടുത്തത് ഒരുപക്ഷേ ഷെയിന് ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല. അതാവാം എന്നോട് നീരസം തോന്നാന്‍ കാരണം. ലൊക്കേഷനില്‍ ഞാന്‍ മോശമായി പെരുമാറി എന്നതൊക്കെ വെറും കഥകളാണ്.” ശരത് വ്യക്തമാക്കി
Post Your Comments