യുവ നടന്‍ ഷെയിൻ നിഗം മടങ്ങിവന്ന് വെയില്‍ സിനിമ പൂര്‍ത്തിയാക്കണമെന്ന് സംവിധായകന്‍ ശരത്. ഫെഫ്ക ഇടപെട്ട് ഈ പ്രശ്‌നം പരിഹരിക്കണമെന്നും ശരത് ആവശ്യപ്പെട്ടു. ഷെയിൻ സഹകരിച്ചാല്‍ പതിനഞ്ച് ദിവസം കൊണ്ട് സിനിമ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ശരത് ഫെഫ്കയ്ക്ക് കത്ത് നല്‍കി.
ശരത്തിന്റെ ആദ്യ സംവിധാന സംരഭമാണ് വെയില്‍. ചിത്രം നിന്നുപോയത് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. വെയിലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നിര്‍മാതാക്കളുടെ സംഘടന ഇടപെട്ടതോടെ ഷെയ്നെ വിലക്ക് നേരിടുകയാണ് ഉണ്ടായത്. എന്നാല്‍ വിലക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് താരസംഘടന അമ്മ. സിനിമയുടെ ചിത്രീകരണം പാതിവഴിയില്‍ നിന്നു പോയത് തെറ്റിദ്ധാരണ മൂലമാണെന്നും ശരത് പറയുന്നു.
ഷെയ്‌നിന്റെ ഭാഗത്ത് നിന്നും സിനിമ നടക്കണമെന്ന് തന്നെയാണ് പ്രതികരണം,
ഫെഫ്കയും കൂടെ നില്‍ക്കാമെന്ന് പറഞ്ഞിട്ടുണ്ടെന്നും അതിനാല്‍ സിനിമ നടക്കുമെന്ന് തന്നെയാണ് പ്രതീക്ഷ എന്നും ശരത് പറഞ്ഞു. ആറ് വര്‍ഷത്തെ സ്വപ്‌നവും അധ്വാനവുമാണ് ഈ ചിത്രം. നിലവിലെ വിവാദങ്ങളൊന്നും ചിത്രത്തെ ബാധിക്കില്ലെന്നും വ്യക്തിപരമായി യാതൊരു പ്രശ്‌നങ്ങളും ഷെയ്‌നിനോട് ഇല്ലെന്നും ശരത് വ്യക്തമാക്കി.
ഷെയ്‌നിന് കഥ കേട്ട് ഇഷ്ടമായി സമ്മതം പറഞ്ഞ സിനിമയാണ് വെയില്‍. ലൊക്കേഷന്‍ നോക്കാന്‍ ഞങ്ങള്‍ ഒരുമിച്ച് ഇരിങ്ങാലക്കുടയില്‍ പോയിട്ടുണ്ട്. ഒരു നടനും അതൊന്നും ചെയ്യില്ല. സിനിമ നല്ലതാണെങ്കില്‍ പ്രേക്ഷകര്‍ അത് സ്വീകരിക്കും. ഈ വിവാദങ്ങള്‍ ഒക്കെ ഇല്ലാതാകുകയും ചെയ്യും. വ്യക്തികളെല്ലാം ജീവിതത്തിലല്ലേ, സിനിമയില്‍ കഥയും കഥാപാത്രങ്ങളുമാണ്. നമ്മള്‍ സ്‌നേഹിക്കുന്നതും അവരെയാണ്,” ശരത് പറഞ്ഞു.
Post Your Comments