
മലയാള സിനിമരാധകർ വീണ്ടും ഒത്തുച്ചേർന്നെങ്കിലെന്ന് ആഗ്രഹിക്കുന്ന കൂട്ടുകെട്ടാണ് മോഹൻലാൽ- ശ്രീനിവാസന്റെത്. ഇരുവരും ഒത്തുചേർന്നപ്പോഴെല്ലാം ഹിറ്റുകളുടെ തിരമാല തീർത്തെങ്കിലും എപ്പോഴോ ഇവരുടെ സൗഹൃദം ഇരുധ്രുവങ്ങളിലേക്ക് തെന്നിമാറി പോയിരുന്നു. ശ്രീനിവാസന്റെ ചില സിനിമകൾ മോഹൻലാലിനെ പരിഹസിച്ചുകൊണ്ടുള്ളതാണെന്ന തരത്തിൽ പ്രചാരണങ്ങളും ശക്തമായി. ഒടുക്കം മോഹൻലാലും ശ്രീനിവാസനും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന് ഇരുവരുടെയും പ്രിയ സുഹൃത്തു കൂടിയായ പ്രിയദർശനും സമ്മതിക്കുകയുണ്ടായി.
എന്നാൽ ഇപ്പോഴിതാ ആ മഞ്ഞുരുകുന്നു എന്ന തരത്തിൽ ശുഭകരങ്ങളായ വാർത്തകളാണ്
പുറത്തു വരുന്നത്. പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രഖ്യാപനം മോഹൻലാൽ തന്റെ ഫേസ്ബുക്കിലൂടെ നടത്തിയിരിക്കുകയാണ്. തന്റെ സുഹൃത്തും സഹപ്രവർത്തകനുമായ ശ്രീനിവാസന്റെ മകൻ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നാണ് വീഡിയോയിൽ ലാൽ പറയുന്നത്.’പഴയകാലത്തെ ലാലേട്ടൻ ശ്രീനിയേട്ടൻ ചിത്രങ്ങളെ പോലെ പ്രണവ്- വിനീത് കൂട്ടുകെട്ട് ഹിറ്റായി മാറട്ടെ’ എന്നാണ് പോസ്റ്റിന് താഴെയുള്ള ആരാധകരുടെ കമന്റ്.
തന്റെ ഏറെ നാളായുള്ള സ്വപ്നം പൂവണിഞ്ഞു എന്ന് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വിനീതും വ്യക്തമാക്കി. ‘ഹൃദയം’ എന്നാണ് ചിത്രത്തിന്റെ പേര്. സ്വന്തം കൈപ്പടയിൽ എഴുതിയ ചിത്രമാണ് വിനീത് പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുന്നത്. വിനീത് തന്നെയാണ് ചിത്രത്തിന് കഥ ഒരുക്കുന്നത്. മലയാളത്തിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ മെരിലാന്റിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ഹൃദയം നിർമ്മിക്കുന്നത്. നോബിൾ ബാബു തോമസ് സഹ നിർമ്മാതാവാകുന്നു. പ്രണവിനും കല്യാണിക്കുമൊപ്പം ദർശന രാജേന്ദ്രനും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Post Your Comments